വിപണിയിലും സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇന്ത്യ,ഗുണനിലവാരമില്ലാത്ത ചൈനീസ് ഉല്‍പ്പന്നങ്ങള്‍ നിരോധിയ്ക്കും
ന്യൂഡല്‍ഹി :ചൈനീസ് ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ ചൈനയുടെ ഗുണനിലവാരമില്ലാത്ത ഉത്പ്പന്നങ്ങള്‍ വിലക്കാനുള്ള തീരുമാനവുമായി ഇന്ത്യ . ചൈനീസ് ഉത്പ്പന്നങ്ങളില്‍ കര്‍ശന പരിശോധന ആരംഭിച്ചു.ചൈനയില്‍നിന്ന് ഉള്‍പ്പെടെ ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടം, സ്റ്റീല്‍ ബാര്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ടെലികോം ഉപകരണങ്ങള്‍, ഹെവി യന്ത്രഭാഗങ്ങള്‍, പേപ്പര്‍, റബര്‍ നിര്‍മിത വസ്തുക്കള്‍, ഗ്ലാസ് തുടങ്ങി 371 ഉല്‍പന്നങ്ങള്‍ക്ക് അടുത്ത മാര്‍ച്ച് മുതല്‍ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ഐഎസ്) ഗുണനിലവാരം ഉറപ്പാക്കേണ്ടിവരും. ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വിപണിയിലേക്ക് ഒഴുക്കുന്നതിനു തടയിടുകയാണ് ലക്ഷ്യം. കഴിഞ്ഞ വര്‍ഷം തന്നെ വാണിജ്യമന്ത്രാലയം ഗുണനിലവാരമില്ലാത്ത ഉല്‍പന്നങ്ങളുടെ പട്ടിക തയാറാക്കിയിരുന്നു.
ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ഇറക്കുമതി കുറച്ച് കയറ്റുമതി വര്‍ധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഇറക്കുമതി ഉല്‍പന്നങ്ങള്‍ക്കു ഗുണനിലവാര പരിശോധന കര്‍ശനമാക്കാനുള്ള തീരുമാനം. ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടെ 371 എണ്ണമാണ് നിലവാരക്കുറവുള്ളതായി വാണിജ്യമന്ത്രാലയം തിരിച്ചറിഞ്ഞിരിക്കുന്നതെന്ന് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്സ് (ബിഐഎസ്) ഡയറക്ടര്‍ ജനറല്‍ പ്രമോദ് കുമാര്‍ തിവാരി പറഞ്ഞു.