ഭുവനേശ്വര്‍: കഞ്ചാവും ഐഎസ്ആര്‍ഒയും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിച്ചിരിയ്ക്കുകയാണ് ഒഡീഷ. കഞ്ചാവ് വേട്ടയ്ക്ക് തലവേദനയായി ‘ഐഎസ്ആര്‍ഒ മാറിയത് കഴിഞ്ഞ ഒമ്പതു മാസത്തിനുള്ളിലാണ്. 1000 ക്വിന്റലിന്റെ കഞ്ചാവ് വേട്ട സംസ്ഥാനത്ത് നടന്നത്. രാജ്യത്തു തന്നെ ഏതെങ്കിലും ഒരു ഏജന്‍സി നടത്തുന്ന ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാണിത്.
പോലീസിന് കഞ്ചാവ് കൃഷി കണ്ടെത്താന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് ഐഎസ്ആര്‍ഒ സാറ്റലൈറ്റുകളാണെന്ന് ഒഡീഷ ഡിജിപി അഭയ് പറഞ്ഞു. ഐഎസ്ആര്‍ഒ പങ്കുവയ്ക്കുന്ന സാറ്റലൈറ്റ് മാപ്പിങ് ഡാറ്റ ഉപയോഗിച്ചാണ് സംസ്ഥാനത്ത് വ്യാപകമായി കഞ്ചാവ് കൃഷി ചെയ്യുന്ന സ്ഥലങ്ങള്‍ പോലീസ് തിരിച്ചറിയുന്നത്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വഴി ലഭിക്കുന്ന ഈ വിവരങ്ങളാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി കഞ്ചാവ് വേട്ടയ്ക്കായി ഒഡീഷ പോലീസ് ഉപയോഗിക്കുന്നത്.
കഴിഞ്ഞ ജനുവരിക്കും സെപ്റ്റംബറിനുമിടയില്‍ 1054 ക്വിന്റല്‍ കഞ്ചാവാണ് ഒഡീഷയില്‍ പിടികൂടിയത്. അതേസമയം രാജ്യത്തുള്ള എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും എന്‍സിബി ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറുന്നുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത്തരത്തില്‍ കറുപ്പ് കൃഷിയുടെ സാറ്റലൈറ്റ് മാപ്പിങ് നടത്തുന്നുണ്ട്. എന്നാൽ അടുത്തിടെയാണ് കഞ്ചാവ് കൃഷിയുടെ മാപ്പിങ് ആരംഭിച്ചിരിക്കുന്നത്. വരും മാസങ്ങളില്‍ കൂടുതല്‍ വിപുലമായ കഞ്ചാവ് വേട്ടയ്ക്കു കളമൊരുങ്ങുമെന്നും ഡിജിപി പറഞ്ഞു.