28.9 C
Kottayam
Tuesday, May 21, 2024

അജ്ഞാത പരാതികളില്‍ പരിശോധന വേണ്ട, വ്യവസായ സ്ഥാപനങ്ങളിലെ റെയ്ഡുകള്‍ക്ക് കേന്ദ്രീകൃത സംവിധാനം; മാര്‍ഗനിര്‍ദേശമിറക്കി

Must read

തിരുവനന്തപുരം: പഞ്ചായത്തുകളിലെയും നഗരസഭകളിലെയും കേന്ദ്രീകൃത പരിശോധനാ സംവിധാനത്തെക്കുറിച്ച് മാര്‍ഗനിര്‍ദേശമിറക്കി തദ്ദേശ വകുപ്പ്. സംസ്ഥാനത്തു വ്യവസായ സൗഹൃദ അന്തരീക്ഷമില്ലെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മാര്‍ഗനിര്‍ദേശമിറക്കിയത്. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണു നടപടിയെന്നാണ് ഉത്തരവില്‍ പറയുന്നത്. പേരും വിലാസവും വെളിപ്പെടുത്താത്ത അടിസ്ഥാനമില്ലാത്ത പരാതികളില്‍ വ്യവസായ സ്ഥാപനത്തില്‍ നിരന്തരം പരിശോധന നടത്തുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

പരിശോധന നടത്തുന്ന വിവരം സ്ഥാപന ഉടമയെ മുന്‍കൂട്ടി അറിയിക്കണമെന്നും പരാതിയുടെ പകര്‍പ്പ് ആവശ്യപ്പെട്ടാല്‍ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. പരിശോധനയുടെ വിഡിയോ റെക്കോര്‍ഡിങ് നടത്താം. വിഡിയോ റെക്കോര്‍ഡിങ്ങിന് ഉടമയെയും അനുവദിക്കാം. പരിശോധനയുടെ മഹസര്‍/റിപ്പോര്‍ട്ട് തയാറാക്കി സ്ഥാപന ഉടമയ്ക്കു പകര്‍പ്പ് നല്‍കണം. പരിശോധനയില്‍ പരാതി കെട്ടിച്ചമച്ചതോ വ്യക്തിവിദ്വേഷത്തിന്റെ അടിസ്ഥാനത്തിലുള്ളതോ ആണെന്നു ബോധ്യമായാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശം.

പരിശോധനയ്ക്കുള്ള സോഫ്റ്റ്വെയര്‍ സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനോ ഇന്‍ഫര്‍മേഷന്‍ കേരള മിഷനോ വികസിപ്പിച്ചു നല്‍കണം. ഒരു സ്ഥാപനത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ തന്നെ തുടര്‍ച്ചയായി പരിശോധിക്കുന്നത് ഒഴിവാക്കണം. ഒന്നിലധികം തവണ പരിശോധിക്കുകയാണെങ്കില്‍ വ്യത്യസ്ത ഉദ്യോഗസ്ഥരെ നിയോഗിക്കണം. സെക്രട്ടറിയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആണ് പരിശോധിക്കേണ്ടത്. ഇത്തരം ഉദ്യോഗസ്ഥരുടെ പട്ടിക സെക്രട്ടറി തയാറാക്കി അതില്‍ നിന്നു ക്രമത്തില്‍ നിയോഗിക്കണം.

മാലിന്യ പരിപാലനം, ശുചീകരണം തുടങ്ങി നഗരസഭകളുടെ പരിധിയില്‍ വരുന്ന വിഷയങ്ങള്‍ മാത്രം പരിശോധിക്കാനാണ് അറിയിച്ചിരിക്കുന്നത്. അതേസമയം മനുഷ്യജീവന് ആപത്തുണ്ടാകുന്ന സംഭവങ്ങളിലെ അടിയന്തര പരിശോധനകള്‍ക്ക് ഈ നിര്‍ദേശങ്ങള്‍ ബാധകമല്ല. പുതിയ സ്ഥാപനങ്ങള്‍ക്കും സേവനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും ലൈസന്‍സ് നല്‍കുമ്പോള്‍ സ്ഥലപരിശോധന വേണ്ടെന്നും നിര്‍ദേശമുണ്ട്. നഗരസഭകളില്‍ അഞ്ച് ദിവസത്തിനകവും പഞ്ചായത്തുകളില്‍ ഏഴ് ദിവസത്തിനകവും ലൈസന്‍സ് നല്‍കാനാണ് അറിയിച്ചിരിക്കുന്നത്.

നിയമങ്ങള്‍ പാലിക്കുമെന്ന സാക്ഷ്യപത്രം അപേക്ഷകന്‍ ലൈസന്‍സിനായി സമര്‍പ്പിക്കണം. മൂന്ന് മാസത്തിനകം പരിശോധന നടത്തി നിയമലംഘനങ്ങള്‍ ഇല്ലെന്ന് ഉറപ്പാക്കണം.വലിയ വ്യവസായശാലയ്‌ക്കോ ഫാക്ടറിക്കോ ഉള്ള ലൈസന്‍സ് അപേക്ഷയില്‍ 30 ദിവസത്തിനകം നഗരസഭ കൗണ്‍സില്‍ തീരുമാനമെടുക്കുന്നതിനു പുറമേ ആവശ്യമെങ്കില്‍ സ്ഥലപരിശോധന നടത്താം. നിലവില്‍ ലൈസന്‍സ് ഉള്ള ലോ റിസ്‌ക് വിഭാഗത്തിലെ സ്ഥാപനങ്ങളില്‍ മൂന്ന് വര്‍ഷം കൂടുമ്പോഴും മീഡിയം വിഭാഗത്തില്‍ രണ്ട് വര്‍ഷത്തിലൊരിക്കലും ഹൈ റിസ്‌കില്‍ വര്‍ഷത്തില്‍ ഒരു തവണയുമാകണം പരിശോധന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week