FootballNewsSports

വെയ്ൽസിനെ തകർത്ത് ഡെൻമാർക്ക് യൂറോ ക്വാർട്ടറിൽ

ആംസ്റ്റർഡാം: 2020 യൂറോകപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ ടീം എന്ന നേട്ടം സ്വന്തമാക്കി ഡെന്മാർക്ക്. പ്രീ ക്വാർട്ടറിൽ കരുത്തരായ വെയ്ൽസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്താണ് ഡെന്മാർക്ക് അവസാന എട്ടിൽ എത്തിയത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയാണ് ഡെന്മാർക്ക് കഴിഞ്ഞ യൂറോകപ്പിലെ സെമി ഫൈനലിസ്റ്റുകളായ വെയ്ൽസിനെ മടക്കിയയച്ചത്.

ഡെന്മാർക്കിനായി യുവതാരം കാസ്പെർ ഡോൾബെർഗ് ഇരട്ട ഗോളുകൾ നേടിയപ്പോൾ യോക്കിം മേൽ, മാർട്ടിൻ ബ്രാത്ത്വെയ്റ്റ് എന്നിവരും സ്കോർ ചെയ്തു. മത്സരത്തിൽ മികച്ച ഒരു ഗോളവസരം പോലും സൃഷ്ടിക്കാതെയാണ് ഗരെത് ബെയ്ലും സംഘവും മടങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റുതുടങ്ങിയ ഡെന്മാർക്ക് അത്ഭുതകരമായ പ്രകടനമാണ് പ്രീക്വാർട്ടറിൽ കാഴ്ചവെച്ചത്.

ഡെന്മാർക്ക് രണ്ടും വെയ്ൽസ് മൂന്നും മാറ്റങ്ങളുമായാണ് ഇന്ന് കളിക്കാനിറങ്ങിയത്.തുല്യശക്തികളുടെ പോരാട്ടമായതിനാൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. 12-ാം മിനിട്ടിൽ വെയ്ൽസ് നായകൻ ഗരെത് ബെയ്ലിന്റെ മികച്ച ഒരു ലോങ്റേഞ്ചർ ഡെന്മാർക്ക് പോസ്റ്റിനെ തൊട്ടുരുമ്മിക്കൊണ്ട് കടന്നുപോയി. 17-ാം മിനിട്ടിൽ വെയ്ൽസിന്റെ ഡാനിയൽ ജെയിംസിന്റെ ലോങ്റേഞ്ചർ ഡെന്മാർക്ക് ഗോൾകീപ്പർ ഷ്മൈക്കേൽ കൈയ്യിലൊതുക്കി.

ആക്രമണങ്ങൾക്ക് വെയ്ൽസാണ് മുന്നിട്ടുനിന്നതെങ്കിലും ബെയ്ലിനെയും സംഘത്തെയും ഞെട്ടിച്ചുകൊണ്ട് ഡെന്മാർക്ക് മത്സരത്തിൽ ലീഡെടുത്തു. 27-ാം മിനിട്ടിൽ യുവതാരം കാസ്പെർ ഡോൾബെർഗാണ് ടീമിനായി ഗോൾ നേടിയത്. ഡാംസ്ഗാർഡിൽ നിന്നും പന്ത് സ്വീകരിച്ച ഡോൾബെർഗ് അതിമനോഹരമായി പന്ത് വലയിലെത്തിച്ചു. ബോക്സിന് പുറത്തുനിന്നും താരമെടുത്ത കിക്ക് മഴവില്ലുപോലെ വളഞ്ഞ് ഗോൾകീപ്പർ വാർഡിനെ മറികടന്ന് വലയിലെത്തി. 1992 ന് ശേഷം യൂറോ കപ്പ് നോക്കൗട്ട് റൗണ്ടിൽ ഡെന്മാർക്ക് നേടുന്ന ആദ്യ ഗോളാണിത്.

ഗോൾ നേടിയതോടെ ഡെന്മാർക്ക് ആക്രമണത്തിന് ശക്തി കൂട്ടി. 32-ാം മിനിട്ടിൽ ഡോൾബെർഗിന് വെൽസ് ബോക്സിനകത്തുവെച്ച് സുവർണാവസരം ലഭിച്ചെങ്കിലും ഇത്തവണ താരത്തിന് ലക്ഷ്യം കാണാൻ സാധിച്ചില്ല. തൊട്ടുപിന്നാലെ ഗോളെന്നുറച്ച ഒരു ഷോട്ട് രക്ഷപ്പെടുത്തി വാർഡ് വെയ്ൽസിന്റെ രക്ഷകനായി.

40-ാം മിനിട്ടിൽ വെയ്ൽസിന്റെ വിശ്വസ്തനായ പ്രതിരോധതാരം കോണർ റോബർട്സ് പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയായി. ആദ്യ മിനിട്ടുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത വെയ്ൽസ് ഗോൾ വഴങ്ങിയതോടെ പ്രതിരോധത്തിലായി. 45-ാം മിനിട്ടിൽ ഡെന്മാർക്കിന്റെ മേലിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് പോസ്റ്റിന് വെളിയിലേക്ക് പോയി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വെയ്ൽസിന്റെ നെഞ്ചിൽ തീകോരിയിട്ട് കാസ്പെർ ഡോൾബെർഗ് വീണ്ടും ഗോൾ നേടി. ഇത്തവണ വെയ്ൽസ് പ്രതിരോധതാരം നെക്കോ വില്യംസിന്റെ പിഴവിൽ നിന്നും പന്ത് പിടിച്ചെടുത്ത ഡോൾബെർഗ് 48-ാം മിനിട്ടിലാണ് ഗോൾ നേടിയത്.

പന്തുമായി ബോക്സിലേക്ക് കുതിച്ച ഡെന്മാർക്കിന്റെ ബ്രാത്ത്വെയ്റ്റ് മികച്ച ഒരു ക്രോസ് നൽകി. എന്നാൽ ക്രോസ് നെരെയെത്തിയത് നെക്കോ വില്യംസിന്റെ കാലിലാണ്. എന്നാൽ പന്ത് ക്ലിയർ ചെയ്യുന്നതിൽ താരം പിഴവുവരുത്തി. വില്യംസിന്റെ ക്ലിയറൻസ് നെരെയെത്തിയത് ഡോൾബെർഗിന്റെ കാലുകളിലാണ്. അവസരം മുതലാക്കിയ താരം ഗോൾകീപ്പർ വാർഡിന് ഒരു അവസരവും നൽകാതെ പന്ത് വലയിലെത്തിച്ച് രണ്ടാം ഗോൾനേട്ടം ആഘോഷിച്ചു.

ഗോൾ വഴങ്ങിയതിനുപിന്നാലെ വെയ്ൽസ് ആക്രമിച്ചുകളിച്ചു. 53-ാം മിനിട്ടിൽ ബെയ്ലിന് മികച്ച അവസരം ലഭിച്ചെങ്കിലും ഗോൾ നേടാനായില്ല. 63-ാം മിനിട്ടിൽ വെയ്ൽസിന്റെ ജോ അലന്റെ ലോങ്റേഞ്ചർ ഡെന്മാർക്ക് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. വെയ്ൽസ് മുന്നേറ്റനിരയിൽ ആരോൺ റാംസിയും ഡാനിയേൽ ജെയിംസുമെല്ലാം ഫോമിലേക്കുയരാതെപോയി. മികച്ച പ്രകടനം കാഴ്ചവെച്ച ഡെന്മാർക്ക് പ്രതിരോധനിരയും വെയ്ൽസിനെ ഗോൾ നേടുന്നതിൽ നിന്നും തടഞ്ഞു.

80-ാം മിനിട്ടിൽ വെയ്ൽസ് ബോക്സിന് തൊട്ടുവെളിയിൽ നിന്നും ഡെന്മാർക്കിന് ഫ്രീകിക്ക് ലഭിച്ചു. എന്നാൽ ബ്രാത്ത്വെയ്റ്റ് എടുത്ത കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു.82-ാം മിനിട്ടിൽ ഡെന്മാർക്കിന്റെ മേൽ മികച്ച അവസരം പാഴാക്കി.86-ാം മിനിട്ടിൽ ബ്രാത്ത്വെയ്റ്റ് എടുത്ത കിക്ക് വെയ്ൽസ് പോസ്റ്റിലിടിച്ച് മടങ്ങി. പന്ത് സ്വീകരിച്ച ആൻഡേഴ്സന് പന്ത് വലയിലെത്തിക്കാൻ സാധിച്ചില്ല. എന്നാൽ 88-ാം മിനിട്ടിൽ ഡെന്മാർക്ക് മത്സരത്തിലെ മൂന്നാം ഗോൾ നേടി.

ഇത്തവണ യോക്കിം മേലാണ് ഡാനിഷ് ടീമിനായി ഗോൾ നേടിയത്. ബോക്സിനകത്തുവെച്ച് യെൻസണിൽ നിന്നും പന്ത് സ്വീകരിച്ച മേൽ പ്രതിരോധതാരങ്ങളെ കബിളിപ്പിച്ച് ഗോൾകീപ്പർ വാർഡിനെ മറികടന്ന് പന്ത് വലയിലെത്തിച്ചു. ഇതോടെ ഡെന്മാർക്ക് വിജയമുറപ്പിച്ചു.89-ാം മിനിട്ടിൽ വെയ്ൽസിന്റെ ഹാരി വിൽസൺ ചുവപ്പുകാർഡ് കണ്ട് പുറത്തായി. 90-ാം മിനിട്ടിൽ ഡെന്മാർക്കിനായി മാർട്ടിൻ ബ്രാത്ത്വെയ്റ്റ് നാലാം ഗോൾ നേടി. കോർണലിയസിന്റെ പന്ത് സ്വീകരിച്ച താരം ലക്ഷ്യം കണ്ടെങ്കിലും ആദ്യം റഫറി ഓഫ്സൈഡ് വിളിച്ചു.എന്നാൽ വാറിന്റെ സഹായത്തോടെ പിന്നീട് ഗോൾ അനുവദിച്ചതോടെ ഡെന്മാർക്ക് 4-0 എന്ന സ്കോറിന് മുന്നിലെത്തി. പിന്നാലെ മത്സരം അവസാനിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker