CricketNewsSports

ഓസീസിലെ നാണക്കേടിനൊടുവില്‍ രോഹിത് വിരമിക്കുന്നു..? ബിസിസിഐയും സെലക്ടര്‍മാരും ചര്‍ച്ച തുടങ്ങി

സിഡ്‌നി:ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്യാപ്റ്റന്‍സി ഒഴിയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ടീമിന്റെ തുടര്‍ പരാജയങ്ങള്‍ക്കൊപ്പം തന്റെ മോശം ഫോം കൂടി കണക്കിലെടുത്താണ് രോഹിതിന്റെ തീരുമാനം. ക്യാപ്റ്റന്‍സിക്കൊപ്പം ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് കൂടി രോഹിത് ആലോചിക്കുന്നുണ്ട് എന്നാണ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ന്യൂസിലാന്റിനോട് സ്വന്തം നാട്ടില്‍ 2-0 ത്തിന് തോറ്റാണ് ഇന്ത്യ, ഓസ്‌ട്രേലിയയില്‍ എത്തിയത്.

രോഹിതിന്റെ നായകത്വത്തിന് കീഴിലുള്ള അവസാന ആറ് ടെസ്റ്റുകളില്‍ ഇന്ത്യ വിജയിച്ചിട്ടില്ല. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ രോഹിത് വിട്ടുനിന്നപ്പോള്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിച്ചത്. ആ മത്സരത്തില്‍ ഇന്ത്യ വിജയിച്ചു. രോഹിത് തിരിച്ചെത്തിയ ഗാബ ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. ശേഷം അഡ്ലെയ്ഡിലും മെല്‍ബണിലും തോറ്റു.

കഴിഞ്ഞ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 6.2 ശരാശരിയില്‍ 31 റണ്‍സ് മാത്രമാണ് രോഹിതിന്റെ സമ്പാദ്യം. സെപ്തംബറില്‍ ബംഗ്ലാദേശ് പരമ്പര ആരംഭിച്ചതിന് ശേഷം 15 ഇന്നിംഗ്സുകളില്‍ നിന്ന് വെറും 10.93 ശരാശരിയില്‍ 164 റണ്‍സ് മാത്രമാണ് 37-കാരനായ രോഹിത് നേടിയത്. രോഹിതിന്റെ ബാറ്റിംഗ് ഫോം മെച്ചപ്പെടാതെ തുടരുന്നതിനാല്‍ ഇന്നത്തെ തോല്‍വിക്ക് ശേഷം താരം വിരമിച്ചേക്കും എന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ സിഡ്നി ടെസ്റ്റിന് ശേഷം രോഹിത് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. രോഹിതിന്റെ വിരമിക്കല്‍ സംബന്ധിച്ച് ബിസിസിഐ ഉന്നതരും സെലക്ടര്‍മാരും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് വിവരം. എന്നിരുന്നാലും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞാല്‍ രോഹിതിന് തുടരുന്നതിന് തടസമുണ്ടായേക്കില്ല.

2025-ലെ ഡബ്ല്യുടിസി ഫൈനലിലെത്താനുള്ള ഇന്ത്യയുടെ സാധ്യതകള്‍ വളരെ വിരളമാണ്. രണ്ട് തവണ റണ്ണേഴ്സ് അപ്പായ ഇന്ത്യയ്ക്ക് സിഡ്നി ടെസ്റ്റ് ജയിക്കുകയും ശ്രീലങ്ക ഓസ്‌ട്രേലിയയെ 2-0 ത്തിന് തോല്‍പിക്കുകയും വേണം. ഇന്ത്യയ്ക്കായി 67 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള രോഹിത് ശര്‍മ്മ 4301 റണ്‍സാണ് നേടിയിട്ടുള്ളത്. 12 സെഞ്ച്വറിയും 18 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുണ്ട്. 212 ആണ് ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയെ 24 ടെസ്റ്റില്‍ രോഹിത് നയിച്ചിട്ടുണ്ട്. ഇതില്‍ 12 എണ്ണത്തില്‍ ജയിച്ചപ്പോള്‍ ഒമ്പതെണ്ണത്തില്‍ തോല്‍വി രുചിച്ചു. മൂന്നെണ്ണം സമനിലയില്‍ കലാശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker