പരശുരാമന്റെ മഴു നിര്‍മിക്കാനൊരുങ്ങി ജേക്കബ് തോമസ്; പദ്ധതിയിടുന്നത് 100 വ്യത്യസ്തയിനം മഴു നിര്‍മിക്കാന്‍
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിനെ പ്രശസ്തിയിലെത്തിക്കാന്‍ പുതിയ നീക്കങ്ങളുമായി പുതിയ അമരക്കാരന്‍ ജേക്കബ് തോമസ്. തന്റെ പുതിയ തട്ടകത്തില്‍ ആറന്മുള കണ്ണാടി പോലെയും ചുണ്ടന്‍ വള്ളത്തിന്റെ മാതൃക പോലെയും പരശുരാമന്റെ മഴു പുറത്തിറക്കാനൊരുങ്ങാനാണ് ജേക്കബ് തോമസിന്റെ നീക്കം. 100 വ്യത്യസ്ത തരം മഴു ഇവിടെ നിന്ന് പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. ഒരുമാസത്തിനകം ഓണ്‍ലൈന്‍ വിപണികളിലുള്‍പ്പടെ ഇവ ലഭ്യമാക്കാനുള്ള നടപടിയും ആരംഭിക്കും.
പരശുരാമന്‍ കന്യാകുമാരിയില്‍ നിന്ന് ഗോകര്‍ണത്തേക്കെറിഞ്ഞ് കേരളം സൃഷ്ടിച്ച അതേ മഴു മെറ്റല്‍ ഇന്‍ഡസ്ട്രീസില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത് ഏറെ ആലോചിച്ചാണെന്ന് ജേക്കബ് തോമസ് പറയുന്നു. വീണുകിടക്കുന്ന മരം മുറിക്കാന്‍ കോടാലി മതിയെങ്കിലും മരത്തിന് മുകളില്‍ കയറി കൊമ്പ് വെട്ടാന്‍ മഴു തന്നെ വേണമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.