മസ്‌കറ്റ്:നൂറുകണക്കിന് മലയാളികള്‍ ജോലിനോക്കുന്ന തസ്തികകളിലടക്കം സ്വദേശിവത്കണം പ്രഖ്യാപിച്ച് ഒമാന്‍ ഭരണകൂടം.നേരത്തെ പ്രഖ്യാപിച്ച മേഖലകള്‍ക്കൊപ്പം 11 തസ്തികകള്‍കൂടി ഓമാനികള്‍ക്കായി പരിമിതപ്പെടുത്തി.ആശുപത്രികളിലുള്‍പ്പെടെ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇതോടെ ജോലി നഷ്ടമാകും.
സൈക്കോളജിസ്റ്റ്, ഇന്റെര്‍നല്‍ ഹൗസിംഗ് സൂപ്പര്‍വൈസര്‍, സോഷ്യോളജി സ്പെഷ്യലിസ്റ്റ്, സോഷ്യല്‍ സര്‍വീസ് സ്പെഷ്യലിസ്റ്റ്, സോഷ്യല്‍ കെയര്‍ സ്പെഷ്യലിസ്റ്റ്, സൈക്കൊളജിസ്റ്റ്, ജനറല്‍ സോഷ്യല്‍ വര്‍ക്കര്‍, സ്റ്റുഡന്റ് ആക്ടിവിറ്റീസ് സ്പെഷ്യലിസ്റ്റ്, സോഷ്യല്‍ റിസര്‍ച്ച് ടെക്നിഷ്യന്‍, സോഷ്യല്‍ സര്‍വീസ് ടെക്നിഷ്യന്‍, അസിസ്റ്റന്റ് സോഷ്യല്‍ സര്‍വീസ് ടെക്നിഷ്യന്‍, സോഷ്യല്‍ വര്‍ക്കര്‍ എന്നീ മേഖലകളില്‍ ഇനി സ്വദേശികള്‍ക്ക് മാത്രമായിരിക്കും നിയമനം.
ഫിഷറീസ്, ഖനന മേഖലകളില്‍ സ്വദേശിവത്കരണ തോത് നിശ്ചയിച്ച് കഴിഞ്ഞ ദിവസം മാനവവിഭവ ശേഷി മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. 2024 ആകുമ്പോഴേക്ക് രണ്ട് മേഖലകളിലും 35 ശതമാനം സ്വദേശി തൊഴിലാളികള്‍ മാത്രമാകുമെന്ന് മാനവ വിഭവശേഷി മന്ത്രി ഷെയ്ഖ് അബ്ദുല്ല അല്‍ ബക്രി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍ ഡെലിവറി സേവനങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി ഡോ. അഹമദ് അല്‍ ഫുതൈസി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് സ്വദേശിവത്കരണം കൊണ്ടുവരുന്നത്.
കൊവിഡ് കാലത്ത് ഒമാനിലെ സര്‍ക്കാര്‍ ആശുപത്രികളിലടക്കം ജോലിചെയ്യുന്ന നഴ്‌സുമാരുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരത്തെ ഒമാനി ഭരണകൂടം പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിരുന്നു.ഭരണകൂടത്തിന്റെ പ്രതിനിധികൂടി ഉള്‍പ്പെട്ട ഇന്റര്‍വ്യൂ ബോര്‍ഡ് പലര്‍ക്കും വര്‍ഷങ്ങളോളം ജോലി നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ വാക്കുകള്‍ ജലരേഖയാക്കിയാണ് സ്വദേശിവത്കരണത്തിലൂടെ പലര്‍ക്കും ജോലിനഷ്ടമായത്.
വിദേശത്ത് സുരക്ഷിത ജോലി വിശ്വസിച്ച് ലക്ഷങ്ങളുടെ ബാങ്കവായ്പയെടുത്ത് സ്ഥലവും വീടുമൊക്കെ വാങ്ങിയ പ്രവാസികളുണ്ട്. തിരിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ബാങ്ക് വായ്പ പോലും തിരിച്ചടയ്ക്കാനാവാത്ത അവസ്ഥയിലാണ് പ്രവാസികള്‍.മറ്റൊരു രാജ്യത്തെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനാവില്ലെങ്കിലും കൊവിഡ് കാലത്ത് മനുഷ്യത്വപരമായ നിലപാടുകള്‍ സ്വീകരിയ്ക്കാന്‍ ഭണകൂടത്തിനുമുന്നില്‍ അഭ്യര്‍ത്ഥന നടത്തണമെന്നാണ് പ്രവാസികള്‍ ആവശ്യപ്പെടുന്നത്.