കൊച്ചി: അർധബോധാവസ്ഥയിലുള്ള ലൈംഗികബന്ധം അനുമതിയോടെയെന്ന് കരുതാനാകില്ലെന്ന് ഹൈക്കോടതി. വിദ്യാർഥിനിയെ ലഹരിനൽകി അർധബോധാവസ്ഥയിലാക്കി ബലാത്സംഗംചെയ്തെന്ന കേസിൽ, പ്രതിയുടെ മുൻകൂർജാമ്യഹർജി തള്ളിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ ഇക്കാര്യം വ്യക്തമാക്കിയത്.
പട്ടികജാതി-വർഗ പീഡന നിരോധന നിയമമടക്കം ചുമത്തി രാമമംഗലം പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് പരാമർശം. പ്രതിയുടെ മുൻകൂർജാമ്യഹർജി എറണാകുളം പ്രത്യേകകോടതിയും തള്ളിയിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നെന്നും പിന്മാറിയതിനെത്തുടർന്ന് വിദ്യാർഥിനി വ്യാജപരാതി നൽകിയെന്നുമാണ് ഹർജിക്കാരന്റെ വാദം.
കഴിഞ്ഞവർഷം നവംബർ 18-ന് കോളേജിൽവെച്ചാണ് വിദ്യാർഥിനി പീഡനത്തിന് ഇരയായത്. സംഭവദിവസം പ്രതി പെൺകുട്ടിയെ കോളേജ് ലൈബ്രറിയിലേക്ക് വിളിച്ചു. അവിടെയെത്തിയപ്പോൾ പ്രതിയും സുഹൃത്തുക്കളും മദ്യപിക്കുന്നതും പുക വലിക്കുന്നതുമാണ് കണ്ടത്. പെൺകുട്ടിയോടും പുകവലിക്കാൻ ആവശ്യപ്പെട്ടു. തയ്യാറാകാതിരുന്നപ്പോൾ പ്രതി കേക്കും കുപ്പിവെള്ളവും നൽകി. ഇത് കഴിച്ചപ്പോൾ കാഴ്ച കുറയുകയും അർധബോധാവസ്ഥയിലാകുകയും ചെയ്തു.
തുടർന്ന് കോളേജിന്റെ മുകൾനിലയിൽ കൊണ്ടുപോയി ബലാത്സംഗംചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്.
തുടർന്ന് ഡിസംബർ ഏഴുവരെ പലദിവസങ്ങളിൽ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.