കോഴിക്കോട്: കെപിസിസി പ്രസിഡന്റ് ആയി ചുമതലയേറ്റ കെ. സുധാകരന് അഭിനന്ദനങ്ങളറിയിച്ച് നടന്‍ ഹരീഷ് പേരടി. കെ. സുധാകരന്‍ കോണ്‍ഗ്രസിനെ ശുദ്ധീകരിക്കണമെന്നും ആത്മാര്‍ഥമായി പണിയെടുക്കണമെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.
‘സുധാകരേട്ടാ…ആത്മാര്‍ത്ഥമായി പണിയെടുക്കുക…കോണ്‍ഗ്രസിനെ ശുദ്ധീകരിക്കുക…കോണ്‍ഗ്രസിനെ നിലനിര്‍ത്തുക…. ഞങ്ങള്‍ക്ക് രാഷ്ട്രീയം പറയാന്‍ കോണ്‍ഗ്രസ് ഇവിടെ വേണം…അഭിവാദ്യങ്ങള്‍.’-ഹരീഷ് പേരടി കുറിച്ചു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേരിട്ട വലിയ തോല്‍വിക്ക് പിന്നാലെ ഉയര്‍ന്ന അനിശ്ചിതത്വത്തിന് ഒടുവിലാണ് കെപിസിസി പ്രസിഡന്റ് ആയി സുധാകരനെത്തുന്നത്.
ഹൈക്കമാന്റിന്റേതാണ് തീരുമാനം. രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് കെ. സുധാകരനെ ഹൈക്കമാന്‍ഡിന്റെ തീരുമാനം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലും ഡല്‍ഹിയിലും കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കെ. സുധാകരന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചത്.
താരിഖ് അന്‍വര്‍ നേരത്തെ കേരളത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തിയിരുന്നു. ഇതില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന എഴുപത് ശതമാനം നേതാക്കളും കെ സുധാകരന്‍ അധ്യക്ഷനാകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. ശേഷം, പിന്തുണ മാനിച്ച് കെ സുധാകരനെ പ്രഖ്യാപിക്കുകയായിരുന്നു.
സുധാകരന്റെ കണ്ണൂര്‍ ശൈലി കോണ്‍ഗ്രസിനെ കരകയറ്റുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്. കേരള രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കരുത്തുറ്റ മുഖമാണ് കെ സുധാകരന്‍. കേരള രാഷ്ട്രീയത്തില്‍ ഏറ്റവും ജനപിന്തുണയുള്ള നേതാവ്. പ്രവര്‍ത്തകരെ അവേശം കൊള്ളിക്കുന്ന വാഗ്മി. വര്‍ഗ്ഗീയ ഫാസിസ്റ്റുകളോട് നിരന്തരം പോരാട്ടം നടത്തുന്ന തികഞ്ഞ മതേതരവാദി. എതിരാളികള്‍ പോലും സമ്മതിക്കുന്ന രാഷ്ട്രീയ വ്യക്തിത്വം. ഉറച്ച നിലപാടുകളുള്ള രാഷ്ട്രീയ യോദ്ധാവ് തുടങ്ങിയ വിശേഷണങ്ങള്‍ ഉള്ള നേതാവ് കൂടിയാണ് കെ സുധാകരന്.