മുംബൈ: നീലച്ചിത്രക്കേസില്‍ അറസ്റ്റ് ഒഴിവാക്കുന്നതിന് മുംബൈ പോലീസ് 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടിരുന്നെന്ന വെളിപ്പെടുത്തലുമായി നടി ഗഹന വസിഷ്ട്. വ്യവസായിയും ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയ്ക്കും നിര്‍മാതാവ് ഏക്താ കപൂറിനുമെതിരേ മൊഴി നല്‍കാനും സമ്മര്‍ദമുണ്ടായിരുന്നെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗഹന ആരോപിച്ചു.
നീലച്ചിത്രക്കേസില്‍ ഗഹന വസിഷ്ഠ് എന്ന വന്ദന തിവാരിയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, പണം നല്‍കിയാല്‍ അറസ്റ്റ് ഒഴിവാക്കാമെന്നായിരുന്നു മുംബൈ പോലീസിന്റെ വാഗ്ദാനം എന്നാണു നടി വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം, തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നതുകൊണ്ട് താന്‍ കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ചതായും നടി പറയുന്നു.
നീലച്ചിത്രക്കേസില്‍ രാജ് കുന്ദ്ര തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും അതിനാലാണ് ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തേണ്ടിവന്നതെന്നും മുംബൈ പൊലീസ് അറിയിച്ചു. 19ന് കുന്ദ്രയുടെ വസതിയിലും ഓഫീസിലിലും പരിശോധനയ്ക്ക് എത്തുമ്പോള്‍ തെളിവു നശിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹവും സംഘവുമെന്നും മറ്റു വഴിയില്ലാതെ വന്നതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അന്വേഷണസംഘം പറഞ്ഞു. തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കുന്ദ്രയാണ് മുഖ്യ സൂത്രധാരനെന്നും പോലീസ് പറഞ്ഞു.