രണ്ട് മാസം സുരേഷേട്ടന്റെ അമ്മയുടെ ട്രെയ്നിംഗ് വേണം; കല്യാണത്തിന് മുമ്പ് പറഞ്ഞതെന്തെന്ന് മേനക
കൊച്ചി:മലയാളത്തിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായിക നടിയാണ് മേനക. മേനക-ശങ്കർ ജോഡി ഒരു കാലത്ത് സിനിമാ പ്രേക്ഷകർക്കിടയിൽ തരംഗമായിരുന്നു. മേനകയും ശങ്കറും യഥാർത്ഥ ജീവിതത്തിലും പങ്കാളികളാണെന്ന് കരുതിയവരും ഏറെയാണ്. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ രണ്ട് പേരും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഓൺ സ്ക്രീനിലെ ജോഡി ശങ്കറായിരുന്നെങ്കിലും ജീവിതത്തിൽ മേനക തന്റെ ഭർത്താവായി തെരഞ്ഞെടുത്തത് നിർമാതാവ് സുരേഷ് കുമാറിനെയാണ്.
തമിഴ്നാട്ടുകാരിയായ മേനകയ്ക്ക് മലയാള സിനിമയിൽ ഒരുപിടി മികച്ച വേഷങ്ങൾ ചെയ്യാൻ പറ്റി. മേനക-സുരേഷ് ദമ്പതികൾക്ക് പിറന്ന മകളാണ് ഇന്ന് തെന്നിന്ത്യൻ സിനിമകളിലെ മുൻ നിര നായിക നടി കീർത്തി സുരേഷ്. അച്ഛനെയും അമ്മയെയും പോലെ തന്നെ സിനിമാ രംഗത്ത് സ്വന്തമായി ഒരിടം കണ്ടെത്താൻ കീർത്തി സുരേഷിന് കഴിഞ്ഞു. മലയാളത്തിൽ കീർത്തി ചെയ്ത സിനിമകൾ കുറവാണ്. മരയ്ക്കാർ, വാശി എന്നിവയാണ് ഒടുവിലായി പുറത്തിറങ്ങിയ കീർത്തിയുടെ മലയാള സിനിമകൾ.
അതേസമയം തമിഴ്, തെലുങ്ക് സിനിമകളിൽ കീർത്തി സജീവമാണ്. മഹാനടി എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡും കീർത്തിക്ക് ലഭിച്ചു.ഇപ്പോഴിതാ കുടുംബ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മേനകയും സുരേഷ് കുമാറും. ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
സുരേഷ് കുമാർ തന്നെ ആദ്യമായി വിവാഹത്തിന് പ്രൊപ്പോസ് ചെയ്തത് മേനക ഓർത്തു. ‘സുരേഷേട്ടന് ഭക്ഷണത്തിന് പ്രശ്നമാണ്. എന്ത് കൊടുത്താലും കുറവ് പറയുമായിരുന്നു. അമൃത ഹോട്ടലിൽ ലിഫ്റ്റിൽ കയറുമ്പോൾ ഞാൻ പറഞ്ഞു ഇങ്ങനെ നിങ്ങൾ ശാപ്പാടിന് കുറ്റം പറയുന്നു എന്നുണ്ടെങ്കിൽ കല്യാണം കഴിക്കാൻ പോവുന്ന കുട്ടിക്ക് നിങ്ങളുടെ അമ്മയുടെയടുത്ത് രണ്ട് മാസം ട്രെയ്നിംഗ് കൊടുത്താലല്ലാതെ ശരിയാവില്ലെന്ന്’
‘അപ്പോൾ സുരേഷേട്ടൻ പറഞ്ഞു, എന്നാൽ പിന്നെ നീ എപ്പോഴാണ് എന്റെ വീട്ടിൽ ട്രെയ്നിംഗിന് വരുന്നതെന്ന്’. കല്യാണം ശേഷമുണ്ടായ രസകരമായ ഒരു സംഭവത്തെക്കുറിച്ചും മേനക സംസാരിച്ചു. കല്യാണം കഴിഞ്ഞ് എല്ലാവരും കൂടെ എവിടെയെങ്കിലും പോവാമെന്ന് കരുതി. അപ്പോൾ സുരേഷേട്ടനും അളിയനും കൂടെ വിദേശത്ത് പോവാമെന്ന് പറഞ്ഞു. പക്ഷെ അവസാനം കന്യാകുമാരിയെന്ന് പറഞ്ഞു. ശരിയെന്ന് പറഞ്ഞു.
ഞാനും സുരേഷേട്ടനും ചേച്ചിയും അളിയനും കുഞ്ഞും. രാത്രിയായിട്ടും ഇവർ വന്നില്ല. അന്ന് പോയില്ല. പിറ്റേ ദിവസം പോവാമെന്ന് പറഞ്ഞു. രാത്രി പത്ത് മണിക്കാണ് പോയത്. വഴിയിൽ വെച്ച് നിരവധി സുഹൃത്തുക്കളെ കയറ്റി. ഇവർ റൂമൊന്നും ബുക്ക് ചെയ്തിട്ടില്ല.
അവസാനം ഒരു ഡോർമെറ്റ്റിയിൽ എല്ലാവരും കിടന്നു. ഇത് ഞാൻ പങ്കജ് ഹോട്ടലിൽ വിശദമായി പ്രിയേട്ടനോട് പറഞ്ഞ് കൊടുത്തു. അത് തന്നെയാണ് മിഥുനം പടത്തിൽ വന്ന സീനിന് കാരണമായതെന്ന് പിന്നെയാണ് ഞാനറിഞ്ഞതെന്നും മേനക പറഞ്ഞു. ഭർത്താവിനോട് രഹസ്യങ്ങൾ സൂക്ഷിക്കുന്ന ആളല്ല താനെന്നും മേനക വ്യക്തമാക്കി. എല്ലാം തുറന്ന് പറയും. അത് കൊണ്ടാണ് ഹാപ്പിയായിരിക്കുന്നതെന്ന് മേനക പറഞ്ഞു.
സിനിമാ രംഗത്ത് പഴയത് പോലെ സജീവമല്ല മേനകയും സുരേഷ് കുമാറും. അതേസമയം മകൾ കീർത്തി വിജയഗാഥ തീർക്കുകയാണ്. ഒടുവിൽ പുറത്തിറങ്ങിയ ദസറ സിനിമ വിജയത്തിലേക്ക് കുതിക്കുകയാണ്. ഇതുവരെ ചെയ്യാത്ത കഥാപാത്രമാണ് നടി സിനിമയിൽ ചെയ്തിരിക്കുന്നത്. നാനിയാണ് സിനിമയിലെ നായകൻ. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ 45 കോടി രൂപ ദസറ കലക്ട് ചെയ്തു. സിനിമയിൽ സുപ്രധാന വേഷമാണ് കീർത്തി ചെയ്യുന്നതെന്നും ശ്രദ്ധേയമാണ്.