KeralaNews

‘അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് എന്‍.ഒ.സി കിട്ടിയിട്ടു വേണ്ട എനിക്കു ബി.ജെ.പിയിലേക്ക് പോകാന്‍’; എം.എ ബേബിക്ക് മറുപടിയുമായി കെ സുധാകരന്‍

കണ്ണൂര്‍: ഇടതുപക്ഷത്തിന്റെ എന്‍.ഒ.സി കിട്ടിയിട്ടു വേണ്ട തനിക്കു ബി.ജെ.പിയില്‍ ചേരാനെന്നു നിയുക്ത കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. ആര്‍.എസ്.എസിനോടു ഒത്തുതീര്‍പ്പു നടത്തുന്ന ഒരു കോണ്‍ഗ്രസ് നേതാവാണു പുതിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെന്ന സി.പി.ഐ.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

താന്‍ ആര്‍.എസ്.എസിലേക്കു പോകുമെന്നതു തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ടു കൈവരിക്കാന്‍ പോകുന്ന നേട്ടങ്ങള്‍ ഓര്‍ത്തുകൊണ്ടുള്ള സി.പി.ഐ.എമ്മിന്റെ ആശങ്ക മാത്രമാണെന്നും സുധാകരന്‍ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

‘എം.എ. ബേബി മാത്രമല്ല, പലരും പറഞ്ഞിട്ടുണ്ട് ഞാന്‍ ആര്‍.എസ്.എസിലേക്കു പോകുമെന്ന്. അത് അവരുടെ ആശങ്കയാണ്. എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ടു കോണ്‍ഗ്രസ് കൈവരിക്കാന്‍ പോകുന്ന നേട്ടങ്ങളുടെ ആശങ്കയാണ്. സി.പി.ഐ.എമ്മിന്റെ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് എന്‍.ഒ.സി വാങ്ങിയിട്ടു വേണ്ട എനിക്കു ബി.ജെ.പിയിലേക്ക് പോകാന്‍,’ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ ജനിച്ചു, കോണ്‍ഗ്രസില്‍ വളര്‍ന്നു, കോണ്‍ഗ്രസില്‍ മരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകനായിരിക്കും താന്‍ എന്നു ജനമധ്യത്തില്‍ പറഞ്ഞിട്ടുള്ള കാര്യമാണെന്നും സുധാകരന്‍ പറഞ്ഞു. ‘എന്റെ നിലപാട് എന്നോ പ്രഖ്യാപിച്ചതാണ്. കോണ്‍ഗ്രസില്‍ ജനിച്ചു, കോണ്‍ഗ്രസില്‍ വളര്‍ന്നു, കോണ്‍ഗ്രസില്‍ മരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകാനാണ് ഞാന്‍ എന്നു ജനമധ്യത്തില്‍ പറഞ്ഞിട്ടുണ്ട്. സി.പി.ഐ.എം അത് ആശങ്കയോടെയാണു കാണുന്നത്. കാരണം കേരളത്തിലെ കോണ്‍ഗ്രസിന് കൈവരിക്കാന്‍ സാധിക്കുന്ന കഴിവിനെയും ശേഷിയെയും പ്രതിരോധ ശക്തിയെയും ഭയപ്പെടുന്നവരാണു സി.പി.ഐ.എം.,’ സുധാകരന്‍ പറഞ്ഞു.

സി.പി.ഐ.എം. നേരത്തെയും തന്നെ തേജോവധം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉണര്‍ന്നാല്‍ സി.പി.ഐ.എമ്മിന് പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. കെ.പി.സി.സി. അധ്യക്ഷനായി കെ. സുധാകരന്‍ എം.പി.യെ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു എം.എ ബേബിയുടെ പ്രതികരണം.

ആര്‍.എസ്.എസുമായി നിരന്തരം രഹസ്യധാരണകള്‍ ഉണ്ടാക്കുന്ന നേതാവായാണു സുധാകരന്‍ അറിയപ്പെടുന്നത്. അദ്ദേഹം ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍.എസ്.എസിനെ ശക്തമായി എതിര്‍ക്കുന്ന, വര്‍ഗീയതയോട് ഒട്ടും സന്ധിചെയ്യാത്ത ഒരു നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസിനു കഴിയാതെ പോയതു ദൗര്‍ഭാഗ്യകരമായെന്നും എം.എ. ബേബി പറഞ്ഞു.

ആര്‍.എസ്.എസിനോടും വര്‍ഗീയതയോടും ഒത്തുതീര്‍പ്പുണ്ടാക്കുന്ന ഒരു നേതാവിനെ കേരളത്തിലെ പ്രസിഡന്റ് ആക്കുന്നതിലൂടെ എന്തു സന്ദേശമാണ് ഇന്ന് കോണ്‍ഗ്രസ് നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയത്തിന്റെ പേരില്‍ അക്രമം നടത്തുന്നതില്‍ സുധാകരന്‍ കേരളത്തിലെ ആര്‍.എസ്.എസിനെ അനുകരിക്കുക മാത്രമല്ല അവരുടെ സഹായം തേടുകയും ചെയ്തിട്ടുണ്ട്. സുധാകരന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വരുന്നത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടും. അത് ആര്‍.എസ്.എസ് സംഘടനകളുടെ വളര്‍ച്ചയ്ക്കു കാരണമാകുമോ എന്ന ആശങ്ക ജനാധിപത്യവാദികള്‍ക്കുണ്ടെന്നും എം.എ. ബേബി പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker