29 C
Kottayam
Saturday, April 27, 2024

ജോളിയുടെ കോയമ്പത്തൂര്‍ യാത്രയുടെ വിശദ വിവരങ്ങള്‍ പോലീസിന് ലഭിച്ചു; പോയത് ജോണ്‍സണെ കാണാന്‍, രണ്ടു ദിവസം തങ്ങി

Must read

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി കോയമ്പത്തൂരിലേക്ക് ഒറ്റയ്ക്ക് നടത്തിയ യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സണെ കാണാനായാണ് ജോളി കോയമ്പത്തൂര്‍ക്ക് പോയതെന്നും അവിടെ രണ്ടു ദിവസം താമസിച്ചെന്നും പോലീസ് പറയുന്നു. ടവര്‍ ഡംപ് പരിശോധനയിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയത്.

ജോണ്‍സണും ജോളിയും ബാംഗളൂരുവില്‍ പോയതായും പോലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ ഓണക്കാലത്ത് ജോളി രണ്ടുദിവസം കോയമ്പത്തൂരില്‍ പോയതായി പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്പത്തൂര്‍ സന്ദര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്.

ഓണക്കാലത്ത് ജോളി വീട്ടിലില്ലായിരുന്നെന്ന് മകന്‍ റോമോ പോലീസിന് മൊഴി നല്‍കിയിരുന്നു. കട്ടപ്പനയിലെ വീട്ടിലേക്ക് പോകുന്നെന്നാണ് പറഞ്ഞതെന്നും മകന്‍ അറിയിച്ചിരുന്നു. എന്നാല്‍, ജോളി കട്ടപ്പനയിലെ വീട്ടില്‍ രണ്ടു ദിവസം മാത്രമേ ഉണ്ടായിരുന്നുള്ളെന്നും അവിടെനിന്ന് കോയമ്പത്തൂരിലേക്കാണ് പോയതെന്നും പോലീസ് കണ്ടെത്തുകയായിരുന്നു. വീട്ടുകാരെ പോലും അറിയിക്കാതെ എന്തിനാണ് ജോളി കോയമ്പത്തൂരിലേക്ക് പോയതെന്നാണ് പിന്നീട് പോലീസ് അന്വേഷണം നടത്തിയത്.

ജോളിയുമായി സൗഹൃദം ഉണ്ടെന്ന് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം പോലീസിന് മൊഴി നല്‍കിയിരുന്നു. ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണ്‍ വിളിച്ചവരില്‍ ഒരാള്‍ ജോണ്‍സണാണ്. ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തിയിട്ടുണ്ടെന്നും ജോണ്‍സണ്‍ മൊഴി നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week