‘എന്റെ ജീവിതത്തിൽ തുടരാൻ ആരോടും അപേക്ഷിച്ചിട്ടില്ല, താൽപര്യമില്ലെങ്കിൽ അവരുടെ തീരുമാനത്തെ ബഹുമാനിക്കും’; ലേഖ
കൊച്ചി:ഗായകൻ എം.ജി ശ്രീകുമാറും അദ്ദേഹത്തിന്റെ പ്രിയ പത്നി ലേഖ എം.ജി ശ്രീകുമാറും പ്രേക്ഷകർക്ക് സുപരിചിതരാണ്. സുപരിചിതർ എന്ന പോലെ പ്രിയപ്പെട്ടവരും. ഗായകൻ എന്നതിലുപരി നല്ലൊരു കുടുംബനാഥൻ കൂടിയാണ് എം.ജി. അത് പലപ്പോഴും ഭാര്യ ലേഖ തന്നെ പറഞ്ഞിട്ടുമുണ്ട്.
എന്നെന്നും പ്രിയപെട്ടവരായ രണ്ടാളുകളാണ് ആരാധകർക്ക് എം.ജിയും ഭാര്യയും. എം.ജിയുടെ നിഴലായി എപ്പോഴും ലേഖയും ഉണ്ടാകും. നീണ്ട 23 വർഷത്തെ ദാമ്പത്യമാണ് ഇരുവരുടെയും. തുടക്കകാലത്ത് ലിവ് ഇൻ റിലേഷനിൽ ആയിരുന്നു ഇരുവരും.
ലേഖയുമായുള്ള വിവാഹത്തിന് എം.ജി തുടക്കകാലത്ത് വീട്ടിൽ നിന്നും എതിർപ്പുകൾ നേരിട്ടിരുന്നു. ഇപ്പോഴും ചില ബന്ധുക്കളിൽ ആ അനിഷ്ടം നിലനിൽക്കുന്നുമുണ്ട്. ഒരു സമയത്ത് ഇതിനെകുറിച്ചെല്ലാം ഇരുവരും തുറന്നുപറഞ്ഞിരുന്നു. ആദ്യ വിവാഹം പൊരുത്തപ്പെട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് ലേഖ വിവാഹമോചനം നേടിയത്.
ആ ബന്ധത്തിൽ നിന്നും പുറത്തുവരുമ്പോൾ ഒരു മകളും ഉണ്ടായിരുന്നു. പിന്നീടാണ് എം.ജിയുമായി വിവാഹം നടന്നത്. ‘എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങൾ ഹാപ്പിയാണ് അവരും ഹാപ്പി’, എന്നാണ് അടുത്തിടെ ഗൃഹലക്ഷ്‍മിക്ക് നൽകിയ അഭിമുഖത്തിൽ ലേഖ പറഞ്ഞത്.
എം.ജിയുമായുള്ള വിവാഹത്തിന് തീരുമാനം എടുക്കാൻ തനിക്കായിരുന്നു പ്രയാസമെന്നും ലേഖ പറഞ്ഞിട്ടുണ്ട്. ഉത്തരവാദിത്വങ്ങൾ ക്ലിയർ ചെയ്യാൻ ഉണ്ടായിരുന്നു. അതിനെല്ലാം ശേഷമാണ് വിവാഹിതരായതെന്നും തുറന്നുപറഞ്ഞിരുന്നു ലേഖ.
ശ്രീകുട്ടന്റെ പാട്ട് കേട്ടെടുത്ത തീരുമാനം ഒന്നും ആയിരുന്നില്ല തങ്ങളുടെ വിവാഹമെന്നും പരസ്പരം പൂർണ്ണമായും മനസിലാക്കിയ ശേഷം എടുത്ത തീരുമാനം ആയിരുന്നു ഇതെന്നും ലേഖ പറഞ്ഞിട്ടുണ്ട്. എം.ജിയുടെ നിഴലാണ് ലേഖ. എല്ലാ യാത്രയിലും ഏത് പരിപാടികളിലും എം.ജിക്കൊപ്പം ലേഖയുണ്ടാകും. കൂടാതെ യുട്യൂബ് ചാനലുമായും ലേഖ ശ്രീകുമാർ സജീവമാണ്.
