KeralaNews

തോല്‍പ്പിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെ,കെ.മുരളീധരനെ ഒതുക്കാന്‍ ശ്രമം നടക്കുന്നു; ആഞ്ഞടിച്ച് പത്മജ

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ ശ്രമമുണ്ടായി എന്ന് ആവര്‍ത്തിച്ച് കെ കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍.വനിതകള്‍ക്ക് രാഷ്ട്രീയത്തിലേക്ക് കടന്ന് വരാന്‍ വലിയ പ്രയാസമാണ് നേരിടേണ്ടി വരുന്നത് എന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

പലകാര്യങ്ങളും തനിക്ക് തുറന്ന് പറയണം എന്നുണ്ടെന്നും എന്നാല്‍ പാര്‍ട്ടിക്ക് ദോഷമാകും എന്നതിനാലാണ് മിണ്ടാതിരിക്കുന്നത് എന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കരുണാകരന്‍ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ 75 ശതമാനം തന്നെ ദ്രോഹിക്കുകയായിരുന്നു എന്നും പത്മജ പറഞ്ഞു. കെ മുരളീധരനെ ഒതുക്കാന്‍ ശ്രമം നടക്കുന്നതായും അവര്‍ വ്യക്തമാക്കി. പത്മജ വേണുഗോപാലിന്റെ വാക്കുകള്‍ ഇങ്ങനെയാണ്…

Padmaja Venugopal

‘ഞാന്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ മാറി നില്‍ക്കുകയായിരുന്നു. ഒന്ന് രണ്ട് മാസമായി വീണ്ടും തിരിച്ചുവന്നിട്ടുണ്ട്. നിലവില്‍ എന്റെ പരിധി തൃശൂര്‍ ജില്ല മാത്രമായി ചുരുങ്ങിയിട്ടുണ്ട്. എന്നെ തോല്‍പ്പിച്ചവര്‍ക്ക് കുറ്റബോധം ഉണ്ടാകണം എന്നില്ല. അച്ഛന്‍ കൈപിടിച്ച് കയറ്റിയ 75 ശതമാനം ആളുകളും എന്നെ ദ്രോഹിക്കാനെ ശ്രമിച്ചിട്ടുള്ളൂ. സഹായിക്കാന്‍ നോക്കിയിട്ടില്ല. 2021 ലെ തോല്‍വി സംഭവിച്ചത് കൃത്യമായ ആസൂത്രണത്തോടെയാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.

കൂടെ നിന്നവരാണ് ചതിച്ചത്. നേതാക്കളുടെ അസാന്നിധ്യം, വോട്ട് മറിക്കല്‍ എല്ലാം നടന്നു. പലരും യോഗത്തിന് പോലും വന്നില്ല. കെ മുരളീധരനെ ഒതുക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എല്ലാ സത്യങ്ങളും തുറന്ന് പറയും എന്നതാണ് അദ്ദേഹത്തിന്റെ തെറ്റ്. അങ്ങനെ ചെയ്യരുത്. അത് അദ്ദേഹം നിയന്ത്രിക്കുക തന്നെ വേണം. അച്ഛനെ ദ്രോഹിച്ചവര്‍ക്കൊക്കെ ഫലം കിട്ടി. അവരില്‍ പലരും തന്നെ എന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്.

എനിക്ക് നല്ല വിഷമമുണ്ടായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേതാക്കളോട് പലരോടും ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. ഞാന്‍ പറയുന്നത് മലര്‍ന്ന് കിടന്ന് തുപ്പുന്നതിന് തുല്യമാകും എന്നതിനാലാണ് ഇതൊന്നും പുറത്ത് പറയാത്തത്. കാരണം ഞാന്‍ അത്രയും പാര്‍ട്ടിയെ സ്‌നേഹിക്കുന്നു. ഇതില്‍ വ്യക്തികള്‍ക്കല്ല ദോഷമുണ്ടാകുക, പാര്‍ട്ടിയെ ആണ് ബാധിക്കുക. ഒരു സാധാരണ സ്ത്രീ രാഷ്ട്രീയത്തിലേക്കിറങ്ങുക എന്ന് പറഞ്ഞാല്‍ വളരെ പ്രയാസമാണ്.

എനിക്കൊക്കെ അച്ഛന്റെ മകള്‍ എന്ന പ്രിവിലേജ് ആണുണ്ടായിരുന്നത്. സാധാരണക്കാര്‍ക്ക് വളരെ ബുദ്ധിമുട്ടായിരിക്കും മുന്നോട്ട് പോകാന്‍. എന്ത് വനിതാ സംവരണം വന്നാലും ഇതിലേക്ക് ആള്‍ക്കാര്‍ വരാന്‍ ധൈര്യപ്പെടേണ്ടേ. സ്വന്തം സഹോദരന്‍മാരെ പോലെ കൂടെയുള്ള ആണുങ്ങള്‍ നോക്കിയാല്‍ മാത്രമെ വനിതകള്‍ കടന്നുവരൂ. ഒരു വനിത ഇലക്ഷന് വരുമ്പോള്‍ ആണുങ്ങള്‍ക്കൊക്കെ ആ അവളെന്നോ നോക്കിക്കോട്ടെ എന്ന കമന്റുകളൊക്കെ കേട്ട ആളാണ് ഞാന്‍.

എനിക്ക് സീറ്റ് തന്നത് കോണ്‍ഗ്രസാണ്. അതില്‍ എനിക്ക് ഏറ്റവും കടപ്പാടുള്ളത് സോണിയ ഗാന്ധിയോടാണ്. മാഡത്തിന് സ്ത്രീകള്‍ കടന്നുവരണം എന്നും എന്നോട് ഒരു വ്യക്തിപരമായ സ്‌നേഹവും ഉണ്ടായിരുന്നു. അച്ഛന്‍ പാര്‍ട്ടി വിട്ട് പോയപ്പോഴും ഞാന്‍ പാര്‍ട്ടി വിട്ടിരുന്നില്ല. ആ ഒരു സ്‌നേഹം അവര്‍ക്കെന്നോടുണ്ട്. അവര്‍ സീറ്റ് തരും. ഇവിടത്തെ ലോക്കല്‍ നേതാക്കള്‍ നമ്മളെ തോല്‍പ്പിക്കും.

എന്നെ മാത്രമല്ല വനിതകളെ തോല്‍പ്പിക്കുന്ന ഒരു പ്രവണത പൊതുവേയുണ്ട്. കോണ്‍ഗ്രസ് രക്ഷപ്പെടണമെങ്കില്‍ പാര്‍ട്ടിയില്‍ ഐക്യം വേണം. അധികാരം മോഹിച്ച വന്നയാളല്ല ഞാന്‍. അധികാരം കണ്ട് മടുത്ത കുടുംബത്തിലുള്ളവരാണ് ഞങ്ങള്‍. അതിന്റെ ഗുണത്തേക്കാളേറെ ദോഷം അനുഭവിച്ചവരാണ് ഞങ്ങള്‍. എന്റെ കല്യാണത്തിന്റെ 12 ദിവസം മുന്‍പാണ് രാജന്‍ കേസിന്റെ വിധി വരുന്നത്. അച്ഛന്‍ ജയിലില്‍ പോകുമോ എന്നറിയില്ല. ആ സമയം ഒരു പെണ്‍കുട്ടിയുടെ മാനസികാവസ്ഥ ഒന്നാലോചിച്ച് നോക്കൂ. ജീവിതത്തില്‍ നല്ലതൊന്നും എനിക്ക് കിട്ടിയിട്ടില്ല.’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker