KeralaNews

‘സിദ്ദിഖിന്റെ ആ വാദം നിലനിൽക്കില്ല, പ്രഥമദൃഷ്ട്യാ കുറ്റക്കാരൻ; വൈദ്യപരിശോധന’സ്ത്രീ ഏതു സാഹചര്യത്തിലും ബഹുമാനം അർഹിക്കുന്നുണ്ടെന്നും കോടതി

കൊച്ചി: നടൻ സിദ്ദിഖിന്റെ മുൻ‍കൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. അതിജീവിതയുടെ പരാതി അങ്ങേയറ്റം ഗൗരവമുള്ളതും ഗുരുതരവുമാണ് എന്നു കോടതി വ്യക്തമാക്കി. കോടതിക്കു മുമ്പാകെയുള്ള തെളിവുകൾ പരിശോധിച്ചതിൽനിന്ന് സിദ്ദിഖിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുണ്ടെന്നും ജസ്റ്റിസ് സി.എസ്.ഡയസ് തന്റെ വിധിയിൽ പറയുന്നു. പരാതിക്കാരിയെ വ്യക്തിഹത്യ നടത്തിയെന്നു നിരീക്ഷിച്ച കോടതി സ്ത്രീ ഏതു സാഹചര്യത്തിലും ബഹുമാനം അർഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

പരാതിക്കാരിയെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിലാണ് സിദ്ദിഖിന്റെ അഭിഭാഷകൻ വാദിച്ചത് എന്നു കോടതി ചൂണ്ടിക്കാട്ടി. 14 പേർക്കെതിരെ പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു എന്നതുകൊണ്ടു പരാതിക്കു വിശ്വാസ്യതയില്ല എന്നും വാദിച്ചു. ഇത് അനാവശ്യമായ പരാമർശമായിരുന്നു. ലൈംഗികമായി ആക്രമിക്കപ്പെടുന്ന ഒരു സ്ത്രീക്കുണ്ടാകുന്ന അനുഭവം അവരുടെ സ്വഭാവത്തെയല്ല കാട്ടുന്നത്, മറിച്ച് അവർ നേരിടുന്ന ദുരിതത്തെയാണ്.

ഒരു സ്ത്രീയെ മോശക്കാരിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ഒരുപക്ഷേ അവരെ നിശബ്ദയാക്കാൻ വേണ്ടിയായിരിക്കും. എന്നാൽ അതു നിയമത്തിന് എതിരാണ്. പരാതിക്കാരിയുടെ സ്വഭാവമല്ല, പരാതിയുടെ ഗൗരവമാണു കോടതി കണക്കാക്കാറുള്ളത്. അതുകൊണ്ടു തന്നെ സിദ്ദിഖ് പരാതിയിൽ പറയുന്ന കുറ്റം ചെയ്തെന്നു പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നുണ്ടോ, മുൻകൂർ ജാമ്യത്തിന് അർഹനാണോ എന്നുമാത്രമാണു കോടതി പരിഗണിക്കുന്നത്.

മുൻകൂർ ജാമ്യം നൽകുന്നതിനു മുമ്പ് പരാതിയുടെ സ്വഭാവവും ആരോപണവിധേയനായ ആള്‍ക്ക് അതിലുള്ള പങ്കും വിശദമായി പരിശോധിക്കുകയും വിലയിരുത്തുകയും വേണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിട്ടുള്ളത് എന്നും കോടതി പറഞ്ഞു. തുടർന്ന്, സിദ്ദിഖിന്റെ അഭിഭാഷകൻ ഉയർത്തിയ വാദങ്ങൾ ഓരോന്നായി കോടതി തള്ളി. പരാതി നൽകാൻ വൈകി എന്നതുകൊണ്ട് അതിൽ കഴമ്പില്ല എന്നു പറയാൻ കഴിയില്ലെന്ന് വിവിധ സുപ്രീം കോടതി വിധിന്യായങ്ങൾ അടക്കം ഉദ്ധരിച്ചു കോടതി പറയുന്നു. ലൈംഗികാക്രമണ കേസുകളിലെ അതിജീവിതമാർ‍ അതുണ്ടാക്കിയ നടുക്കത്തിൽനിന്നു പുറത്തു വരാൻ സമയമെടുത്തേക്കും. അഭിമാനം നഷ്ടപ്പെടുമോ, ഭയം അടക്കമുള്ള അനേകം കാര്യങ്ങൾ പരാതി നൽകുന്നതിൽനിന്നു വൈകിപ്പിക്കാറുണ്ട്. എന്തുകൊണ്ടു വൈകി എന്ന സാഹചര്യങ്ങളും മറ്റും വിചാരണ കോടതിയിൽ പരിശോധിക്കാവുന്നതാണ്. 

