എന്റെ റേറ്റ് എങ്ങിനെ 25000 ആയി,റേറ്റ് തേടിയുള്ള ഫോണ്‍വിളിയില്‍ ആഴ്ചകളോളം ഇരുട്ടുമുറിയിലിരുന്ന യുവതിയുടെ വെളിപ്പെടുത്തലുകള്‍
കൊച്ചി സൈബര്‍ ആക്രമണങ്ങളും ഇന്റര്‍നെറ്റ് കുരുക്കുകളും നിരവധി പെണ്‍കുട്ടികളുടെയും വീട്ടമ്മമാരുടെയും ജീവിതമാണ് ഇല്ലാതാക്കിയിരിയ്ക്കുന്നത്.അപമാനം ഭയന്ന് പലരും ജീവനൊടുക്കി ചിലര്‍ ആരോരുമറിയാതെ ഒളിവു ജീവിതം നയിച്ചു. ഇത്തരത്തില്‍ ക്രൂരമായ സൈബര്‍ ആക്രമണത്തിന്റെ ഇരയാണ് കൊച്ചി വൈപ്പിന്‍ സ്വദേശിയയ ക്രിസ്റ്റി എവര്‍ട്ട്.
പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടന്ന പരിപാടിക്കെതിരെ പ്രതിഷേധിച്ച ആതിരയുടേതെന്ന പേരിലാണ് ക്രിസ്റ്റിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വീണ്ടും പ്രചാരത്തിലായത്.
സോഷ്യല്‍ ഡേറ്റിംഗ് ആപ്പുകളില്‍ ക്രിസ്റ്റിയുടെ ചിത്രവും ഫോണ്‍ നമ്പരും ഭര്‍ത്താവിന്റെ സുഹൃത്തുക്കളിലൊരാള്‍ ഇട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം.ഭര്‍ത്താവുമായി വിവാഹബന്ധം വേര്‍പെട്ടകാലമായിരുന്നു. ദുഷ്ടലാക്കോടെയെത്തിയ സുഹൃത്തിനെ ക്രിസ്റ്റി ഒരുകയ്യകലത്തില്‍ നിര്‍ത്തി.ഇതിന്റെ പ്രതികാരമായിരുന്നു നടപടി.
മകന്‍ ഉപയോഗിച്ചിരുന്ന ഫോണിലേക്ക് പിന്നീട് റേറ്റ് ചോദിച്ചുള്ള വിളികളുടെ പ്രവാഹമായിരുന്നു.വിളിച്ചവരില്‍ ഒരാളോട് കാര്യങ്ങള്‍ എത്രപറഞ്ഞിട്ടും ബോധ്യമായില്ല. ഒടുവില്‍ വശംകെട്ട് 25000 രൂപ പറഞ്ഞ. പണം ആയശേഷം വിളിയ്ക്കാന്‍ പറഞ്ഞത് അയാള്‍ക്കിട്ട് പണികൊടുക്കാനായിരുന്നുവെന്ന് ക്രിസ്റ്റി് പറയുന്നു.എന്നാല്‍ ഇയാള്‍ക്ക് പിന്നില്‍ മറ്റാരെക്കെയോ കളിയ്ക്കുകയായിരുന്നുവെന്ന് പിന്നീട് മനസിലായി.ഞരമ്പുരോഗിയ പൂട്ടാന്‍ നടത്തിയ സംഭാഷണങ്ങള്‍ക്കൊടുവില്‍ താന്‍ ഇടപാടുകാരിയായി ചിത്രീകരിയ്ക്കപ്പെടുകയായിരുന്നു.
ഫോണ്‍ സംഭാഷണത്തോട് ചേര്‍ത്ത് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്നും ഗ്രൂപ്പുകളിലേക്ക് ചിത്രങ്ങള്‍ പ്രചരിച്ചു. ചിത്രത്തിലുണ്ടായിരുന്ന വാഹനത്തിന്റെ നമ്പര്‍ നോക്കി ആര്‍.ടി.ഒ സൈറ്റില്‍ നിന്നും പേരും മനസിലാക്കി ഫേസ് ബുക്കില്‍ തെരഞ്ഞു. ശല്യം വര്‍ദ്ധിച്ചതോടെ ഫേസ് ബുക്ക് അക്കൗണ്ട് ഡീ അക്ടിവേറ്റ് ചെയ്തു വാഹനവും വിറ്റു. താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്ന് ഇറക്കിവിടുകയും ചെയ്തു. കടുത്ത മാനസിക പീഡനത്തിലൂടെ കടന്നുപോയ ദിവസങ്ങള്‍ മുറി അടച്ച് വീട്ടില്‍ തന്നെ ദിവസങ്ങളോളം ചെലവഴിച്ചതായി ക്രിസ്റ്റി പറയുന്നു.
ഇതിനൊക്കെ ശേഷം മക്കളുമായി സാധാരണ ജീവിതം നയിക്കാന്‍ തുടങ്ങിയതിനിടെയാണ് പാവക്കുളത്തെ യുവതിയെന്ന പേരില്‍ വീണ്ടും സൈബര്‍ ആക്രമണം. അഞ്ജിത ഉമേഷ് എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നായിരുന്നു ചിത്രങ്ങള്‍ പ്രചരിച്ചത്.
പാവക്കുളത്ത് പ്രതിഷേധിച്ച ആതിരയുടേതെന്ന പേരില്‍ ബിജെപി എറണാകുളം ജില്ലാ മെമ്പര്‍ ജലജ ശ്രീനിവാസ് ആചാര്യ ക്രിസ്റ്റിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ജലജ ഷെയര്‍ ചെയ്ത സ്‌ക്രീന്‍ ഷോട്ട് ഒരു സുഹൃത്ത് ക്രിസ്റ്റിക്ക് അയച്ചു നല്‍കി. ഇക്കാര്യം ചണ്ടിക്കാട്ടി ഡിസിപിക്ക് പരാതി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ ജലജ ശ്രീനിവാസ് ആചാര്യയുടെ ഫേസ്ബുക്കില്‍ ഉണ്ടായിരുന്ന ക്രിസ്റ്റിക്കെതിരായ പോസ്റ്റ് നീക്കം ചെയ്തു. അഞ്ജിത ഉമേഷ് എന്ന പേരിലുള്ള ഫേസ്ബുക്ക് പേജും ഡിലീറ്റ് ചെയ്തു.
ആലപ്പുഴ സ്വദേശി ശ്യാം പത്മനാഭ കൈമള്‍ എന്നയാളുടെ ഫേസ്ബുക്ക് പേജിലും ക്രിസ്റ്റിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. അഡ്വക്കേറ്റ് ഇടപെട്ട് പോസ്റ്റ് നീക്കം ചെയ്യാന്‍ ശ്രമം നടന്നെങ്കിലും അയാള്‍ വഴങ്ങിയില്ല. ക്രിസ്റ്റിക്കെതിരെ കൂടുതല്‍ പോസ്റ്റുകള്‍ ശ്യാം പത്മനാഭവ കൈമള്‍ ഷെയര്‍ ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതായി ചൂണ്ടിക്കാട്ടി പരാതി നല്‍കിയിട്ടും പൊലീസ് അവഗണിച്ചുവെന്ന് ക്രിസ്റ്റി പറയുന്നു.
തനിക്കെതിരെയുള്ള നീക്കത്തിന് പിന്നില്‍ ആരാണെന്ന് ക്രിസ്റ്റിക്ക് വ്യക്തതയില്ല. പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെയാണ് ക്രിസ്റ്റി കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിയ്ക്കുന്നത്.