മാംസാഹാരം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച് ബി.ജെ.പി നേതാവ്; സംഭവം വിവാദത്തില്‍

അഹമ്മദാബാദ്: ജീവിതത്തില്‍ ഒരിക്കലും മാംസാഹാരം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് പ്രതിജ്ഞ ചെയ്യിപ്പിച്ച് ഗുജറാത്ത് സ്പീക്കറും ബിജെപി നേതാവുമായ രാജേന്ദ്ര ത്രിവേദി. അഹമ്മദാബാദില്‍ ശ്രീനാരായണ കള്‍ച്ചര്‍ മിഷന്‍ നടത്തുന്ന സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെക്കൊണ്ടാണ് ജീവിതത്തിലൊരിക്കലും മാംസാഹാരം കഴിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യിപ്പിച്ചത്. മാംസാഹാരം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നാണ് ത്രിവേദിയുടെ വിചിത്രവാദം. കണ്ണടച്ച് ജനിച്ചവരെല്ലാം മാംസാഹാരികളാണെന്നും അദ്ദേഹം പറഞ്ഞു.

‘ഒരിക്കലും നമ്മള്‍ മാംസാഹാരം കഴിക്കരുതെന്നാണ് ഇന്ത്യന്‍ സംസ്‌കാരം പറയുന്നത്. നമ്മള്‍ സസ്യാഹാരികളായിരിക്കണം. എന്തുകൊണ്ട് ? നമ്മുടെ ഋഷി വര്യന്‍മാര്‍ പറഞ്ഞിട്ടുണ്ട്. പൂച്ചക്കുട്ടി ജനിക്കുമ്പോള്‍ അതിന്റെ കണ്ണുകള്‍ അടഞ്ഞിരിക്കും. പട്ടിക്കുട്ടികള്‍ ജനിക്കുമ്പോഴും കണ്ണുകള്‍ അടഞ്ഞിരിക്കും. കടുവയുടെയും പുലിയുടെയും കുട്ടികള്‍ ജനിക്കുന്നതും അടഞ്ഞ കണ്ണുകളോടെയാണ്. എന്നാല്‍ മനുഷ്യക്കുട്ടികള്‍ ജനിക്കുന്നത് കണ്ണുകള്‍ തുറന്നാണ്. അതുകൊണ്ട് നമ്മള്‍ മാംസാഹാരം കഴിക്കരുത്. ഇതാണ് പ്രകൃതി നമ്മെ പഠിപ്പിക്കുന്നത്’ ത്രിവേദി കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News