കൊച്ചി:ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ, പ്രിയദർശൻ കൂട്ടുക്കെട്ടിലെ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. കഴിഞ്ഞ വർഷം മാർച്ചിലാണ് റിലീസ് പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് കൊവിഡും ലോക്ഡൗണും കാരണം സിനിമാ ഇൻഡസ്ട്രി തന്നെ അവതാളത്തിലായി. നിലവിൽ ഓഗസ്റ്റ് 12ന് ഓണം റിലീസ് ആയി ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുമാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഈ അവസരത്തിൽ ഹരീഷ് പേരടി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ചിത്രം എന്ന സിനിമ ഇറങ്ങുന്നതിനുമുമ്പായിരുന്നു തൻ്റെ സിനിമാ ജീവിതത്തിൽ ഇത്രയും ആത്മ ധൈര്യമുണ്ടായിരുന്ന സമയമെന്നും ഇന്ന് തന്റെ ആത്മ ധൈര്യം അതിൻ്റെ ഇരട്ടിയിലാണെന്നും പ്രിയദർശൻ തന്നോട് പറഞ്ഞതായി ഹരീഷ് കുറിക്കുന്നു. പ്രിയദർശൻ 45തവണയാണ് ചിത്രം കണ്ടെതെന്നും നടൻ കുറിക്കുന്നു.
ഹരീഷ് പേരടിയുടെ വാക്കുകൾ
വിവിധ ഭാഷകളിലായി 90ൽ അധികം സിനിമകൾ സംവിധാനം ചെയ്ത ഇൻഡ്യയിലെ ഈ വലിയ സംവിധായകൻ ഈ ലോക്ക്ഡൗൺ കാലത്ത് എന്നെ വിളിച്ചിരുന്നു…45 തവണ മരക്കാർ എന്ന അദ്ദേഹത്തിൻ്റെ സ്വപ്നം ആവർത്തിച്ച് കണ്ടെന്നും,ചിത്രം എന്ന സിനിമ ഇറങ്ങുന്നതിനുമുമ്പായിരുന്നു തൻ്റെ സിനിമാ ജീവിതത്തിൽ ഇത്രയും ആത്മ ധൈര്യമുണ്ടായിരുന്ന സമയമെന്നും,ഇന്നെൻ്റെ ആത്മ ധൈര്യം അതിൻ്റെ ഇരട്ടിയിലാണെന്നും,
പിന്നെ ഈ പാവപ്പെട്ടവൻ്റെ കഥാപാത്രമായ മങ്ങാട്ടച്ഛനെ മൂപ്പർക്ക് വല്ലാതങ്ങ് ബോധിച്ചെന്നും,പ്രത്യേകിച്ച് ലാലേട്ടനും വേണുചേട്ടനുമായുള്ള സീനുകൾ എന്നും എടുത്ത് പറഞ്ഞു…മകൾ കല്യാണിയുടെ പ്രത്യേക സന്തോഷവും അറിയിച്ചു…മതി..പ്രിയൻ സാർ..1984-ൽ ഒന്നാം വർഷ പ്രിഡിഗ്രിക്കാരനായ ഞാൻ കോഴിക്കോട് അപ്സരാ തിയ്യറ്ററിലെ ഏറ്റവും മുന്നിലുള്ള ഒരു രുപാ ടിക്കറ്റിലിരുന്ന് “പൂച്ചക്കൊരുമുക്കുത്തി” കണ്ട് ആർമാദിക്കുമ്പോൾ എൻ്റെ സ്വപ്നത്തിൽ പോലുമില്ലാത്ത വലിയ ഒരു അംഗീകാരമാണ് ഇത്…
നാടകം എന്ന ഇഷ്ട്ടപ്പെട്ട മേഖലയിൽ പ്രത്യേകിച്ച് സ്വപ്നങ്ങളൊന്നും കാണാതെ അഭിനയം ഉരുട്ടി നടക്കുന്നവനെ സ്വപ്നങ്ങൾ തേടി വരുമെന്ന വലിയ പാഠം പറഞ്ഞ് തന്നതിന്..ജീവിതത്തിലെ മുഴുവൻ സമയവും സിനിമയുമായി ഇണചേരുന്ന ദൃശ്യ വിസ്മയങ്ങളുടെ മാന്ത്രികാ..തിരിച്ച് തരാൻ സ്നേഹം മാത്രം…
മോഹൻലാൽ പ്രിയദർശൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസിനൊരുങ്ങുകയാണ്.കേരളത്തിൽ മാത്രം 600 തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം. കൊവിഡ് പ്രതിസന്ധി കാരണം പലതവണ റിലീസ് മാറ്റിവച്ച ചിത്രം ആഗസ്റ്റ് 12ന് റിലീസ് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. മരയ്ക്കാർ റിലീസായി മൂന്നാഴ്ചയോളം മറ്റ് ചിത്രങ്ങൾ റിലീസ് ചെയ്യില്ല. മൂന്നാഴ്ച കഴിഞ്ഞ് ഒ.ടി.ടി പ്ളാറ്റ് ഫോമിലും ചിത്രം റിലീസ് ചെയ്യും.
ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഒാർഗനൈസേഷനു (ഫിയോക്ക് ) മായും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നടന്ന ചർച്ചയിലാണ് മരയ്ക്കാർ റിലീസ് ചെയ്ത് മൂന്നാഴ്ചത്തേക്ക് മറ്റ് ചിത്രങ്ങളുടെ റിലീസ് മാറ്റിവയ്ക്കാൻ തീരുമാനമായത്.മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് മരയ്ക്കാർ. 100 കോടിയോളമാണ് ചിത്രത്തിന്റെ ബഡ്‌ജറ്റ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന മരയ്ക്കാറിന്റെ സഹനിർമ്മാതാക്കൾ കോൺഫിഡന്റ് സി.ജെ. റോയിയും മൂൺ ഷോട്ട് എന്റർടെയ്‌ൻമെന്റ്സ് സന്തോഷ് ടി. കുരുവിളയുമാണ്.
2020 മാർച്ച് 20ന് റിലീസ് ചെയ്യാൻ നിശ്ചയിച്ചിരുന്ന മരയ്ക്കാർ മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദ്ര എന്നീ ഭാഷകളിലും ഒരുങ്ങുന്നുണ്ട്. മോഹൻലാലിനൊപ്പം പ്രഭു അർജുൻ, കിച്ച സുദീപ്, സുനിൽ ഷെട്ടി, മഞ്ജുവാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സുഹാസിനി, മുകേഷ്, നെടുമുടിവേണു, സിദ്ദിഖ് തുടങ്ങി ഒരു വമ്പൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.വൻ മുതൽമുടക്കിലൊരുങ്ങി രണ്ടു വർഷത്തോളമായി റിലീസിന് കാത്തിരിക്കുന്നതിനാലാണ് മരയ്ക്കാറിനൊപ്പം മറ്റ് ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടെന്ന തീരുമാനം നിർമ്മാതാക്കളുടെയും തിയേറ്ററുടമകളുടെയും സംഘടനകൾ കൈക്കൊണ്ടത്.
സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്ന തിയേറ്ററുകൾ എന്നുമുതൽ തുറന്ന് പ്രവർത്തിക്കാമെന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും അടുത്ത മാസത്തോടെ പ്രദർശനം പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.2019 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ മരയ്ക്കാരെ കേരളത്തിനകത്തും പുറത്തുമുള്ള സിനിമാപ്രേമികൾ ആവേശപൂർവ്വമാണ് കാത്തിരിക്കുന്നത്. പ്രിയദർശന്റെ മകൻ സിദ്ധാർത്ഥാണ് മരയ്ക്കാറിന്റെ വിഷ്വൽ ഇഫക്ട്സ് കൈകാര്യം ചെയ്യുന്നത്. മരയ്ക്കാറിലൂടെ സിദ്ധാർത്ഥും ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു