26.2 C
Kottayam
Thursday, May 16, 2024

ബിജെപിയിൽ ചേരാനുള്ള തന്റേടത്തോടെ ഇ.പി ഡൽഹിയിലെത്തി;ഒരു ഫോൺ വന്നു, സമ്മര്‍ദ്ദത്തിലായി: ശോഭ സുരേന്ദ്രൻ

Must read

തിരുവനന്തപുരം ∙ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ബിജെപിയിലേക്കു പോകാൻ ചർച്ച നടത്തിയെന്ന ബോംബ് ആദ്യം പൊട്ടിച്ചത് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനാണ്. ഈ വിവാദവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശോഭ വെളിപ്പെടുത്തുന്നു.


ശോഭയുടെ വാക്കുകള്‍

ജയരാജൻ പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയ്ക്കും വഴിയൊരുക്കിയത് ഞാന്‍ അല്ല. ആ കൂടിക്കാഴ്ചയെക്കുറിച്ച് ഇപ്പോൾ പുറത്തുവന്ന വാർത്തകളിൽ നിന്നുള്ള വിവരമാണ് എനിക്കുമുള്ളത്. ജാവഡേക്കർ കേരളത്തിന്റെ ചുമതലയിലേക്കു വരുന്നതിനു മുൻപാണ് ഞാനും ജയരാജനുമായി ചർച്ച നടന്നത്. 

2 തവണ ഞങ്ങൾ കണ്ടിട്ടുണ്ട്. അതിനു വഴിയൊരുക്കാനായി നന്ദകുമാർ വടക്കാഞ്ചേരിയിലെ എന്റെ സഹോദരിയുടെ മകന്റെ വസതിയിലും തൃശൂരിലെ എന്റെ വാടകവീട്ടിലും 2 തവണ വീതം വന്നിട്ടുണ്ട്. അതിൽ 3 തവണയും ജയരാജനുമായി സംസാരിക്കുന്നത് സ്പീക്കറിലിട്ടു കേൾപ്പിച്ചു.

അദ്ദേഹവുമായി നേരിട്ടു സംസാരിക്കണമെന്നു ഞാൻ പറഞ്ഞു. 2023 ജനുവരിയിൽ നന്ദകുമാറിന്റെ വെണ്ണലയിലെ വീട്ടിൽ വച്ചായിരുന്നു ജയരാജനുമായുള്ള ആദ്യ കൂടിക്കാഴ്ച. ജയരാജൻ തീരുമാനം എടുത്തുകഴിഞ്ഞെന്ന് ആ കൂടിക്കാഴ്ചയിൽ എനിക്കു ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ പാർട്ടി കേന്ദ്രനേതൃത്വവുമായി ഞാൻ ബന്ധപ്പെടുകയും ജയരാജനെ കാണാൻ അവർ തയാറാകുകയും ചെയ്തു. 

ഹോട്ടൽ ലളിതിൽ വച്ചു ഞങ്ങൾ 3 പേരും കണ്ടു. ബിജെപിയിൽ ചേരാനുള്ള തന്റേടത്തോടെ തന്നെയാണ് അദ്ദേഹം വന്നത്. ഹോട്ടൽ മുറിയിൽ വച്ചു ഞങ്ങൾ ചായകുടിച്ച് അഞ്ചാറു മിനിറ്റ് സംസാരിച്ചു കാണും, അപ്പോൾ ഒരു ഫോൺ വന്നു. അതോടെ അദ്ദേഹം ആകെ ടെൻഷനിലായി, മുഖഭാവവും ശരീരഭാഷയും മാറി. 

പിറ്റേന്ന് ബിജെപിയിൽ ചേരാനുള്ള എല്ലാ തയാറെടുപ്പും നടത്തിയിരിക്കെ  അദ്ദേഹം പെട്ടെന്നു പിന്മാറി. ‘നമുക്ക് ഒന്നു നീട്ടി വയ്ക്കേണ്ടി വരും’ എന്നാണ് എന്നോടു പറഞ്ഞത്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ബിജെപി നേതാവുമായുള്ള ജയരാജന്റെ കൂടിക്കാഴ്ചയാണ്  തീരുമാനിച്ചിരുന്നത്. അദ്ദേഹത്തെ ആരാണു  വിളിച്ചതെന്ന് എനിക്ക് അറിയില്ല. 

