ഒരുപാട് സിനിമകളിൽ ഞാൻ സൈനികനായിട്ടുണ്ട്, കേണൽ പദവി കിട്ടുമോ? മോഹൻലാൽ വിളിച്ച് അന്വേഷിച്ചെന്ന് ശ്രീനിവാസൻ
കൊച്ചി:മലയാള സിനിമ പ്രേമികൾ എക്കാലത്തും ആഘോഷമാക്കിയിട്ടുള്ള കോംബോയാണ് മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ട്. അവരുടെ ഓൺ സ്ക്രീൻ കെമിസ്ട്രിയും കൗണ്ടർ ടൈമിംഗും ആവർത്തിച്ച് കണ്ട് പൊട്ടിച്ചിരിക്കാത്ത പ്രേക്ഷകർ ആരും തന്നെ ഉണ്ടാവാൻ ഇടയില്ല. ഇവർ ഒന്നിച്ചെത്തിയ നാടോടിക്കാറ്റിലെ ദാസനും വിജയനും ഒക്കെ മലയാളികൾ എന്നും ഹൃദയത്തോട് ചേർത്ത് വെക്കുന്ന കഥാപാത്രങ്ങളാണ്.
ആ കഥാപാത്രങ്ങളൊക്കെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയ ശേഷം രണ്ടു തലമുറകൾ വേറെ വന്നെങ്കിലും മലയാള സിനിമാ പ്രേക്ഷകരുടെ മനസിൽ ദാസനും വിജയനും ഇന്നും ഫേവറിറ്റുകളായി നിലനിൽക്കുന്നുണ്ട്. ഇന്നും ടെലിവിഷനിൽ മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിലെ ചിത്രങ്ങൾക്ക് പ്രേക്ഷകർ ഏറെയാണ്. ഇനിയും ഇവരെ ഒരുമിച്ച് ബിഗ് സ്‌ക്രീനിൽ കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമാ പ്രേമികളും ധാരാളമാണ്.
കുറച്ചു നാളുകൾക്ക് മുൻപ് താരസംഘടനയായ അമ്മയുടെ മഴവിൽ എന്റർടൈൻമെന്റ് അവാർഡ്‌സ് എന്ന പരിപാടിയിൽ മോഹൻലാലും ശ്രീനിവാസനും ഒരേ വേദിയിൽ എത്തിയിരുന്നു. അസുഖ ബാധിതനായി ചികിത്സയിൽ കഴിഞ്ഞിരുന്ന ശ്രീനിവാസൻ അതിൽ നിന്നൊക്കെ മുകതനായി തിരിച്ചെത്തിയപ്പോൾ സ്നേഹചുംബനം നൽകിയാണ് മോഹൻലാൽ സ്വീകരിച്ചത്. ശ്രീനിയെ ചേർത്തുപിടിച്ച് കവിളിൽ മുത്തം നൽകുന്ന മോഹൻലാലിന്റെ ദൃശ്യങ്ങൾ അന്ന് ആരാധകർ ഏറ്റെടുത്തിരുന്നു.
മരണക്കിടക്കയിൽ നിന്ന് തിരിച്ചെത്തുന്ന പ്രിയ സുഹൃത്തിനെ ഇങ്ങനെയല്ലാതെ എങ്ങനെയാണു സ്വീകരിക്കുക എന്നാണ് അന്ന് സോഷ്യൽ മീഡിയ പറഞ്ഞത്. അതിനു ശേഷം ആ സന്ദർഭത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞത് പെട്ടെന്ന് ശ്രീനിയെ അങ്ങനെ കണ്ടപ്പോൾ തനിക്ക് പഴയ കാര്യങ്ങളൊക്കെ ഓർമ്മ വന്നെന്നും അങ്ങനെ തനിയെ സംഭവിച്ചതാണ് ആ രംഗമെന്നുമാണ്. എന്നാൽ ഇപ്പോഴിതാ, അതേക്കുറിച്ച് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
മോഹൻലാലിനെ കംപ്ലീറ്റ് ആക്ടർ എന്ന വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലായി എന്നായിരുന്നു ശ്രീനിവാസൻ പറഞ്ഞത്. ന്യൂ ഇന്ത്യൻ എക്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ ഇത്തരമൊരു പരാമർശം. ‘ഒരു ചാനൽ പരിപാടിയിൽ വച്ച് മോഹൻലാൽ എന്നെ പിടിച്ചു ഉമ്മ വയ്ക്കുന്നുണ്ട്. ചാനലുകാർ എന്നോട് വന്നു ചോദിച്ചു ഈ ഒരു അവസരത്തിൽ എന്താണ് തോന്നിയത് എന്ന്.
