രാജ്യത്തെ ആദ്യ ‘ബ്രൂഡ് ബാങ്ക്’ ഇനി കേരളത്തിന് സ്വന്തം
തിരുവനന്തപുരം:രാജ്യത്തെ ആദ്യ ബ്രൂഡ് ബാങ്കിന് കേരളത്തില്‍ തുടക്കം. ആദ്യത്തെ കൃത്രിമ മത്സ്യ പ്രജനന വിത്തുത്പാദന കേന്ദ്രം വിഴിഞ്ഞത്ത് പ്രവര്‍ത്തനം ആരംഭിച്ചു. വിഴിഞ്ഞം സമുദ്ര മല്‍സ്യ ഗവേഷണ കേന്ദ്ര മേധാവിയും പ്രിന്‍സിപ്പല്‍ സയന്റിസ്‌റ്റുമായ ഡോ. എം.കെ അനില്‍ ശാസ്‌ത്രജ്ഞരായ അംബരീഷ്, സൂര്യ, ഗോമതി, ഡോ.സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ 5.64 കോടി രൂപ ചെലവഴിച്ചാണ് ബ്രൂഡ് ബാങ്ക് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.
കടലിന്റെ ആവാസ വ്യവസ്ഥ കൃതിമമായി ഒരുക്കിയാണ് പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കടലിലെ ആവാസവ്യവസ്‌ഥയില്‍ ഉണ്ടായ മാറ്റം കാരണം മല്‍സ്യ ലഭ്യതയില്‍ കുറവ് സംഭവിച്ചിട്ടുണ്ട്. ഇത് പരിഹരിച്ച് രുചികരമായ മല്‍സ്യ ലഭ്യത ഉറപ്പ് വരുത്തുക, മല്‍സ്യ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും വരുമാന വര്‍ധനവിന് വഴിയൊരുക്കുക എന്നീ ലക്‌ഷ്യങ്ങളോടെയാണ് ബ്രൂഡ് ബാങ്ക് ആരംഭിച്ചിരിക്കുന്നത്.നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെ സഹായത്തോടെയാണ് സി.എം.എഫ്.ആര്‍.ഐ ബ്രൂഡ് ബാങ്കുകള്‍ തയാറാക്കിയത്. ഇരുനൂറോളം ബ്രൂഡ് മീനുകളെ ഇവിടെ വളര്‍ത്തുന്നുണ്ട്. ഈ മീനുകളില്‍ ഹോര്‍മോണ്‍ കുത്തിവെച്ച് കൃത്രിമ പ്രജനനം (പുതിയ തലമുറയെ ജനിപ്പിക്കല്‍) നടത്തി മുട്ടകള്‍ ഉല്‍പാദിപ്പിക്കും. ഏകദേശം 5 കോടി മുട്ടകള്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി ഈ കേന്ദ്രത്തിനുണ്ട്.
ഇവിടെ ഉത്പാദിപ്പിച്ച മീന്‍മുട്ടകള്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഴിക്കോട് ആസ്ഥാനമായുള്ള പുതിയ വളയോട് ഹാച്ചറിയിലേക്ക് കൈമാറി തുടങ്ങിയിട്ടുണ്ട്. മുട്ടകള്‍ റോഡ് മാര്‍ഗം എത്തിച്ചു അവിടുത്തെ ഹാച്ചറിയില്‍ വളര്‍ത്തി വലുതാക്കി മത്സ്യകര്‍ഷകര്‍ക്ക് കൊടുക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. വിഴിഞ്ഞം സമുദ്ര മത്സ്യഗവേഷണ കേന്ദ്രത്തില്‍ ഉത്പാദിപ്പിക്കുന്ന വളയോട് മീനുകള്‍ക്ക് പ്രതിരോധശേഷി കൂടുതലായതിനാല്‍ പത്തുവര്‍ഷംവരെ ആയുര്‍ദൈര്‍ഘ്യം ഉള്ള വെള്ളിനിറത്തിലുള്ള പാരമീന്‍ വിഭാഗത്തില്‍പെട്ട ഈ ഇനത്തിന് ആവശ്യക്കാര്‍ ഏറെയാണ്. കേരളം, തമിഴ്നാട്, കര്‍ണാടകം, ആന്ധ്ര എന്നിവിടങ്ങളിലെ ജല-സമുദ്രജല കര്‍ഷകരെ ലക്ഷ്യമിട്ടാണ് വളയോട് മീന്‍ ഉത്പാദിപ്പിക്കുന്നത്.
ബ്രൂഡ് ബാങ്ക് സംരഭകരാകാന്‍ താത്പര്യമുള്ളവര്‍ക്ക് സാമ്പത്തിക സഹായവും സാങ്കേതിക പരിശീലനവും നല്‍കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. മറൈന്‍ ഫിഷ് ഹാച്ചറി സ്‌കീമില്‍ പെടുത്തിയാണ് പുതിയ സംരഭക പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഇതിനായി 50 ലക്ഷം മുതല്‍ രണ്ടരകോടി രൂപയുടെവരെ സാമ്ബത്തിക സഹായം സ്‌കീം വാഗ്ദാനം ചെയ്യുന്നുണ്ട്. പദ്ധതി വിജയകരമായി നടപ്പിലാക്കുന്നവര്‍ക്ക് 40 ശതമാനം സബ്‌സിഡിയും ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.