കൊവിഡ് പ്രതിരോധം; കോട്ടയത്ത് അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു തുടങ്ങി

കോട്ടയം: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു തുടങ്ങി. ജില്ലാ കളക്ടര്‍ എം. അഞ്ജന തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആദ്യ ഘട്ടമായി കോട്ടയം നഗരത്തില്‍ എം.എല്‍ റോഡ്, കോഴിച്ചന്ത, മീന്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ അനധികൃതമായി കച്ചവടം നടത്തിയിരുന്നവരെ റവന്യൂ, മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു.

സമൂഹ വ്യാപന പ്രതിരോധത്തിനായി ജില്ലയിലെ മാര്‍ക്കറ്റുകളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ ഭാഗമായാണ് മാര്‍ക്കറ്റുകളുടെ സമീപത്തും മറ്റു മേഖലകളിലും അനധികൃത കച്ചവടം കര്‍ശനമായി നിരോധിച്ചത്. ഒഴിഞ്ഞു പോകണമെന്ന് ആര്‍.ഡി.ഒ ജോളി ജോസഫ്, തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച്ച വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു ശേഷവും ഇവിടെ തുടര്‍ന്ന താത്കാലിക വില്‍പ്പന സംവിധാനങ്ങളാണ് തഹസില്‍ദാരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തത്.

മുനിസിപ്പാലിറ്റി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി. വിദ്യാധരന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ജേക്കബ്സണ്‍, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എസ്. ശ്രീജിത്ത് , പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നടപടികളില്‍ പങ്കാളികളായി. വരും ദിവസങ്ങളിലും ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും അനധികൃത കച്ചവടങ്ങള്‍ക്കെതിരെ നടപടി തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.