KeralaNews

ചംപൈ സോറ മുഖ്യമന്ത്രി,അറസ്റ്റിന് മുമ്പ് ഹേമന്ത് സോറൻരാജിക്കത്ത്‌ നൽകി;ഝാർഖണ്ഡില്‍ നടന്നത് നാടകീയ സംഭവങ്ങള്‍

റാഞ്ചി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നേരിടുന്ന ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ രാജിവെച്ചു. രാജ്ഭവനിലെത്തി ഗവർണർ സി.പി. രാധാകൃഷ്ണന് ഹേമന്ത് സോറൻ രാജിക്കത്ത് കൈമാറി. നിലവിലെ ഗതാഗതമന്ത്രിയായ ചംപൈ സോറനെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തതായി ജെ.എം.എം. എം.എൽ.എമാർ അറിയിച്ചു.

ഇ.ഡി. അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ഹേമന്ത് സോറന്റെ രാജി. രാജിയ്ക്ക് പിന്നാലെ ബുധനാഴ്ച രാത്രി 9.30-ന് അധികൃതർ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് . ഹേമന്ത് സോറനെ ഇ.ഡി. നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

കസ്റ്റഡിയിലുള്ള സോറൻ ഇ.ഡി. ഉദ്യോഗസ്ഥർക്കൊപ്പം രാജ്ഭവനിലെത്തിയാണ് ഗവർണർക്ക് രാജിക്കത്ത് കൈമാറിയതെന്ന് ജെ.എം.എം. എം.പി. മഹുവ മാജി അറിയിച്ചു. ചംപൈ സോറൻ മുഖ്യമന്ത്രിയാവുമെന്ന് ഇവർ സ്ഥിരീകരിച്ചു. ഭരണകക്ഷി എം.എൽ.എമാർക്കൊപ്പം രാജ്ഭവനിലെത്തി ചംപൈ സോറൻ ഗവർണറെ കണ്ടു. നേരത്തെ, ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറൻ മുഖ്യമന്ത്രിയായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തിരച്ചിൽനടപടിക്കിടെ ഡൽഹിയിൽനിന്ന് അപ്രത്യക്ഷനായ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ 30 മണിക്കൂറുകൾക്കുശേഷം റാഞ്ചിയിൽ വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു. തിങ്കളാഴ്ച സോറന്റെ ഡൽഹിയിലെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇ.ഡി. സംഘത്തിന് അദ്ദേഹത്തെ കണ്ടെത്താനായിരുന്നില്ല. 13 മണിക്കൂർനീണ്ട തിരച്ചിലിൽ വീട്ടിൽനിന്ന് 36 ലക്ഷം രൂപയും ചില സുപ്രധാനരേഖകളും ഇ.ഡി. സംഘം പിടിച്ചെടുത്തു. വീട്ടിൽ നിർത്തിയിട്ടിരുന്ന ബി.എം.ഡബ്‌ള്യു. ആഡംബരക്കാർ കസ്റ്റഡിയിലെടുത്തു.

ഒടുവിൽ ചൊവ്വാഴ്ച ഉച്ചയോടെ റാഞ്ചിയിൽ അടിയന്തരമായി വിളിച്ച എം.എൽ.എ.മാരുടെ യോഗത്തിലാണ് സോറൻ പ്രത്യക്ഷപ്പെട്ടത്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി കഴിഞ്ഞ ദിവസം ഡൽഹിക്കുപോയെന്നായിരുന്നു വിശദീകരണം.

കഴിഞ്ഞ 20-ന് റാഞ്ചിയിലെ ഔദ്യോഗിക വസതിയിലെത്തി ഇ.ഡി. ഉദ്യോഗസ്ഥർ സോറനെ ചോദ്യംചെയ്തിരുന്നു. തുടർന്ന് 29-നോ 31-നോ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസും നൽകി. ഇതിനു കൃത്യമായ മറുപടിനൽകാതെ ഞായറാഴ്ച സോറൻ റാഞ്ചിയിൽനിന്ന് ഡൽഹിയിലേക്കുപോയി. ഇതോടെയാണ് ഇ.ഡി. സംഘം ഡൽഹിയിലെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker