ശോഭ പറയുന്നത് പച്ചക്കള്ളം ശോഭയെ കണ്ടിട്ടില്ല,ഫോണിൽ പോലും സംസാരിച്ചിട്ടില്ല; അവർ പറയുന്ന ഹോട്ടലിലും ഇതുവരെ പോയിട്ടില്ല: ഇ.പി.ജയരാജൻ

തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെ കണ്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് ഇ.പി.ജയരാജന്‍. തനിക്കുനേരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായിട്ടുള്ള എന്തോ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രകാശ് ജാവഡേക്കറുമായി നടത്തിയത് രാഷ്ട്രീയ ചര്‍ച്ചയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതിനായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഇ.പി. ജയരാജന്‍.

”ഞാന്‍ അവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഫോണില്‍ പോലും അവരോട് സംസാരിച്ചിട്ടില്ല. എനിക്കുനേരെയുള്ള ആക്രമണത്തിനു പിന്നില്‍ ആസൂത്രിതമായിട്ടുള്ള എന്തോ ഒരു പദ്ധതിയുണ്ട്. ആ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ എനിക്കെതിരെയുള്ള ആരോപണങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്. പ്രകാശ് ജാവഡേക്കറുമായി നടത്തിയത് രാഷ്ട്രീയ ചര്‍ച്ചയല്ല. അത് പാര്‍ട്ടിയോട് പറയേണ്ട കാര്യം എന്താണ്.”- ജയരാജന്‍ ചോദിച്ചു.

”പ്രകാശ് ജാവഡേക്കര്‍ എന്നെ പരിചയപ്പെടമെന്ന് ആവശ്യപ്പെട്ടാണ് വന്നത്. പരിചയപ്പെട്ടു, പിരിഞ്ഞു. അദ്ദേഹത്തെ കൂട്ടി ടി.ജി. നന്ദകുമാര്‍ എന്തിനാണ് എന്റെ അടുത്തുവന്നത് എന്നതാണ് അന്വേഷിക്കേണ്ടത്. അവര്‍ പറയുന്ന ഹോട്ടലില്‍ ഞാന്‍ ഇന്നേവരെ പോയിട്ടില്ല. ശോഭാ സുരേന്ദ്രനെതിരെ നിയമപരമായി നടപടിയെടുക്കണമോ എന്ന് ആലോചിക്കും.

ബിജെപി കേരള പ്രഭാരി പ്രകാശ് ജാവഡേക്കറുമായി ചര്‍ച്ച നടത്തിയെന്ന സംഭവം വാര്‍ത്തയായതോടെ ഇക്കാര്യം ജയരാജന്‍ പരസ്യമായി സമ്മതിച്ചിരുന്നു. ഇതുസംബന്ധിച്ച് സിപിഎമ്മിനുള്ളിലും സിപിഐയ്ക്കുള്ളിലും അതൃപ്തി പുകയുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ജയരാജനെ തള്ളി അന്നുതന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നത് സംബന്ധിച്ച് ചര്‍ച്ച നടക്കുമെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News