കൊച്ചി: ഇടുക്കി കളക്ടർ ഷീബാ ജോർജിനെ മാറ്റാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി. തിരഞ്ഞെടുപ്പിന് മുമ്പ് ഇടുക്കി കളക്ടർ ഷീബാ ജോർജിനെ സ്ഥലംമാറ്റുന്നതിന് സർക്കാർ തീരുമാനം എടുത്തിരുന്നു. മൂന്ന് വർഷം കഴിഞ്ഞതിനാൽ സ്ഥലം മാറ്റണമെന്നായിരുന്നു സർക്കാർ ആവശ്യം. എന്നാൽ, മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ നടക്കുന്നതിനാൽ കളക്ടറെ മാറ്റരുതെന്ന് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു.
തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായതോടെ വീണ്ടും കളക്ടറെ മാറ്റുന്നതിന് സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കലും പട്ടയവിതരണവും ഉൾപ്പെടെയുള്ള നടപടികളിൽ യാതൊരു വീഴ്ചയും ഉണ്ടാകരുതെന്ന് കർശന നിർദേശം നൽകിയാണ് കോടതി അനുമതി നൽകിയത്.
മൂന്നാർ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ തുടരണമെന്നും കളക്ടറെ മാറ്റുമ്പോൾ സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്നും കോടതി നിർദേശം നൽകി. ചുമതലയിൽ ജില്ലാ കളക്ടറുടെ റാങ്കിൽ കുറയാത്ത ഐഎഎസ് ഉദ്യോഗസ്ഥനെത്തന്നെ നിയമിക്കണമെന്നും കോടതി വ്യക്തമാക്കി.