കൊച്ചി: ദത്ത് വിവാദത്തില്‍ നിയമവശങ്ങള്‍ വിശദീകരിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. സര്‍ക്കാര്‍ സംവിധാനം ഭരണഘടനാപരമായും നിയമപരമായും ചെയ്യേണ്ട പണികള്‍, ഉത്തരവാദിത്തം ചെയ്യാന്‍ വീഴ്ച വരുത്തുകയോ മനപൂര്‍വ്വം ചെയ്യാതിരിക്കുകയോ ചെയ്യുന്നതാണ് മിക്കതിന്റെയും പ്രശ്‌നകാരണമെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഏതെങ്കിലും സ്റ്റേറ്റ് ഏജന്‍സിക്ക് നിയമനടപടികളേപ്പറ്റി അറിവില്ലായ്മ ആണെങ്കില്‍ പൊറുക്കാം, തിരുത്താം. ഇരിക്കുന്നവര്‍ രണ്ടാമതൊരു തെറ്റു ചെയ്യാത്ത വിധം നിയമനടപടികള്‍ പഠിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
അനുപമയും ദത്തെടുത്ത മാതാപിതാക്കളും തമ്മിലല്ല ഡിസ്പ്യൂട്ട്. കുറെ വര്‍ഷമായി ഒരു ഭരണഘടനാ കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന, മനുഷ്യരുടെ മൗലികാവകാശം ലംഘിക്കപ്പെടുന്ന ആയിരക്കണക്കിന് കേസുകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന അനുഭവത്തില്‍ പറയുന്നതാണ്.
സര്‍ക്കാര്‍ സംവിധാനം ഭരണഘടനാപരമായും നിയമപരമായും ചെയ്യേണ്ട പണികള്‍, ഉത്തരവാദിത്തം ചെയ്യാന്‍ വീഴ്ച വരുത്തുകയോ മനപൂര്‍വ്വം ചെയ്യാതിരിക്കുകയോ ചെയ്യുന്നതാണ് മിക്കതിന്റെയും പ്രശ്‌നകാരണം. എന്നിട്ട്, അതിന്റെ ബെനഫിഷ്യറിയും ഇരയും തമ്മിലടിക്കാന്‍ സ്റ്റേറ്റ് അവസരമുണ്ടാക്കും. അവരില്‍ ആര്‍ക്കാണ് നീതി നിഷേധിക്കപ്പെട്ടത് എന്ന ചോദ്യം സത്യത്തില്‍ അപ്രസക്തമാണ്. അസംബന്ധവുമാണ്.
കൃത്യസമയത്ത് നിയമമനുസരിച്ച് പ്രവര്‍ത്തിക്കാത്ത ഓരോ അതോറിറ്റിയും, തെറ്റായ തീരുമാനം എടുക്കുക വഴി രണ്ട് ഇരകളെ ആണ് ഉണ്ടാക്കുന്നത്. ഒന്ന്, ഉത്തരവിലൂടെ നീതി നിഷേധിക്കപ്പെട്ട ആദ്യ ഇര. രണ്ട്, തെറ്റായ ഉത്തരവ് വഴി ഒരു അവകാശം കിട്ടുകയും അതുവഴി അനാവശ്യമായി കോടതിയിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും സ്വാഭാവികമായി ആ ഉത്തരവ് കോടതി റദ്ദാക്കുമ്പോള്‍, കിട്ടിയ അവകാശം ഇല്ലാതാകുകയും ചെയ്യുന്ന ബെനഫിഷ്യറി.
സ്റ്റേറ്റിന്റെ ഓരോ ഏജന്‍സിയുടെയും ഫങ്ഷനിലും ഭരണഘടനാപരമോ, സ്റ്റാറ്റിയൂട്ടറിയോ, അഡ്മിനിസ്ട്രേറ്റീവോ ആയ ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. ഇതില്‍ ഏതൊക്കെ അധികാരങ്ങള്‍ എങ്ങനെയൊക്കെ ആണ് ഉപയോഗിക്കേണ്ടത് എന്നതിനെ സംബന്ധിച്ച്, അതത് കസേരകളില്‍ ഇരിക്കുന്ന ആളുകള്‍ക്ക് പലപ്പോഴും ധാരണയുമില്ല. മിക്കതും മുന്‍വിധികളോ, അധികാരദുരൂപയോഗമോ, സ്വജനപക്ഷപാതപരമോ ആകാം.
തെറ്റായ ഉത്തരവുകള്‍ റദ്ദാക്കുന്ന കോടതി അത്തരം ഉത്തരവുകള്‍ ആവര്‍ത്തിക്കാതെ ഇരിക്കാന്‍ പലതും പണ്ടൊക്കെ ചെയ്യാറുണ്ട്. ഏതെങ്കിലും സ്റ്റേറ്റ് ഏജന്‍സിക്ക് നിയമനടപടികളേപ്പറ്റി അറിവില്ലായ്മ ആണെങ്കില്‍ പൊറുക്കാം, തിരുത്താം. ഇരിക്കുന്നവര്‍ രണ്ടാമതൊരു തെറ്റു ചെയ്യാത്ത വിധം നിയമനടപടികള്‍ പഠിക്കാന്‍ തയ്യാറാകണം. ഉത്തരവിട്ടവര്‍ ട്രെയിനിങ്ങിന് പോകാന്‍ പറയണം.
അതല്ല, തെറ്റ് ദുരൂപദിഷ്ടമാണെങ്കില്‍ അത്തരം അതോറിറ്റികളെ, അതായത് അതിലിരുന്നു തെറ്റു ചെയ്ത വ്യക്തികളെ അക്കൗണ്ടബിള്‍ ആക്കണം. അവര്‍ക്കെതിരായി എന്ത് നടപടി സ്വീകരിച്ചു എന്നു സ്റ്റേറ്റ് പറയണം. ഭരണം എന്നാല്‍ അധികാരം മാത്രമല്ല, ഉത്തരവാദിത്തം കൂടിയാണ് എന്നു അത്തരം ഏത് കസേരയില്‍ ഇരിക്കുന്ന ഓരോരുത്തര്‍ക്കും തൊലിയില്‍ത്തട്ടി തോന്നണം. വില്ലേജ് ഓഫീസ് മുതല്‍ സെന്‍ട്രല്‍ ക്യാബിനറ്റ് സെക്രട്ടറി വരെയും പഞ്ചായത്ത് മെമ്പര്‍ മുതല്‍ പ്രധാനമന്ത്രി വരെയും ഉള്ള, ഖജനാവില്‍ നിന്ന് ഒരുരൂപ വാങ്ങുന്ന എല്ലാവര്‍ക്കും ഇതു ബോധ്യമുണ്ടാകണം. കൃത്യസമയത്ത്, നീതിപൂര്‍വ്വകമായ തീരുമാനം എടുക്കുക എന്ന കടമയില്‍ വീഴ്ച വരുത്തിയാല്‍ അത് മനഃപൂര്‍വ്വമല്ല എന്നു തെളിയിക്കേണ്ട ബാധ്യത അവരില്‍ ആയിരിക്കണം. ഇതൊരു ക്ലെന്‍സിങ് പ്രോസസ് ആണ്. സിസ്റ്റം കറക്ഷന്‍. ഭാവിയില്‍ രണ്ടുപൗരന്മാരെക്കൂടി കോടതിയിലേക്ക് അനാവശ്യമായി വലിച്ചിഴയ്ക്കാതിരിക്കാനുള്ള ഒരു മുന്‍കരുതല്‍.
ദൗര്‍ഭാഗ്യകരം എന്നു പറയട്ടെ, ജുഡീഷ്യറി കുറച്ചുകാലമായി ഈ making the State Machinary accountable എന്ന പരിപാടി ചെയ്തു കാണാറില്ല. പകരം, പലപ്പോഴും, തെറ്റായ ഉത്തരവുകള്‍ ഇനിയും ഉണ്ടാകട്ടെയെന്നും പൗരന്മാര്‍ അതിന്മേല്‍ തമ്മിലടിക്കട്ടെയെന്നും തോന്നുമാറുള്ള ഒരു കാഷ്വല്‍ attitude എടുത്തു കാണാറുണ്ട്. കൃത്യന്തരബാഹുല്യമോ ഡിസ്‌പോസല്‍ പ്രഷറോ ആകാം കാരണം. റിട്ടില്‍ സ്റ്റേറ്റിനെയും പൗരനെയും ഒരുപോലെ കാണേണ്ട കോടതികള്‍ സ്‌റേറ്റിന് അനുകൂലമായി അന്യായമാകുംവിധം ചെരിയുന്നത് പലപ്പോഴും വിസിബിളുമാണ്.
രണ്ടായാലും സ്റ്റേറ്റിന്റെ ഫങ്ഷന്‍ നിറവേറ്റുള്ള വ്യക്തികളെ അക്കൗണ്ടബിള്‍ ആക്കാനുള്ള പ്രോസസ് ഇല്ലായെങ്കില്‍ ഒരേ കുഞ്ഞിനുവേണ്ടി അനുപമയും ദത്തെടുത്ത മാതാപിതാക്കളും കോടതി കയറുന്ന പോലുള്ള സ്ഥിതി ഉണ്ടാകും. ദത്തെടുക്കല്‍ നടപടികള്‍ നീതിപൂര്വകമായി പാലിക്കാതെ കുട്ടിയെ നല്‍കിയ കുറ്റം സ്റ്റേറ്റിന്റെ ആണ്. ദേഷ്യം തോന്നേണ്ടത് അവരോട് മാത്രമാണ്. ഇരുവശത്തും ഉള്ള ഇരകളോടല്ല. ഇക്കാര്യത്തില്‍, Shahina K K ഇട്ട പോസ്റ്റിനോട് യോജിച്ചുകൊണ്ട് ഇത്രയും പറയണമെന്ന് തോന്നി.