27.7 C
Kottayam
Monday, April 29, 2024

മരിച്ച പിതാവിനെ ജീവിപ്പിക്കാൻ നരബലിക്ക് ശ്രമം; ആൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റിൽ

Must read

ന്യൂഡല്‍ഹി: രണ്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തു. തന്റെ മരിച്ചു പോയ അച്ഛനെ തിരിച്ചുകൊണ്ടുവരുന്നതിന് നരബലി നടത്താനാണ് കുഞ്ഞിനെ തട്ടികൊണ്ടുപോയതെന്നാണ് 25-കാരി മൊഴി നല്‍കിയിട്ടുള്ളത്.

തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ 24 മണിക്കൂറിനകം പോലീസ് മോചിപ്പിച്ചതായി സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ഇഷാ പാണ്ഡെ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളാണ് കുട്ടിയെ അതിവേഗത്തില്‍ മോചിപ്പിക്കുന്നതില്‍ നിര്‍ണായകമായത്.

ഡല്‍ഹിയിലെ ഗാര്‍ഹി മേഖലയില്‍ നിന്ന് വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഊര്‍ജ്ജിതമായി നടത്തിയ അന്വേഷണത്തില്‍ അമര്‍ കോളനി പോലീസ് കോട്ല മുബാറക്പൂര്‍ പ്രദേശത്ത് വെച്ച് ശ്വേത എന്ന സ്ത്രീയില്‍ നിന്നാണ് കുട്ടിയെ കണ്ടെടുത്തതെന്നും ഡിസിപി വ്യക്തമാക്കി.

‘കഴിഞ്ഞ മാസം മരിച്ച തന്റെ പിതാവിനെ പുനരുജ്ജീവിപ്പിക്കാന്‍ നരബലി നടത്തുന്നതിനാണ് കുഞ്ഞിനെ കൊണ്ടുവന്നത്’ തുടര്‍ച്ചയായ ചോദ്യം ചെയ്യലില്‍ ശ്വേത വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

ശ്വേതയുടെ പിതാവ് ഒക്ടോബറില്‍ മരിച്ചു. അതേ ലിംഗത്തിലുള്ള കുഞ്ഞിനെ നരബലി നല്‍കിയാല്‍ പിതാവിനെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിന്റെ ശവസംസ്‌കാരവേളയില്‍ തനിക്ക് വിവരം കിട്ടിയെന്നുമാണ് ശ്വേത പറഞ്ഞത്.

പിതാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിയുമെന്ന അന്ധവിശ്വാസത്തില്‍ ഒരു ആണ്‍കുഞ്ഞിന് വേണ്ടി തിരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ സഫ്ദാര്ജംഗ് ആശുപത്രിയില്‍ എത്തി. കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘനടനയില്‍ നിന്നാണെന്ന് പറഞ്ഞ് പ്രസവവാര്‍ഡില്‍ ഇടയ്ക്കിടെ എത്തും. ഇതിനിടെ ഒരു ആണ്‍കുഞ്ഞ് ജനിച്ച കുടുംബത്തെ പരിചയപ്പെട്ട് അവരുടെ വിശ്വാസം നേടിയിരുന്നു.

വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അമര്‍ കോളനി പോലീസ് സ്‌റ്റേഷനില്‍ തട്ടിക്കൊണ്ടുപോകല്‍ വിവരം ലഭിച്ചത്. തട്ടിക്കൊണ്ടുപോയയാള്‍ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ച് തങ്ങളെ കണ്ടിരുന്നുവെന്നും ഒരു എന്‍ജിഒ അംഗമാണെന്ന് സ്വയം പരിചയപ്പെടുത്തുകയും ചെയ്തതായി കുഞ്ഞിന്റെ കുടുംബം അന്വേഷണത്തിനിടെ അറിയിച്ചു. അമ്മയ്ക്കും കുഞ്ഞിനും സൗജന്യമരുന്നും മറ്റും ആനുകൂല്യങ്ങളും നല്‍കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും മാതാപിതാക്കള്‍ അറിയിച്ചു.

പിന്നീട് കുട്ടിയെ പരിശോധിക്കാനെന്ന വ്യാജേന ശ്വേത അവരെ നിരന്തരം പിന്തുടര്‍ന്നിരുന്നു. ബുധനാഴ്ച ഗര്‍ഹിയിലെ മംമ്‌രാജ് മൊഹല്ലയിലുള്ള ഇവരുടെ വീട്ടില്‍ കുഞ്ഞിന്റെ പരിശോധനയ്ക്കായി എത്തിയിരുന്നു. വ്യാഴാഴ്ച വീണ്ടും ശ്വേത അവരുടെ വീട്ടില്‍ വന്നു. കുട്ടിയെ പുറത്ത് കൊണ്ടുപോകണമെന്ന് ഇതിനിടെ തുടരെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. വ്യാഴാഴ്ച കുഞ്ഞിന്റെ അമ്മ പുറത്ത് കൊണ്ടുപോകാന്‍ സമ്മതിച്ചു. 21-കാരിയായ അനന്തരവളേയും ശ്വേതയ്ക്കും കുഞ്ഞിനുമൊപ്പം അയക്കുകയും ചെയ്തു.

കാറിലായിരുന്നു കൊണ്ടുപോയത്. ഇതിനിടെ തനിക്കൊപ്പം വിട്ട കുട്ടിയുടെ ബന്ധുവിന് ശ്വേത മയക്കുമരുന്ന് ചേര്‍ത്ത ശീതള പാനീയം നല്‍കി. ബോധരഹിതയായ ഇവരെ പിന്നീട് യുപിയിലെ ഗാസിയാബാദില്‍ ഉപേക്ഷിച്ചു. ബോധം തിരികെ വന്ന ശേഷമാണ് ബന്ധുവായ യുവതി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ വിവരം മറ്റുള്ളവരെ അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week