അപ്പോൾ ഞാൻ പറഞ്ഞ മറുപടി മോഹൻലാലിനെ കംപ്ലീറ്റ് ആക്ടർ എന്ന് വിളിക്കുന്നത് വെറുതെ അല്ല എന്ന് മനസിലായി എന്ന് (ചിരിക്കുന്നു)’ എന്നാണ് ശ്രീനിവാസൻ പറഞ്ഞത്. എന്തെങ്കിലും മോഹൻലാലിന്റെ ഒപ്പം ചെയ്യാൻ സാധ്യത ഉണ്ടോ എന്ന് ചോദിക്കുമ്പോളും പരിഹാസരൂപത്തിൽ ഉള്ള മറുപടിയായിരുന്നു ശ്രീനിവാസൻ നൽകിയത്. അതിനിടെ സൂപ്പർ സ്റ്റാർ ഡോ സരോജ് കുമാർ എന്ന തന്റെ ചിത്രത്തെ കുറിച്ചും ശ്രീനിവാസൻ സംസാരിച്ചിരുന്നു.
സൂപ്പർസ്റ്റാർ സുരാജ് കുമാർ എന്ന സിനിമയെടുക്കാൻ പ്രചോദനമായ ഒരു കാര്യമുണ്ടെന്ന് പറഞ്ഞ് മോഹൻലാലിന് കേണൽ പദവി കിട്ടിയത് ചോദിച്ചു വാങ്ങിയത് ആണെന്ന നിലയ്ക്കും ശ്രീനിവാസൻ സംസാരിച്ചു.
രാജീവ് നാഥ് എന്നൊരു സംവിധായകനുണ്ട്. പുള്ളി കഴക്കൂട്ടം സൈനിക സ്കൂളിൽ പഠിച്ചതാണ്. കപിൽ ദേവിന് കേണൽ പദവി കിട്ടിയപ്പോൾ മോഹൻലാൽ ലണ്ടനിലാണ്. അവിടെ നിന്ന് മോഹൻലാൽ രാജീവ് നാഥിനെ വിളിച്ചു. താൻ ഒരുപാട് സിനിമകളിൽ സൈനികനായി അഭിനയിച്ചിട്ടുണ്ടെന്നും തനിക്ക് കേണൽ പദവി ലഭിക്കാൻ സാധ്യതയുണ്ടോ എന്നും ചോദിച്ചു. ഇവർ ശ്രമിച്ചിട്ടാണ് ഈ അവാർഡുകളൊക്കെ വാങ്ങുന്നത് എന്നതാണ് സിനിമയെടുക്കാനുള്ള എന്റെ പ്രചോദനം.
ഇത് രാജീവ് നാഥ് തന്നെ തുറന്നു പറഞ്ഞ കാര്യമാണ്. ഇതിലൂടെ എനിക്ക് മനസിലായി ഈ പുരസ്കാരങ്ങളെല്ലാം വെറുതെ ഇരുന്ന് കിട്ടുന്നതല്ല, പരിശ്രമിച്ച് വാങ്ങിയെടുക്കുന്നതാണെന്ന്. അതിനെ പരിഹസിക്കാൻ നമുക്ക് തോന്നുന്നത് തെറ്റല്ലല്ലോ എന്നായിരുന്നു ശ്രീനിവാസൻ പറഞ്ഞത്. അതേസമയം, ഇതേ അഭിമുഖത്തിൽ മോഹൻലാലുമായി അത്ര നല്ല ബന്ധമല്ലെന്നും മരിക്കുന്നതിന് മുൻപ് അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് എഴുതുമെന്നും ശ്രീനിവാസൻ പറയുന്നുണ്ട്.
മുൻപ് പല അഭിമുഖങ്ങളിലും മോഹൻലാലിന് എതിരെ ശ്രീനിവാസൻ സംസാരിച്ചിട്ടുണ്ട്. എന്നാൽ മഴവിൽ അവാർഡ്‌സ് വേദിയിലെ ഇവരുടെ സൗഹൃദം ഇവർക്കിടയിലെ മഞ്ഞുരുകി എന്ന സൂചനയാണ് നൽകിയത്. എന്നാൽ ശ്രീനിവാസൻ വീണ്ടും മോഹൻലാലിന് എതിരെ രംഗത്ത് എത്തുമ്പോൾ ആരാധകർക്കിടയിൽ ചെറുതല്ലാത്ത അസ്വസ്ഥത ഇത് ഉണ്ടാകുന്നുണ്ട്.