തന്നെക്കാൾ ജൂനിയറായ എം.വി.ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിന്റെ അനിഷ്ടവും വേദനയുമാണ് പറഞ്ഞത്. പാർട്ടിക്കു വേണ്ടി കഷ്ടപ്പാടും ബുദ്ധിമുട്ടും  കൂടുതൽ സഹിച്ചതു  നന്ദകുമാർ വീണ്ടും വിളിച്ചിട്ടാണു ഞാൻ പോയത്. ഇനി ഇക്കാര്യത്തിൽ താൽപര്യമില്ലെന്നു ഞാൻ തീർത്തുപറഞ്ഞിരുന്നു. എന്നാൽ അന്നു സംഭവിച്ചതു ജയരാജനു വിശദീകരിക്കണമെന്നുണ്ടെന്നു നന്ദകുമാർ പറഞ്ഞു. എം.വി.ഗോവിന്ദന്റെ യാത്ര തൃശൂരിൽ എത്തിയ ദിവസമായിരുന്നു കൂടിക്കാഴ്ച.

കണ്ടപ്പോൾ താൻ അനുഭവിക്കുന്ന മാനസിക സംഘർഷത്തെക്കുറിച്ച് ഇ.പി വിശദീകരിച്ചു. തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്നും തൽക്കാലം മാറ്റിവയ്ക്കേണ്ടി വരുമെന്നും പറഞ്ഞു. പിന്നീട് വിവരം അറിയിക്കാമെന്നും പറഞ്ഞു. പിന്നീടൊരിക്കൽ ഞാൻ കൊച്ചിയിൽ ഉള്ളപ്പോൾ ഒരു ഫോൺ വന്നു. 

ഒരു ഹോട്ടൽ പറഞ്ഞിട്ട് അവിടെ എത്താൻ ജയരാജന്റെ നിർദേശമുണ്ടെന്നു വിളിച്ചയാൾ പറഞ്ഞു. അവിടെ വച്ചാണ് ജയരാജന്റെ മകനെ കാണുന്നത്. അല്ലാതെ ജയരാജൻ പറഞ്ഞതു പോലെ യാദൃച്ഛികമായി കണ്ട് നമ്പർ വാങ്ങിയതൊന്നുമല്ല.

ജയരാജന്റെ ആവശ്യപ്രകാരം നന്ദകുമാർ എന്നെ തേടി വരികയായിരുന്നു. ഇ.പിയോടു സംസാരിച്ചാണു പത്രസമ്മേളനം നടത്തുന്നതെന്നു നന്ദകുമാർ തന്നെ പറഞ്ഞല്ലോ. ദല്ലാളിനെ ഇറക്കി എനിക്കെതിരെ ഇല്ലാത്ത ആരോപണം കെട്ടിച്ചമച്ചു തിരഞ്ഞെടുപ്പിന്റെ മൂർധന്യത്തിൽ നശിപ്പിക്കാൻ ആരാണ് ശ്രമിച്ചത്? അതുകൊണ്ടാണ് ഇതെല്ലാം എനിക്കു പുറത്തു പറയേണ്ടിവന്നത്. 

 എനിക്ക് കേന്ദ്രനേതൃത്വത്തിലെ പ്രമുഖരുമായുള്ള ബന്ധം അദ്ദേഹത്തിനു ബോധ്യമായിട്ടുണ്ടാകും. അല്ലെങ്കിൽ നന്ദകുമാർ അതു ബോധ്യപ്പെടുത്തിക്കാണും. 

 കേരളത്തിലെ പല പാർട്ടികളിലുമുള്ള 9 പ്രമുഖരുമായി ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ടു ചർച്ച നടത്തിയിട്ടുണ്ട്. രാഷ്ട്രീയ നൈതികത ഉള്ളതുകൊണ്ടാണ് അതൊന്നും പുറത്തു പറയാത്തത്. എനിക്കെതിരെ ദല്ലാളിനെ ഇറക്കി സിപിഎം കളിച്ചതു കൊണ്ടാണ് ജയരാജന്റെ കാര്യം പറയേണ്ടിവന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week