News

ഗോഡ്‌സെയുടെ പേരില്‍ ആരംഭിച്ച ലൈബ്രറി അടച്ചു പൂട്ടി; പുസ്തകങ്ങള്‍ പിടിച്ചെടുത്തു

ഭോപ്പാല്‍: രാഷ്ട്രപിതാവ് മഹാത്മഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെയുടെ പേരില്‍ ആരംഭിച്ച ലൈബ്രറി ജില്ലാ ഭരണകൂടം അടച്ചു പൂട്ടി. ഹിന്ദു മഹാസഭയുടെ ഗ്വാളിയോറിലെ ഓഫീസില്‍ ആരംഭിച്ച ലൈബ്രറി പ്രവര്‍ത്തനം ആരംഭിച്ച് രണ്ടു ദിവസത്തിന് ശേഷമാണ് അടച്ചു പൂട്ടിയത്.

ലൈബ്രറിയിലെ പുസ്തകങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു. ലൈബ്രറിക്കെതിരെ പ്രതിഷേധവുമായി നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. അതേസമയം, ഹിന്ദു മഹാസഭാ നേതാക്കളുമായി കൂടിയാലോചിച്ചാണ് ലൈബ്രറി പൂട്ടിയതെന്ന് ഗ്വാളിയോര്‍ സൂപ്രണ്ട് അമിത് സംഘി പറഞ്ഞു. ജനുവരി 10നാണ് ഗോഡ്‌സെയുടെ പേരില്‍ ഹിന്ദു മഹാസഭ ലൈബ്രറി ആരംഭിച്ചത്. ഗാന്ധി വധത്തിലേക്ക് ഗോഡ്‌സയെ നയിച്ച കാരണങ്ങളും പ്രസംഗങ്ങളും ലേഖനങ്ങളും ഉള്‍പ്പെട്ട കൃതികളാണ് ലൈബ്രറിയിലുള്ളത്.

ഗോഡ്‌സെയായിരുന്നു യഥാര്‍ഥ രാജ്യസ്‌നേഹിയെന്ന് ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കാനാണ് ലൈബ്രറി നിര്‍മിച്ചതെന്നും ഗോഡ്‌സെ മരിച്ചത് ഇന്ത്യാ വിഭജനത്തിനെതിരായി നിന്നത് കൊണ്ടാണെന്നും ഹിന്ദു മഹാസഭാ വൈസ് പ്രസിഡണ്ട് ജൈവീര്‍ ഭരദ്വാജ് പറഞ്ഞു. രാജ്യം ഭരിക്കാനുള്ള ആഗ്രഹം നിറവേറ്റാന്‍ വേണ്ടി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും മുഹമ്മദലി ജിന്നയുടേയും ആവശ്യപ്രകാരമാണ് ഇന്ത്യാ വിഭജനമുണ്ടായതെന്നും ഭരദ്വാജ് പറഞ്ഞു.

വായനശാലയില്‍ പുസ്തകങ്ങളുടെ അനാവരണം സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23ന് നടത്തുമെന്ന് ഹിന്ദു മഹാസഭ അറിയിച്ചിരുന്നു. നേരത്തെ, ഗോഡ്‌സെയുടെ പേരില്‍ ഹിന്ദു മഹാസഭ ക്ഷേത്രവും നിര്‍മിച്ചിരുന്നു. 1948 ജനുവരി 30 നാണ് ഗോഡ്‌സെ, ഗാന്ധിയെ വെടിവെച്ചുകൊല്ലുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker