കോട്ടയം:വൈക്കത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. തലയാഴം നന്ദ്യാട്ട് ചിറയിൽ ബാബുവാണ് ഭാര്യ സുസമ്മയെ വെട്ടിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്.
പ്രതി ബാബുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രി 8 മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ്
ബാബു വീട്ടുമുറ്റത്ത് വച്ച് ഭാര്യ സൂസമ്മയെ വെട്ടിവീഴ്ത്തുകയായിരുന്നു. വയറ്റിൽ വെട്ടേറ്റ സൂസമ്മ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. വരാന്തയിൽ കമഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം.
സൂസമ്മയുടെ പേഴ്സ്സും ബാഗും വസ്ത്രങ്ങൾ നിറഞ്ഞ കവറും സംഭവ സ്ഥലത്ത് നിന്ന് കണ്ടെടുത്തു.പൊലീസ് സംഭവ സ്ഥലതെത്തി മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കുടുംബ പ്രശ്നങ്ങളേച്ചൊല്ലി ഇരുവരും വഴക്കു കൂടുന്നത് പതിവായിരുന്നു. വഴക്കിനേത്തുടർന്ന് വീടുവിട്ടിറങ്ങിയ സൂസമ്മ അടുത്തകാലത്തായിരുന്നു മടങ്ങിയെത്തിയത്.സംഭവ ദിവസവും ബാബുവുമായി വഴക്കടിച്ച ഇവർ വീട്ടിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. രാത്രി മടങ്ങിയെത്തിയ ശേഷം ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും കൊലപാതകത്തിൽ കലാശിയ്ക്കുകയുമായിരുന്നു.ഇറച്ചിക്കടയിലെ ജീവനക്കാരനായ ബാബു ഇറച്ചിക്കത്തി ഉപയോഗിച്ചാണ് കൃത്യം നടത്തിയത്.തുടർന്ന് കടയിലെത്തി ഇക്കാര്യം അറിയിയ്ക്കുകയായിരുന്നു.ഇരുവർക്കും രണ്ട് മക്കളുണ്ട്.