കോട്ടയം: പുതിയ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയാണ് ജോസ് കെ മാണി. നേരത്തെ യുഡിഎഫിൽ നിന്ന് പുറത്തായ ജോസ് വിഭാഗം ഇടത് പക്ഷത്തേക്ക് ചേക്കേറുകയാണ്. പാർട്ടിയിൽ തന്റെ പക്ഷത്തുള്ള പ്രധാന നേതാക്കളെയെല്ലാം കൂടെ കൂട്ടിയാണ് ജോസ് കെ മാണിയുടെ വാർത്താ സമ്മേളനം. റോഷി അഗസ്റ്റിൻ, എൻ ജയരാജ് ,തോമസ് ചാഴികാടൻ എന്നിവർ ജോസിനൊപ്പമുണ്ട്.
38 വർഷക്കാലം ഉയർച്ചയിലും താഴ്ച്ചയിലും ഒപ്പം നിന്ന കെ എം മാണിയെ യുഡിഎഫ് അപമാനിച്ചുവെന്നാണ് ജോസ് കെ മാണി പറയുന്നത്. കോൺഗ്രസിലെ ചില കേന്ദ്രങ്ങളിൽ കടുത്ത അനീതി നേരിട്ടുവെന്നും, പാലാ ഉപതെരഞ്ഞെടുപ്പിൽ ചതിയുണ്ടായെന്നും ജോസ് കെ മാണി പറഞ്ഞു. നിയമസഭയ്ക്ക് അകത്തും അപമാനമുണ്ടായി. പല തവണ ഉന്നയിച്ചിട്ടും ചർച്ച ചെയ്യാൻ പോലും യുഡിഎഫ് തയ്യാറായില്ലെന്ന് ജോസ് കെ മാണി ആരോപിക്കുന്നു.
കെ എം മാണിക്ക് അസുഖമാണെന്ന് അറിഞ്ഞയുടൻ ജോസഫ് ലോക്സഭ സീറ്റ് ചോദിച്ചുവെന്നും മാണിയുടെ വീട് മ്യൂസിയമാക്കണമെന്ന് പോലും പറഞ്ഞുവെന്നും ജോസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരള കോൺഗ്രസിനെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ പിജെ ജോസഫിന് യുഡിഎഫ് നേതാക്കൾ മൗനമായി സഹായം ചെയ്തുവെന്നും ജോസ് ആരോപിക്കുന്നു.
വെറും ഒരു പഞ്ചായത്തിന്റെ പേരിലാണ് കേരള കോൺഗ്രസിനെ പുറത്താക്കിയതെന്നും, തിരിച്ചു മുന്നണിയിലേക്ക് എത്തിക്കാൻ ആത്മാർത്ഥമായ ശ്രമമുണ്ടായില്ലെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.
വ്യക്തമായ അജണ്ടയോട് കൂടിയാണ് കേരളാ കോൺഗ്രസിനെ തകർക്കാൻ ശ്രമിച്ചത്. ഒരു അജണ്ടയുടെ മുന്നിലും പാർട്ടിയെ അടിയറവ് വയ്ക്കില്ല. ആത്മാഭിമാനം നഷ്ടപ്പെടുത്തി മുന്നോട്ട് പോകില്ലെന്നും ജോസ് കെ മാണി.
വർഗീയ ശക്തികളെ തടഞ്ഞ് നിർത്താൻ ഇടത് പക്ഷത്തിന് കഴിഞ്ഞു
വർഗീയ ശക്തികളെ തടഞ്ഞ് നിർത്താൻ ഇടത് പക്ഷത്തിന് കഴിഞ്ഞുവെന്ന് ജോസ് കെ മാണി. കൊവിഡിലും കാർഷിക പ്രശ്നങ്ങളിലും ഇടത് മുന്നണി അനുഭാവപൂർണ്ണമായി നിലപാട് ഇടത് മുന്നണി എടുത്തുവെന്നും ജോസ് പറയുന്നു.