സംസ്ഥാനത്ത് കനത്ത മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായി സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

നാളെ കണ്ണുര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.തിങ്കളാഴ്ച കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള- ലക്ഷദ്വീപ് തീരങ്ങളിലും തെക്ക്- കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.

ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി മൂന്നാര്‍ ഗ്യാപ് റോഡില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. വലിയ പാറകള്‍ റോഡിലേക്ക് നിലംപതിച്ചതോടെ വഴി പൂര്‍ണമായും അടഞ്ഞ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഇടിഞ്ഞ സ്ഥലത്ത് തന്നെയാണ് ഇടിഞ്ഞിരിക്കുന്നത്. ബൈസണ്‍വാലിക്ക് പോകുന്ന ജംക്ഷനില്‍ നിന്നും ഏകദേശം 100 മീറ്റര്‍ അകലെയാണ് രാത്രി 11 മണിയോടെ മലയിടിച്ചിലുണ്ടായത്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയില്‍ മഴ തുടരുകയാണ്.

അതേസമയം, ഗുലാബ് ചുഴലിക്കാറ്റ് വടക്ക്പടിഞ്ഞാറ് മേഖലയിലേക്ക് നീങ്ങി. 95 കിലോമീറ്റര്‍ വേഗതയില്‍ കരതൊട്ട ചുഴലിക്കാറ്റിന്റെ ശക്തി പുലര്‍ച്ചെയോടെ കുറഞ്ഞു. ചുഴലിക്കാറ്റില്‍ ആന്ധ്രപ്രദേശില്‍ രണ്ട് മത്സ്യതൊഴിലാളികള്‍ മരിച്ചു. ഒരാളെകാണാതായി. കനത്ത മഴയില്‍ ഗുജറാത്തില്‍ ഒരാള്‍ മരിച്ചു. ബനാസ്‌കാന്ത ജില്ലയിലാണ് ഒരാള്‍ മരിച്ചത്. ഒഡീഷയില്‍ 6 ജില്ലകളില്‍ നിന്നായി 39000ത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. ഭുവനേശ്വര്‍ വഴിയുള്ള ട്രെയിന്‍ സര്‍വ്വിസുകള്‍ റദ്ദാക്കി.

ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് ബുധനാഴ്ചവരെ വിലക്കുണ്ട്. ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍, തെലുങ്കാന, ചത്തിസ്ഗഡ് എന്നിവിടങ്ങളില്‍ മഴ ശക്തമാണ്. മഹാരാഷ്ട്രയുടെ വിവിധ മേഖലകളില്‍ കനത്ത മഴ തുടരുന്നു. മുംബൈ, പൂനെ, പാല്‍ഗട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തരേന്ത്യയിലും പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്.