ജിയോ ഓഫർ നീട്ടി, വിശദാംശങ്ങൾ ഇങ്ങനെ
മുംബൈ:ജിയോഫോണ്‍ ദീപാവലി 2019 ഓഫര്‍ എന്ന പ്രത്യേക ഒറ്റത്തവണ ഓഫര്‍ ഒരു മാസം കൂടി നീട്ടുന്നതായി റിലയന്‍സ് ജിയോ പ്രഖ്യാപിച്ചു. നവംബര്‍ മുഴുവന്‍ ഓഫര്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.. നേരത്തെ 1500 രൂപയ്ക്കു നല്‍കിവന്നിരുന്ന ഫോണ്‍ 699 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍ക്കുന്നത്. പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യേണ്ട ആവശ്യമില്ല. 2ജി ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ വിലയില്‍ ജിയോ ഫോണ്‍ ലഭ്യമാക്കുന്നതുവഴി ഇന്ത്യയിലെ എല്ലാ പൗരന്‍മാര്‍ക്കും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുകയാണ് ജിയോ ലക്ഷ്യമിടുന്നത്.
ഉത്സവകാല സൗജന്യമായി ആദ്യത്തെ 7 റീച്ചാര്‍ജിന് 99 രൂപയുടെ അധിക ഡേറ്റ കൂടി ലഭ്യമാകും. ജിയോഫോണ്‍ ദീപാവലി ഓഫര്‍ നേടാന്‍ കഴിയാത്ത ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഉത്സവ ഓഫറിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ മറ്റൊരു മാസം കൂടി ലഭിക്കുകയാണെന്ന് ജിയോ അറിയിച്ചു. 2 ജി ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കളെ ജിയോഫോണ്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റുന്നതിനും ഏറ്റവും വലിയ 4ജി ഡിവൈസ് പ്ലാറ്റ്‌ഫോമായി തുടരാനും ലക്ഷ്യമിട്ടാണ് ഓഫര്‍ വില്‍പന.