30 C
Kottayam
Friday, April 26, 2024

അതിതീവ്ര മഴ,അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്,ദേശീയ ദുരന്ത നിവാരണ സേനയെ രംഗത്തിറക്കും

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള സാധ്യത തുടരുന്ന സാഹചര്യത്തിൽ ശക്തമായ മുന്നൊരുക്കത്തിലാണ് സർക്കാർ. ദേശീയ ദുരന്ത നിവാരണ സേനയെ (എൻഡിആർഎഫ്) അടക്കം രംഗത്തെത്തിച്ച് അതിതീവ്ര മഴ സാഹചര്യത്തെ നേരിടും. അരക്കോണത്തു നിന്നാണ് എൻഡിആർഎഫ് (NDRF) സംഘം കേരളത്തിലെത്തുക. 100 പേർ വീതമുള്ള 5 സംഘം ആണ് എത്തുക. റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ സംഘം നിലയുറപ്പിക്കും.

അതേസമയം ഇന്ന് അഞ്ച് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അല‍ര്‍ട്ടാണുള്ളത്. കാസര്‍കോട് യെല്ലോ അല‍ര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തിൽ മഴ കനക്കുന്നതിന് കാരണം. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മഴ കനത്ത പശ്ചാത്തലത്തിൽ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവ‍ര്‍ത്തിക്കുന്ന കൺട്രോൾ റൂ തുറന്നു. ടോൾ ഫ്രീ നമ്പറായ 1077 ൽ ജനങ്ങൾക്ക് 24 മണിക്കൂറും സഹായത്തിനായി ബന്ധപ്പെടാം.

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കനത്ത മഴയെ തുടര്‍ന്ന് മധ്യകേരളത്തില്‍ നിരവധിയിടങ്ങളില്‍ വെള്ളം കയറി. ആലുവയിലും കലൂരിലും വെള്ളക്കെട്ട് ഉണ്ടായി. കളമശ്ശേരി ചങ്ങംപുഴ നഗറിലെ തങ്കപ്പൻ റോഡ് പൂർണമായും മുങ്ങി, 30 ൽ അധികം വീടുകളിൽ വെള്ളം കയറി. ആലുവയിൽ ഇരുപതോളം കടകളിൽ വെള്ളം കയറി. പെരുമ്പാവൂരിൽ മഴയ്ക്കൊപ്പം എത്തിയ കാറ്റിൽ വൻ മരങ്ങൾ കടപുഴകി വീണ് എം സി റോഡിലടക്കം ഗതാഗതം തടസ്സപ്പെട്ടു. കോഴിക്കോട് എടച്ചേരിയില്‍ രണ്ട് വീടുകള്‍ തകര്‍ന്നു.

തിരുവനന്തപുരത്ത് ഇന്നലെ രാത്രി ശക്തമായ മഴയായിരുന്നു. ബോണക്കാട് എസ്റ്റേറ്റിലെ 111 തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിച്ചു. വിഴിഞ്ഞത്ത് നിന്ന് മീന്‍ പിടിക്കാന്‍ പോയി കാണാതായ മൂന്ന് പേരെ തമിഴ്നാട്ടിലെ തേങ്ങാപ്പട്ടണത്ത് കണ്ടെത്തി. പോത്തന്‍കോട് സ്വകാര്യ ഹോട്ടലിന്‍റെ മതില്‍ തകര്‍ന്നുവീണ് വീടിന് കേടുപാട് പറ്റി. കൊല്ലം ജില്ലയില്‍  വിവിധ സ്ഥലങ്ങളിലായി കാറ്റില്‍ മരം ഒടിഞ്ഞ് വീണ് മൂന്ന് വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.

മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി കാരാപ്പുഴ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ മെയ് 17 ന് രാവിലെ 10 മുതല്‍ അഞ്ച് സെന്‍റി മീറ്റര്‍ വീതം തുറന്ന് ജലം പുറത്തേക്ക് വിടും. പുഴയിലെ നീരൊഴുക്ക് വര്‍ദ്ധിക്കുന്നതിനും ജലനിരപ്പ് 65 മുതല്‍ 85 സെ.മീ. വരെ ഉയരുന്നതിനും സാധ്യതയുള്ളതിനാല്‍ കാരാപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week