ലേഖയുടെ റെസിപ്പികൾക്ക് ആരാധകർ ഏറെയാണ്. എം.ജിക്കൊപ്പമുള്ള ലേഖയുടെ യാത്ര വീഡിയോകളും ലേഖയുടെ യുട്യൂബ് ചാനലിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. ലേഖ സോഷ്യൽമീഡിയയിൽ സജീവമാകുന്നതിന് മുമ്പ് ലേഖയെ കുറിച്ച് ആളുകൾക്ക് പലവിധത്തിലുള്ള തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു.
ജാഡക്കാരി,പത്രാസുകാരി എന്നൊക്കെയായിരുന്നു ലേഖയെ കുറിച്ച് ആളുകളുടെ മനസിലുണ്ടായിരുന്ന ധാരണകൾ. എന്നാൽ താരം സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാനും വിശേഷങ്ങൾ പങ്കുവെക്കാനും ആളുകളോട് ഇടപഴകാനും തുടങ്ങിയതോടെ തങ്ങളിൽ ഒരാളായിട്ടാണ് ആരാധകർ തോന്നുന്നത്. ഇപ്പോഴിതാ ലേഖ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധനേടുന്നത്.
തന്റെ ജീവിതത്തിൽ തുടരാൻ ആരോടും അപേക്ഷിച്ചിട്ടില്ലെന്നും താൽപര്യമില്ലെങ്കിൽ അവരുടെ തീരുമാനത്തെ ബഹുമാനിക്കുമെന്നുമാണ് ലേഖ കുറിച്ചത്. ‘എന്റെ ജീവിതത്തിൽ ഒരാൾ തുടരാൻ വേണ്ടി ഇന്നുവരെയും അപേക്ഷിച്ചിട്ടില്ല. നമ്മുടെ ജീവിതത്തിൽ തുടരുന്നതും പോകുന്നതും അവരുടെ തെരെഞ്ഞെടുപ്പ് മാത്രമാണ്.’
‘അവർ തുടർന്നാൽ ഞാൻ അവർക്ക് ആ വില നൽകും. ഇനി തുടരാൻ താൽപര്യമില്ലെങ്കിൽ അവരുടെ ആ തീരുമാനത്തെയും ഞാൻ ബഹുമാനിക്കും. പക്ഷെ ഒരിക്കലും ഞാൻ വരെ ശല്യപടുത്തുകയില്ല’, എന്നായിരുന്നു ലേഖ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കഴിഞ്ഞ ദിവസം എം.ജി ശ്രീകുമാറിനൊപ്പം ഗുരുവായൂർ സന്ദർശിച്ചതിന്റെ ചിത്രങ്ങൾ ലേഖ പങ്കിട്ടിരുന്നു. വെറും അറുപത്തിയെട്ട് വീഡിയോകൾ മാത്രമാണ് ലേഖ ഇതുവരെ യുട്യൂബ് ചാനൽ വഴി പങ്കിട്ടത്.
ആ ചുരുങ്ങിയ വീഡിയോകൾ വഴി തന്നെ രണ്ട് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സിനെ ലേഖയ്ക്ക് ലഭിച്ചു. ഭാര്യയെ എപ്പോഴും ഒപ്പം കൂട്ടുന്നതിന് പിന്നിലെ കാരണം മുമ്പൊരിക്കൽ എം.ജി ശ്രീകുമാർ വെളിപ്പെടുത്തിയിരുന്നു. തങ്ങൾ ഒരുമിച്ച് സഞ്ചരിച്ച് ശീലിച്ച് പോയെന്നാണ് എംജി ശ്രീകുമാർ പറഞ്ഞത്. 2000 ലാണ് ലേഖയും എംജി ശ്രീകുമാറും വിവാഹം കഴിക്കുന്നത്. മൂകാംബികയിൽ വെച്ചായിരുന്നു വിവാഹം.