പത്തു രൂപ കൊണ്ട് നഗരം മുഴുവന്‍ ചുറ്റി കറങ്ങാം; ‘ഒറ്റനാണയം’ സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി
പാലക്കാട്: പാലക്കാട് നഗരം മുഴുവന്‍ ചുറ്റി കറങ്ങാന്‍ ഇനി വെറും പത്തു രൂപ മതി. കെ.എസ്.ആര്‍.ടി.സിയുടെ ഒറ്റനാണയം സിറ്റി സര്‍വീസാണ് യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കുമായി പുതിയ ഓഫറുമായി രംഗത്ത് വരുന്നത്. 10 രൂപ ചെലവില്‍ നഗരത്തില്‍ എവിടെയും യാത്ര ചെയ്യാനാകുന്ന കെഎസ്ആര്‍ടിസ് പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് നടപ്പാക്കുന്നത്. നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിങ് മാള്‍, സിനിമാ തീയ്യേറ്റര്‍ തുടങ്ങി പ്രധാന ഇടങ്ങളെ ബന്ധിപ്പിച്ചാകും സര്‍വീസ്. 10 രൂപ കൊണ്ട് കുറഞ്ഞത് 15 കിലോമീറ്റര്‍ സഞ്ചരിക്കാനാകുമെന്നാണ് വിവരം.
ഹൈറേഞ്ച് സര്‍വീസ് നടത്തുന്ന ചെറിയ ബസുകളാണ് ഇതിനായി ഉപയോഗപ്പെടുത്തുക. ഇത്തരത്തില്‍ 3 ബസുകള്‍ ഡിപ്പോയിലുണ്ട്. ബസിനു പ്രത്യേക നിറം നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കു കണ്‍സഷന്‍ നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി ഉബൈദ് അറിയിച്ചു. ജില്ലാ ആശുപത്രിയേയും പാലക്കാട് മെഡിക്കല്‍ കോളേജിനേയും ബന്ധിപ്പിക്കുന്ന ബസ് സര്‍വീസ് ആരംഭിക്കാനും നീക്കമുണ്ട്. ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നു നഗരത്തിലെ പ്രധാന ഇടങ്ങള്‍ വഴി പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ അവസാനിക്കുന്ന രീതിയിലാണ് ആദ്യ സര്‍വീസ് ഒരുക്കിയിട്ടുള്ളത്.
പ്രായമായവര്‍, രോഗികള്‍, നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ തുടങ്ങി അവശത അനുഭവിക്കുന്ന ട്രെയിന്‍ യാത്രക്കാര്‍ക്കും സര്‍വീസ് ഗുണം ചെയ്യും. പദ്ധതി വിജയം കണ്ടാല്‍ ജില്ലയിലെ മറ്റു ഡിപ്പോകളിലേക്കും വ്യാപിപ്പിക്കും തുടര്‍ന്ന് കൂടുതല്‍ സര്‍വീസ് ആരംഭിക്കും. ബസിനു റെയില്‍വേ സ്റ്റേഷനില്‍ പ്രവേശിക്കേണ്ടതുള്ളതിനാല്‍ റെയില്‍വേയുടെ അനുമതിക്കായി കാത്തിരിക്കുകയാണ് അധികൃതര്‍.