സ്വര്‍ണ വില വീണ്ടും കുത്തനെ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്തു സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 520 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന് 33,440 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

ഗ്രാമിന് 65 രൂപ കുറഞ്ഞ് 4,180 രൂപയായി. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയും രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള റിക്കാര്‍ഡ് വില.

രാജ്യാന്തര വിപണിയില്‍ കുത്തനെ വില ഇടിഞ്ഞതാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസം പവന് 760 രൂപ കുറഞ്ഞിരിന്നു.

ഫെബ്രുവരി 27,28 തീയതികളില്‍ കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആയിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 34,160 രൂപയാണ് വില. ഒരു ഗ്രാമിന് 4,270 രൂപയായിരുന്നു വില. ഫെബ്രുവരി ഒന്നിന് 36,800 രൂപയായിരുന്നു വില.

ഫെബ്രുവരി ഒന്നിന് രാവിലെ പവന് 36,800 രൂപയായിരുന്ന സ്വര്‍ണ വില പിന്നീട് ഇടിയുകയായിരുന്നു. കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ച നടപടി ആഭ്യന്തര വിപണിയില്‍ പെട്ടെന്ന് വില കുറയാന്‍ കാരണമായി. അന്ന് തന്നെ പവന് 400 രൂപ കുറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് രാജ്യാന്തര വിപണിയില്‍ വില ഇടിഞ്ഞതും സ്വര്‍ണ വിലയില്‍ പ്രതിഫലിയ്ക്കുന്നുണ്ട്. ഡോളര്‍ കരുത്താര്‍ജിച്ചതും നിക്ഷേപകര്‍ സ്വര്‍ണം വിറ്റ് ലാഭം എടുക്കുന്നതുമാണ് പിന്നീട് വില ഇടിവിലേക്ക് നയിച്ച പ്രധാന ഘടകങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News