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്ന് ഈ പരാതിക്കാരി ഉൾപ്പെടെയുള്ളവർക്ക് അതിക്രമത്തെക്കുറിച്ചു തുറന്നുപറയാനുള്ള സാഹചര്യം ഉണ്ടാക്കിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. 2019ൽ ഈ റിപ്പോർട്ട് സമർപ്പിച്ചതാണെങ്കിലും അഞ്ച് വർഷം സർക്കാർ ഇക്കാര്യത്തിൽ തന്ത്രപരമായ നിശബ്ദത പാലിച്ചുവെന്നും കോടതി വിധിന്യായത്തിൽ പറയുന്നു.

തന്റെ ലൈംഗികാവയവം കടത്തി ബലാത്സംഗം ചെയ്തുവെന്നു പരാതിയിലില്ല എന്ന സിദ്ദിഖിന്റെ വാദവും കോടതി തള്ളി. ഐപിസി 375–ാം വകുപ്പിൽ ലൈംഗികാവയവം ഉപയോഗിച്ചുള്ള പീഡനം മാത്രമല്ല, മറ്റേതു ഭാഗം കൊണ്ടാണെങ്കിലും സ്ത്രീയുടെ സമ്മതമില്ലെങ്കിൽ അതു ബലാത്സംഗത്തിന്റെ പരിധിയിൽ വരും. അതുകൊണ്ടു തന്നെ ലിംഗം പ്രവേശിപ്പിച്ചുള്ള ലൈംഗികബന്ധം ഉണ്ടായിട്ടില്ലെന്ന വാദം നിലനിൽക്കില്ല.

സമൂഹത്തിന്റെ ഏതു തട്ടിൽ നിന്നുള്ളതാണെങ്കിലും ഏതു വിശ്വാസം പുലർത്തുന്നതാണെങ്കിലും ഏതു സാഹചര്യത്തിലും ഒരു സ്ത്രീ ബഹുമാനം അർഹിക്കുന്നു എന്ന ബിൽ‍ക്കീസ് ബാനു കേസിലെ സുപ്രീം കോടതി നിരീക്ഷണവും ജസ്റ്റിസ് ഡയസ് വിധിന്യായത്തിൽ എടുത്തു പറയുന്നു. കോടതിക്കു മുമ്പാകെയുണ്ടായ വാദങ്ങളും സമർപ്പിക്കപ്പെട്ട തെളിവുകളും രേഖകളും പരിശോധിച്ചതിൽനിന്നു സിദ്ദിഖിന് ഈ കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാണു പ്രഥമദൃഷ്ട്യാ തെളിയുന്നത് എന്ന് കോടതി പറഞ്ഞു.

കുറ്റകൃത്യത്തെ പൂർണമായി നിരാകരിക്കുന്ന സാഹചര്യത്തിൽ കേസന്വേഷണം ശരിയായി പൂർത്തിയാക്കാനും ലൈംഗികശേഷി പരിശോധിക്കുന്നതിനും കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. മാത്രമല്ല, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും തെളിവു നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയതും പരിഗണിച്ച് സിദ്ദിഖിന് മുൻകൂർജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker