തൃഷയുടേത് പോലെ ഹോട്ടൽ വേണം, നിവിൻ ഷൂട്ടിംഗിലുണ്ടാക്കിയ പ്രശ്നങ്ങൾ; നഷ്ടം കോടികൾ; നിർമാതാവ്
കൊച്ചി:നിവിൻ പോളിയുടെ കരിയർ ഗ്രാഫ് സിനിമാ ലോകത്ത് അടുത്തിടെയായി ചർച്ചയാകുന്നുണ്ട്. സൂപ്പർതാരമായി മാറുമെന്ന് ഏവരും പ്രതീക്ഷിച്ച നിവിന് പക്ഷെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തുടരെ പരാജയങ്ങളാണ്. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ പിഴവ് പറ്റുന്നു എന്നതിനൊപ്പം നടന്റെ സ്ക്രീൻ പ്രസൻസ് നഷ്ടപ്പെട്ട് തുടങ്ങിയെന്നും വിമർശനങ്ങൾ വരുന്നുണ്ട്. പ്രേമം, ഒരു വടക്കൻ സെൽഫി തുടങ്ങി നിരവധി ഹിറ്റുകൾ സമ്മാനിച്ച പഴയ നിവിന്റെ തിരിച്ച് വരവിനായി കാത്തിരിക്കുകയാണ് ആരാധകർ.
നിവിൻ പോളിക്കെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നിർമാതാവ് അനിൽ അമ്പാലക്കര. നിവിൻ നായകനായ ഹെയ് ജൂഡ് എന്ന സിനിമ നിർമിച്ചത് ഇദ്ദേഹമാണ്. നിവിനും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഹെയ് ജൂഡ് 2018 ലാണ് റിലീസ് ചെയ്യുന്നത്. സിനിമയുടെ സാമ്പത്തിക നഷ്ടത്തെക്കുറിച്ച് സംസാരിക്കവെയാണ് നിവിൻ പോളിക്കെതിരെ നിർമാതാവ് ആരോപണങ്ങൾ ഉന്നയിച്ചത്.
കാളിദാസ് ജയറാമിനെയാണ് സിനിമയിലേക്ക് ആദ്യം പരിഗണിച്ചത്. സിനിമയുടെ കഥ കേട്ടപ്പോൾ നിവിൻ പോളിക്ക് ഇഷ്ടമായി. സാറ്റ്ലൈറ്റ് മൂല്യവും മറ്റും പരിഗണിച്ച് നിവിൻ പോളിയെ നായകനാക്കിയെന്നും അനിൽ അമ്പാലക്കര വ്യക്തമാക്കി. അഡ്വാൻസായി 25 ലക്ഷത്തിന്റെ ചെക്ക് നൽകി. പ്രതിഫലക്കാര്യം ശ്യാമപ്രസാദിനോട് ചോദിച്ചപ്പോൾ പറഞ്ഞ് ശരിയാക്കാം, പക്കാ കൊമേഴ്ഷ്യൽ സിനിമയല്ലല്ലോ എന്ന് പറഞ്ഞു.
എന്നാൽ ഷൂട്ടിംഗ് തുടങ്ങാനിരിക്കെ നിവിന്റെ എഗ്രിമെന്റ് വാങ്ങിക്കാൻ പ്രൊഡക്ഷൻ കൺട്രോളർ പോയപ്പോൾ ഒന്നരക്കോടിയാണ് എഴുതിയതെന്ന് നിർമാതാവ് പറയുന്നു. ശ്യാമപ്രസാദിനെ വിളിച്ചപ്പോൾ പിന്നീട് സംസാരിച്ച് ക്ലിയർ ചെയ്യാം എന്ന് പറഞ്ഞു. അവസാനം ഇത് വലിയൊരു പ്രശ്നമായി. സിങ്ക് സൗണ്ട് ആയിരുന്നെങ്കിലും പാച്ച് ഡബ്ബിംഗിന് വിളിച്ചപ്പോൾ ബാക്കി തുക തരാതെ വരില്ലെന്ന് പറഞ്ഞു.
പ്രതിഫലം ആദ്യം പറയാതെ ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് എന്റെ പുതിയ അനുഭവമാണ്. ഷൂട്ടിംഗ് തുടങ്ങിയപ്പോഴും ഇതുപോലെ പ്രശ്നങ്ങളായി. ഷൂട്ട് തുടങ്ങി ആറാമത്തെ ദിവസം പുള്ളി അവിടെ നിന്നും മുങ്ങി. കോഴിക്കോട് ഉദ്ഘാടനത്തിന് പോകണമെന്ന്. തൃഷ ഷൂട്ടിന് വന്നിട്ടും ഇദ്ദേഹമില്ലാത്തത് കൊണ്ട് നടന്നില്ല. തലേദിവസമാണ് പറയുന്നത്. ഗോവയിലെ ലൊക്കേഷനിൽ വന്നപ്പോൾ തൃഷ ഒരു ഹോട്ടലിൽ താമസം വേണമെന്ന് പറഞ്ഞു.
അപ്പോൾ എനിക്കും അത്തരത്തിൽ ഹോട്ടൽ വേണമെന്ന് പറഞ്ഞ് ഇദ്ദേഹവും മാറ്റി.പിന്നീട് അമേരിക്കയിൽ മൂന്നാല് ദിവസത്തെ പരിപാടിയുണ്ടെന്ന് പറഞ്ഞു. ഇതൊക്കെ നേരത്തെ പറയണമായിരുന്നെന്ന് ഞാൻ. പ്രതീക്ഷിച്ചതിലും സിനിമയ്ക്ക് വലിയ ചെലവ് വന്നെന്നും നിർമാതാവ് തുറന്നടിച്ചു.
ഹെയ് ജൂഡ് പരാജയപ്പെടാനുണ്ടായ കാരണത്തെക്കുറിച്ചും അനിൽ അമ്പാലക്കര സംസാരിച്ചു. തമിഴിൽ നിവിൻ ചെയ്ത റിച്ചി എന്ന സിനിമ പൊളിഞ്ഞു. അത് ഈ സിനിമയെയും ബാധിച്ചു. ഫാൻസുകാരെ വിളിച്ചിട്ട് അവർ പോലും സഹകരിക്കാൻ തയ്യാറല്ലായിരുന്നു. അതിന് മുമ്പിറങ്ങിയ ഞണ്ടുകളുടെ വീട് എന്ന സിനിമയും വിജയിച്ചില്ല.
ഹെയ് ജൂഡ് നല്ല സിനിമയായിരുന്നെങ്കിലും തിയറ്ററിൽ ഓടിയില്ലെന്നും അനിൽ അമ്പാലക്കര ചൂണ്ടിക്കാട്ടി. നാല് കോടി രൂപയുടെ നഷ്ടം തനിക്കുണ്ടായെന്നും ഇദ്ദേഹം തുറന്നടിച്ചു. രാമചന്ദ്ര ബോസ് ആന്റ് കോ ആണ് നിവിൻ പോളിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.