NationalNews

ചന്ദ്രബാബു നായിഡുഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രി, ആസ്‌തി 931 കോടി..! പിണറായിയുടെ സ്ഥാനം ഇതാണ്‌

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും ധനികനരായ മുഖ്യമന്ത്രിമാരുടെ സമ്പത്തിന്റെ കണക്കുകൾ പുറത്ത്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുഖ്യമന്ത്രിയെന്നാണ് എഡിആർ പങ്കുവച്ച കണക്കുകളിൽ പറയുന്നത്. ആസ്‌തിയുടെ കാര്യത്തിൽ നായിഡുവിന്റെ ഏഴയലത്ത് മറ്റ് മുഖ്യമന്ത്രിമാർ എത്തില്ല.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു 931 കോടിയിലധികം രൂപയുടെ ആസ്‌തിയോടെയാണ് ഇന്ത്യയിലെ ഏറ്റവും ധനികനായ മുഖ്യമന്ത്രി എന്ന റെക്കോർഡ് സ്വന്തമാക്കിയത്. മറുവശത്ത് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ഏറ്റവും സമ്പത്ത് കുറഞ്ഞ മുഖ്യമന്ത്രി എന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയത്. വെറും 15 ലക്ഷം രൂപ മാത്രമാണ് മമത ബാനർജിയുടെ ആസ്‌തിയായി എഡിആർ കണക്കാക്കുന്നത്.

സംസ്ഥാന അസംബ്ലികളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഓരോ മുഖ്യമന്ത്രിയുടെയും ശരാശരി ആസ്‌തി 52.59 കോടി രൂപയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിൽ ആകെയുള്ള 31 മുഖ്യമന്ത്രിമാരുടെ മൊത്തം ആസ്‌തി 1630 കോടി രൂപയോളം വരുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ പകുതിയിലധികവും ചന്ദ്രബാബു നായിഡുവിന്റെ പേരിലാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.

2023-2024 കാലയളവിൽ ഇന്ത്യയുടെ പ്രതിശീർഷ അറ്റ ​​ദേശീയ വരുമാനം അല്ലെങ്കിൽ എൻഎൻഐ ഏകദേശം 1,85,854 രൂപയായിരുന്നപ്പോൾ, എഡിആർ പങ്കുവച്ച കണക്കുകൾ അനുസരിച്ച് ഒരു മുഖ്യമന്ത്രിയുടെ ശരാശരി സ്വയംവരുമാനം 13,64,310 രൂപയാണെന്നാണ് കണക്കാക്കുന്നത്. ഇത് ഇന്ത്യയുടെ ശരാശരി പ്രതിശീർഷ വരുമാനത്തിന്റെ 7.3 ഇരട്ടിയോളം വരും.

332 കോടിയിലധികം രൂപയുടെ ആസ്‌തിയുള്ള അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ഏറ്റവും സമ്പന്നനായ രണ്ടാമത്തെ മുഖ്യമന്ത്രിയും 51 കോടിയിലധികം ആസ്‌തിയുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പട്ടികയിൽ മൂന്നാമതുമാണ്. പേമ ഖണ്ഡുവും ചന്ദ്രബാബു നായിഡുവും അല്ലാതെ മറ്റൊരു മുഖ്യമന്ത്രിക്കും 100 കോടിക്ക് മുകളിൽ ആസ്‌തി സ്വന്തമായില്ല.

കൂടാതെ 500 കോടിക്ക് മുകളിൽ ആസ്‌തിയുള്ള ഇന്ത്യയിലെ ഏക മുഖ്യമന്ത്രിയും ചന്ദ്രബാബു നായിഡുവാണ്. ധനികരുടെ പട്ടികയിൽ മാത്രമല്ല ദരിദ്രരുടെ പട്ടികയിലും സർപ്രൈസ് പേരുകൾ ഒരുപാടുണ്ട്. 55 ലക്ഷം രൂപ ആസ്‌തിയുള്ള ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള പട്ടികയിലെ ദരിദ്രരിൽ രണ്ടാമതും 1.18 കോടിയുമായി പിണറായി വിജയൻ ദരിദ്രരിൽ മൂന്നാമതുമാണ്.

180 കോടിയുടെ ഏറ്റവും ഉയർന്ന ബാധ്യതയുള്ളത് പേമ ഖണ്ഡുവിനാണ്. സിദ്ധരാമയ്യക്ക് 23 കോടി രൂപയും ചന്ദ്രബാബു നായിഡുവിന് 10 കോടിയിലധികം രൂപയും ബാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പട്ടികയിൽ രണ്ട് വനിതാ മുഖ്യമന്ത്രിമാർ മാത്രമാണുള്ളത്. അതിലൊന്ന് മമത ബാനർജിയാണ്, മറ്റൊരാൾ ഡൽഹി മുഖ്യമന്ത്രി അതിഷിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker