33.4 C
Kottayam
Thursday, March 28, 2024

ആവേശം അവസാന ഓവറിൽ,സാം കറന്റെ ഒറ്റയാള്‍ പോരാട്ടം വിഫലം; ഇന്ത്യയ്ക്ക് ജയം, പരമ്പര

Must read

പുണെ:ആവേശം അവസാന ഓവർ വരെ നീണ്ട മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെ ഏഴു റൺസിന് തോൽപ്പിച്ച് പരമ്പര (2-1) സ്വന്തമാക്കി ഇന്ത്യ.ആതിഥേയർ ഉയർത്തിയ 330 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 322 റൺസെടുക്കാനേ സാധിച്ചുള്ളൂ.

83 പന്തിൽ നിന്ന് മൂന്നു സിക്സും ഒമ്പത് ഫോറുമടക്കം 95 റൺസെടുത്ത് പുറത്താകാതെ നിന്ന സാം കറന്റെ ഒറ്റയാൾ പോരാട്ടമാണ് ഇംഗ്ലണ്ടിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ചത്. എട്ടാം വിക്കറ്റിൽ ആദിൽ റഷീദിനൊപ്പവും ഒമ്പതാം വിക്കറ്റിൽ മാർക്ക് വുഡിനൊപ്പവും അർധ സെഞ്ചുറി കൂട്ടുകെട്ടുകൾ തീർത്ത സാം കറൻ ഇന്ത്യയെ അവസാന ഓവറുകളിൽ സമ്മർദത്തിലാക്കിയിരുന്നു.എന്നാൽ അവസാന ഓവർ എറിഞ്ഞ നടരാജൻ ഇന്ത്യയ്ക്ക് ഏഴു റൺസിന്റെ ജയം സമ്മാനിക്കുകയായിരുന്നു.

330 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിനെ 28 റൺസെടുക്കുന്നതിനിടെ തന്നെ കഴിഞ്ഞ മത്സരങ്ങളിൽ മികച്ച തുടക്കം നൽകിയ ഓപ്പണർമാരെ നഷ്ടമായിരുന്നു. ജേസൻ റോയിയെയും (14), ജോണി ബെയർസ്റ്റോയേയും (1) പുറത്താക്കി ഭുവനേശ്വർ കുമാറാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്.

പിന്നാലെ കഴിഞ്ഞ മത്സരത്തിൽ തകർത്തടിച്ച ബെൻ സ്റ്റോക്ക്സിനെ (35) നടരാജൻ പുറത്താക്കി. തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റൻ ജോസ് ബട്ട്ലറെ (15) നിലയുറപ്പിക്കും മുമ്പ് ശാർദുൽ താക്കൂർ വിക്കറ്റിന് മുന്നിൽ കുടുക്കി.
അഞ്ചാം വിക്കറ്റിൽ ഡേവിഡ് മലാനും ലിയാം ലിവിങ്സ്റ്റണും ചേർന്ന് 60 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

36 റൺസെടുത്ത ലിവിങ്സ്റ്റണെ പുറത്താക്കി ശാർദുൽ താക്കൂറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ഡേവിഡ് മലാനെയും (50) മടക്കിയ താക്കൂർ മത്സരം ഇന്ത്യയ്ക്ക് അനുകൂലമാക്കി.മോയിൻ അലി 25 പന്തിൽ നിന്ന് 29 റൺസെടുത്ത് പുറത്തായി.എട്ടാം വിക്കറ്റിൽ ആദിൽ റഷീദിനെ കൂട്ടുപിടിച്ച് സാം കറൻ 57 റൺസ് ചേർത്തു. 19 റൺസെടുത്ത റഷീദിനെ പുറത്താക്കി ശാർദുലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

14 റൺസെടുത്ത മാർക്ക് വുഡ് അവസാന ഓവറിൽ റണ്ണൗട്ടാകുകയായിരുന്നു.ഇന്ത്യയ്ക്കായി ശാർദുൽ താക്കൂർ നാല് വിക്കറ്റ് വീഴ്ത്തി. ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റെടുത്തു. നേരത്തെ തുടർച്ചയായ മൂന്നാം ഏകദിനത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.2 ഓവറിൽ 329 റൺസിന് ഓൾഔട്ടായിരുന്നു.

ശിഖർ ധവാൻ, ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്.മധ്യ ഓവറുകളിൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായില്ലായിരുന്നുവെങ്കിൽ ഇന്ത്യൻ സ്കോർ 350 കടക്കുമായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശർമയും ശിഖർ ധവാനും ചേർന്ന ഓപ്പണിങ് സഖ്യം തകർപ്പൻ തുടക്കമാണ് നൽകിയത്. 14.4 ഓവറിൽ 103 റൺസ് ചേർത്ത ശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 37 പന്തിൽ നാല് ഫോറുകളടക്കം 37 റൺസെടുത്ത രോഹിത്തിന് പുറത്താക്കി ആദിൽ റഷീദാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

അധികം വൈകാതെ ധവാനെയും റഷീദ് മടക്കി. 56 പന്തിൽ 10 ഫോറുകൾ സഹിതം 67 റൺസെടുത്താണ് ധവാൻ മടങ്ങിയത്. പിന്നാലെയെത്തിയ ക്യാപ്റ്റൻ വിരാട് കോലിക്ക് ഏഴു റൺസെടുക്കാനേ സാധിച്ചുള്ളൂ. വൈകാതെ കെ.എൽ രാഹുലിന്റെ (7) വിക്കറ്റും നഷ്ടമായ ഇന്ത്യ നാലിന് 157 എന്ന നിലയിലായി.

തുടർന്ന് അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഋഷഭ് പന്ത് – ഹാർദിക് പാണ്ഡ്യ സഖ്യമാണ് ഇന്ത്യയെ 250 കടത്തിയത്. അഞ്ചാം വിക്കറ്റിൽ 99 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്.62 പന്തിൽ നിന്ന് നാലു സിക്സും അഞ്ചു ഫോറുമടക്കം 78 റൺസെടുത്ത പന്തിനെ പുറത്താക്കി സാം കറനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ഹാർദിക് 44 പന്തിൽ നിന്ന് നാലു സിക്സും അഞ്ചു ഫോറുമടക്കം 64 റൺസെടുത്ത് പുറത്തായി.ശാർദുൽ താക്കൂർ 21 പന്തിൽ നിന്ന് 30 റൺസെടുത്തു. ക്രുനാൽ പാണ്ഡ്യ 25 റൺസെടുത്ത് പുറത്തായി.ഇംഗ്ലണ്ടിനായി മാർക്ക് വുഡ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദിൽ റഷീദ് രണ്ടു വിക്കറ്റെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week