എനിക്കത് അപമാനമായി; നടിക്കൊപ്പമുള്ളവരുടെ ചെലവും എടുക്കണം; ലാൽ ജോസ് പരാമർശിച്ചത് പ്രിയാമണിയെ?
കൊച്ചി:മലയാള സിനിമയിൽ ഒട്ടനവധി നായികമാരെ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. ലാൽ ജോസ് ചിത്രങ്ങളിലെ നായികയെന്നാൽ സിനിമാ ലോകത്ത് വലിയ സ്വീകാര്യതയാണ് ഒരു കാലത്ത് ലഭിച്ചിരുന്നത്. കാവ്യ മാധവൻ, മീര നന്ദൻ, ആൻ അഗസ്റ്റിൻ, മുക്ത, അർച്ചന കവി തുടങ്ങിയ നിരവധി നടിമാരെ ലാൽ ജോസ് നായികമാരായി കൊണ്ട് വന്നു. ലാൽ ജോസിന്റെ ഭൂരിഭാഗം സിനിമകളിലും നായികമാർക്ക് വലിയ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. 2010 ൽ പുറത്തിറങ്ങിയ ലാൽ ജോസ് ചിത്രമാണ് എൽസമ്മ എന്ന ആൺകുട്ടി.
പുതുമുഖമായ ആൻ അഗസ്റ്റിനാണ് ചിത്രത്തിൽ നായികയായെത്തിയത്. മികച്ച വിജയം നേടിയ സിനിമ ആൻ അഗസ്റ്റിന് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തു. എന്നാൽ ആൻ അഗസ്റ്റിനെ ആയിരുന്നില്ല സിനിമയിലേക്ക് ആദ്യം പരിഗണിച്ചത്. ഒരു പ്രമുഖ നടിയെയാണ് നായികമായി മനസിൽ കണ്ടിരുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ലാൽ ജോസ്.
ആ സമയത്ത് നിരവധി സിനിമകളിൽ അഭിനയിക്കുന്ന, ചാന്തുപൊട്ടിലേക്ക് പരിഗണിച്ച് അവസാന നിമിഷം വേറൊരു സിനിമയിൽ പോയി അഭിനയിച്ച നടിയയൊണ് എൽസമ്മയിലേക്ക് ആദ്യം തീരുമാനിച്ചത്. അവർ തൊട്ട് മുമ്പ് അഭിനയിച്ച സിനിമയിൽ വാങ്ങിയ പൈസ എത്രയാണെന്ന് നമുക്കറിയാം. ആ പൈസയോ അതിനേക്കാൾ ഒന്നോ രണ്ടോ ലക്ഷം രൂപയോ കൂടുതൽ ചോദിക്കും എന്നാണ് കരുതിയത്. പക്ഷെ പ്രതിഫലം ചോദിച്ചപ്പോൾ വലിയൊരു തുകയാണ് ആവശ്യപ്പെട്ടത്. അപ്പോൾ വാങ്ങിക്കുന്ന പ്രതിഫലത്തിന്റെ നാലിരട്ടി ചോദിച്ചു. എനിക്കതൊരു അപമാനമായി തോന്നി.
സാധാരണ ആർട്ടിസ്റ്റുകൾ അസ്വാഭാവികമായി പ്രതിഫലം ഉയർത്തിയാൽ അവർക്കാ സിനിമ ചെയ്യാൻ താൽപര്യം ഇല്ലെന്നാണ് അർത്ഥം. അവർ വേണ്ട വേറൊരാളെ നോക്കാമെന്ന് ഞാൻ പറഞ്ഞു. സാരമില്ല, ലാസ്റ്റ് മിനിട്ടിൽ വേറെ ആരെ കിട്ടാനാണെന്ന് നിർമാതാവ്. ആ നടിയുടെ പ്രതിഫലം മാത്രമല്ല, അവരുടെ കൂടെ വരുന്ന മൂന്നോ നാലോ പേരുണ്ട്.
അവരുടെ താമസവും ശമ്പളവുമൊക്കെ കൂട്ടി നോക്കുമ്പോൾ ആ കാലത്തെ വലിയൊരു തുകയാകും. അതിനാൽ അവരെ എന്തായാലും വേണ്ടെന്ന് ഞാൻ പറഞ്ഞു. പലരെയും നായികയായി നോക്കിയെങ്കിലും തൃപ്തി തോന്നിയില്ല. അങ്ങനെയാണ് ആൻ അഗസ്റ്റിനിലേക്ക് സിനിമയെത്തുന്നതെന്ന് ലാൽ ജോസ് വ്യക്തമാക്കി.
ലാൽ ജോസ് എൽസമ്മയായി ആദ്യം പരിഗണിച്ചത് നടി പ്രിയാമണിയെ ആണെന്ന് സോഷ്യൽ മീഡിയ പറയുന്നു. ചാന്തുപൊട്ടിലേക്ക് ആദ്യം നായികയായി തീരുമാനിച്ചത് പ്രിയാമണിയെ ആണെന്ന് നേരത്തെ ലാൽ ജോസ് തുറന്ന് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലാൽ ജോസ് ഇപ്പോൾ പരാമർശിച്ച നടി പ്രിയാമണിയാണെന്ന വാദമുയരുന്നത്.
മലയാളത്തിൽ ഹിറ്റായ നിരവധി സിനിമകളിൽ പ്രിയാമണി അഭിനയിച്ചിട്ടുണ്ട്. തിരക്കഥ, പുതിയ മുഖം, ഗ്രാന്റ് മാസ്റ്റർ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. കഴിഞ്ഞ കുറേ നാളുകളായി മലയാള സിനിമകളിൽ പ്രിയാമണിയെ കാണാറില്ല.
അതേസമയം അണിയറയിൽ ഒരുങ്ങുന്ന നേര് എന്ന മലയാള ചിത്രത്തിൽ നടി ഇപ്പോൾ അഭിനയിക്കുന്നുണ്ട്. മറുഭാഷകളിൽ നിരവധി അവസരങ്ങൾ പ്രിയാമണിക്ക് ഇന്ന് വരുന്നുണ്ട്. ജവാനാണ് നടിയുടെ ഒടുവിൽ റിലീസ് ചെയ്ത സിനിമ. ഫാമിലി മാൻ എന്ന സീരീസിന് ശേഷമാണ് നടിയെ തേടി ബോളിവുഡിൽ നിന്നും അവസരങ്ങൾ വന്ന് തുടങ്ങിയത്.