‘മനുഷ്യ ജീവനേക്കാൾ വലുതാണോ റെക്കോഡ്? ഇത്ര വലിയ അപകടം നടന്നിട്ടും പരിപാടി നടത്തിയത് തെറ്റായിപോയി; വിമർശനം
കൊച്ചി:മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായി നടി ദിവ്യ ഉണ്ണിയും സംഘവും കഴിഞ്ഞ ദിവസം ഗിന്നസിൽ മുത്തമിട്ടു. മൃദംഗനാദം എന്ന പേരിൽ 12000ത്തോളം നർത്തകരെ ഉൾപ്പെടുത്തി എട്ട് മിനിറ്റ് ദൈർഘ്യമുള്ള ഭരതനാട്യം അവതരിപ്പിച്ചാണ് ദിവ്യ ഉണ്ണിയും സംഘവും ഗിന്നസ് വേൾഡ് റെക്കോർഡിൽ എത്തി ചരിത്രം സൃഷ്ടിച്ചത്. 550 ഗുരുക്കന്മാരാണ് 12000ത്തോളം നർത്തകരെ ഇതിനായി പരിശീലിപ്പിച്ചെടുത്തത്.
നൃത്തം കൊറിയോഗ്രാഫി ചെയ്ത് മുന്നിൽ നിന്നും ലീഡ് ചെയ്തതും ദിവ്യ തന്നെയായിരുന്നു. 12000ത്തോളം നിർത്തകരിൽ സിനിമാ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന താരങ്ങളും അവരുടെ വിദ്യാർത്ഥികളും വരെ ഉൾപ്പെടുന്നു. ചദേവി ചന്ദന, ഉത്തര ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും അവരുടെ ശിഷ്യരും മൃദംഗനാദത്തിൽ പങ്കാളികളായിരുന്നു.
ഒരേസമയം 12000 പേരാണ് ഭരതനാട്യം ചെയ്തത്. കേരളത്തിന് പുറമെ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും മൃദംഗനാദം ഭരതനാട്യത്തിൽ പങ്കാളികളായി. മൃദംഗനാദത്തിനായി കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ് ഗാനം എഴുതിയത്. ദീപാങ്കുരന്‍ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് അനൂപ് ശങ്കറാണ്. ഭഗവാൻ ശിവന്റെ താണ്ടവത്തെ വർണിക്കുന്ന ഗാനമാണിത്. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തശേഷമാണ് പരിപാടി അരങ്ങേറിയത്.
കരിനീല നിറത്തിലുള്ള സിൽക്ക് സാരി ചുറ്റിയാണ് നർത്തകരെല്ലാം നൃത്തത്തിനായി ഒരുങ്ങി എത്തിയത്. 12500 സാരികളാണ് ദിവ്യ ഉണ്ണിക്കും സംഘത്തിനുമായി കല്യാൺ സിൽക്സ് നെയ്ത് എടുത്തത്. 10176 നർത്തകരുടെ ഭരതനാട്യം അവതരണത്തിനായിരുന്നു ഇതുവരെ ഗിന്നസ് വേൾഡ് റെക്കോർഡ്. ഈ റെക്കോര്‍ഡാണ് ദിവ്യ ഉണ്ണിയും സംഘവും തിരുത്തി കുറിച്ചത്.
എക്കാലവും മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് ദിവ്യ ഉണ്ണി. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന ദിവ്യ ഉണ്ണി നൃത്തം ഉപേക്ഷിച്ചിട്ടില്ല. വിദേശത്ത് സെറ്റിൽഡായപ്പോഴും അവിടെയും നൃത്തം പരിശീലിപ്പിക്കുന്നുണ്ടായിരുന്നു. നിരവധി വിദ്യാർത്ഥികൾ ദിവ്യയ്ക്കുണ്ട്. ഗിന്നസ് വേൾഡ് റെക്കോർഡ് നേടാനായി ശ്രമിക്കാമെന്ന തീരുമാനത്തിലേക്ക് എത്തിയപ്പോൾ കുടുംബം എല്ലാ പിന്തുണയും അറിയിച്ച് ദിവ്യയ്ക്കൊപ്പമുണ്ടായിരുന്നു.
ഭർത്താവാണ് ദിവ്യയുടെ ഏറ്റവും വലിയ ബലം. അതേസമയം ദിവ്യയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് ഭരതനാട്യത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായപ്പോൾ പ്രശംസയേക്കാൾ ഏറെ വിമർശനമാണ് ലഭിച്ചത്. അതിന് കാരണം പരിപാടിക്ക് മുന്നോടിയായി നടന്ന അപകടമായിരുന്നു. പരിപാടി കാണാനായി എത്തിയ തൃക്കാക്കര എംഎൽഎ ഉമ തോമസ് നിലതെറ്റി താഴേക്ക് വീണിരുന്നു.
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് ചികിത്സയിലാണ്. പരിപാടിയിൽ ഗസ്റ്റായി എത്തിയ പ്രമുഖ വ്യക്തി അപകടം മൂലം ഗുരുതര പരിക്കേറ്റ് ആശുപത്രിയിലായിട്ടും പരിപാടി തുടർന്നതിനാണ് ദിവ്യയ്ക്കും സംഘത്തിനും വിമർശനം ലഭിക്കുന്നത്.
മനുഷ്യ ജീവനേക്കാൾ വലുതാണോ റെക്കോഡ്?, ഇത്രയും വലിയ അപകടം നടന്നിട്ടും പരിപാടി നടത്തിയത് തെറ്റായിപോയി, ഒരാൾ മരിക്കാൻ കിടക്കുമ്പോഴാണോ ആഘോഷം?, ഏത് റെക്കോർഡ് ഭേദിച്ചാലും ഒരു മനുഷ്യന്റെ ജീവന് വില കൽപിക്കാത്ത അവസ്ഥയാണല്ലോ ഉണ്ടായത് എന്നിങ്ങനെ നീളുന്നു വിമർശിച്ചുള്ള കമന്റുകൾ.
അതേസമയം മാസങ്ങളുടെ ഒരുക്കത്തിനുശേഷം നടത്തുന്ന പരിപാടി പെടുന്നനെ വേണ്ടെന്ന് വെച്ചാൽ ഒരുപാട് നഷ്ടങ്ങൾ പിന്നിൽ പ്രവർത്തിച്ചവർക്ക് അനുഭവിക്കേണ്ടി വരുമെന്ന് ചിലർ ദിവ്യയേയും സംഘത്തേയും അനുകൂലിച്ചും കുറിച്ചു.