FeaturedHome-bannerKeralaNews

സ്വപ്നം തീരമണഞ്ഞു, വിഴിഞ്ഞത്ത് ഷെന്‍ഹുവ 15ന് വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം, മുഖ്യമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം:രാജ്യത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകി വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തിയ ആദ്യ ചരക്കുകപ്പല്‍ ഷെന്‍ഹുവ 15ന് വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ലാഗ് ഓഫ് ചെയ്താണ് കപ്പലിന് ഔദ്യോഗിക സ്വീകരണം നല്‍കിയത്. ചടങ്ങില്‍ മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ മത സാമുദായിക നേതാക്കളും പങ്കെടുത്തു. കപ്പല്‍ തീരത്തണയുന്നത് പടക്കം പൊട്ടിച്ചാണ് ആഘോഷിച്ചത്.

തീരത്തോടുചേര്‍ന്ന് 20 മീറ്റര്‍വരെ സ്വാഭാവിക ആഴം ലഭിക്കുന്ന വിഴിഞ്ഞം തുറമുഖം നിലവില്‍വരുന്നതോടെ എംഎസ് സി ഐറിന ഉള്‍പ്പെടെയുള്ള കൂറ്റല്‍ കപ്പലുകള്‍ക്കുവരെ ഇവിടേക്ക് അടുക്കാനാവും. മറ്റു രാജ്യങ്ങളിലുള്ള ട്രാന്‍സ്ഷിപ്മെന്റ് തുറമുഖങ്ങളെ ആശ്രയിക്കാതെതന്നെ രാജ്യത്തെ ചരക്കുനീക്കം സാധിക്കുമെന്നതാണ് വിഴിഞ്ഞം തുറമുഖം കൊണ്ടുവരാന്‍പോകുന്ന വലിയമാറ്റം.

ഷെന്‍ഹുവ കപ്പലില്‍ എത്തിച്ച കൂറ്റന്‍ ക്രെയിനുകള്‍ ഇറക്കുന്ന ജോലികള്‍ നാളെ ആരംഭിക്കും. ഒരു ഷിപ് ടു ഷോര്‍ ക്രെയിനും രണ്ടു യാര്‍ഡ് ക്രെയിനുകളുമാണ് കപ്പലിലുള്ളത്. ഓഗസ്റ്റ് 31 ന് പുറപ്പെട്ട് 42 ദിവസം കൊണ്ടാണ് ചൈനീസ് കപ്പല്‍ വിഴിഞ്ഞം തീരത്തെത്തിയത്. കപ്പല്‍ രണ്ടു ദിവസം മുമ്ബേ എത്തിയതാണെങ്കിലും ഔദ്യോഗിക സ്വീകരണപരിപാടി ഇന്നത്തേക്ക് നിശ്ചയിക്കുകയായിരുന്നു.

ആദ്യത്തെ മദര്‍പോര്‍ട്ട് എന്ന സവിശേഷതകൂടിയുണ്ട് വിഴിഞ്ഞത്തിന്. തുറമുഖത്തിന് 20 മീറ്ററിലധികം സ്വാഭാവിക ആഴമുള്ളതിനാല്‍ ലോകത്തെ ഏത് വമ്ബന്‍ കപ്പലിനും (മദര്‍ഷിപ്പ്) തീരമണയാനും ചരക്ക് കൈകാര്യം ചെയ്യാനുമാകും. ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കത്തിന് വിദേശ തുറമുഖങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാകും. ഇതോടെ ചരക്ക് കൈമാറ്റത്തിനായി നല്‍കിയിരുന്ന കോടിക്കണക്കിന് ഡോളറിന്റെ വിദേശനാണ്യം രാജ്യത്തിന് ലാഭിക്കാം. ഇന്ത്യയിലേക്കുള്ള ചരക്കുനീക്കവും അതിവേഗത്തിലാകും.

സമുദ്രാധിഷ്ഠിത ചരക്കു നീക്കത്തില്‍ രാജ്യത്തിനു സവിശേഷമായ സ്ഥാനം ഉറപ്പു വരുത്താന്‍ പോകുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന്റെ അടിസ്ഥാന സൗകര്യമേഖലയിലും സാമ്ബത്തിക പുരോഗതിയിലും വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. രാജ്യത്തെ ആദ്യ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് പോര്‍ട്ട്, അന്താരാഷ്ട്ര കപ്പല്‍ ചാലിനോട് ഏറ്റവുമടുത്തു നില്‍ക്കുന്ന പോര്‍ട്ട് തുടങ്ങി നിരവധി സവിശേഷതകള്‍ വിഴിഞ്ഞം തുറമുഖത്തിനുണ്ട്.

ലോകത്തിലെ ഏറ്റവും തിരക്കേറിയ ചരക്കുഗതാഗത പാതയോട് ചേര്‍ന്നുള്ള വിഴിഞ്ഞത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂര്‍ത്തിയാവുന്നതോടെ പ്രതിവര്‍ഷം 10 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനാവും. ഓപ്പറേഷണല്‍ ശേഷിയില്‍ സിംഗപ്പൂര്‍ തുറമുഖത്തേക്കാള്‍ വലുതാണ് വിഴിഞ്ഞം തുറമുഖം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker