ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്നു. പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപംകൊണ്ടു. വെള്ളപ്പൊക്കത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഞായറാഴ്ച രാവിലെ മുതല്‍ ഡല്‍ഹിയില്‍ കനത്ത മഴ തുടരുകയാണ്. നിരവധി റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പലയിടങ്ങളിലും ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.
അടുത്ത മൂന്ന് മണിക്കൂര്‍ ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഡല്‍ഹിയോട് ചേര്‍ന്ന് കിടക്കുന്ന ഫരീദാബാദ്, ഗാസിയബാദ്, നോയിഡ, മീററ്റ്, ഗുരുഗ്രാം, സോണിപത്, റോത്തക്, ഹന്‍സി, ആദംപുര്‍, ഹിസര്‍, ജിന്ദ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുമെന്നും അറിയിപ്പുണ്ട്.
വെള്ളക്കെട്ടില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ അഗ്നി രക്ഷാ സേനയുടെയും മറ്റും ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഡല്‍ഹിയില്‍ മഴ ജൂലായ് 21 വരെ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.