31.7 C
Kottayam
Saturday, May 11, 2024

ഷാൻ വധക്കേസ് പ്രതി ഉൾപ്പെടെയുള്ള ഗുണ്ടാ സംഘം പിടിയിൽ; പ്രതികളെ പിടികൂടിയത് വീട് വളഞ്ഞ്

Must read

ആലപ്പുഴ∙ ഗുണ്ടാനേതാവിന്റെ ജന്മദിനാഘോഷത്തിന് എത്തിയ 10 പേര്‍ കായംകുളത്തു പിടിയില്‍. എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസില്‍ ജാമ്യത്തിലുള്ള പ്രതി അതുലും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുപ്രസിദ്ധ ഗുണ്ടയായ നിധീഷിന്റെ പിറന്നാള്‍ ആഘോഷത്തിനിടെ പൊലീസ് വീടുവളഞ്ഞാണ് ഗുണ്ടകളെ പിടികൂടിയത്. ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസൻ വധക്കേസിന്റെ വിധി വന്നതിനു പിന്നാലെ, ഷാൻ വധക്കേസിൽ ജ്യാമ്യത്തിലുള്ള പ്രതിയായ മണ്ണഞ്ചേരി സ്വദേശി അതുൽ ഉൾപ്പെടെയുള്ളവർ ഒത്തുകൂടിയത് അതീവ ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്. 

ഗുണ്ടാ നേതാവ് നെടുവക്കാട്ട് നിതീഷ് കുമാർ (36), മണ്ണഞ്ചേരി ഒറ്റക്കണ്ടത്തിൽ അതുൽ (29), പത്തിയൂർ വിനീത് ഭവനം വിജീഷ് (30), കൃഷ്ണപുരം പുത്തൻപുര തെക്കേതിൽ അനന്ദു (20), മുളകുവള്ളി കുത്തനാപ്പിള്ളിൽ അലൻ ബെന്നി (27), തൃക്കല്ലൂർ വാലത്ത് പ്രശാൽ (29), കീരിക്കാട് വഞ്ചിയൂർ ഹബീസ് (32), പത്തിയൂർക്കാല വിമൽഭവനിൽ വിഷ്ണു (33), ചേരാവള്ളി കണ്ണങ്കര സെയ്ഫുദ്ദീൻ (38), മുട്ടം രാജേഷ് ഭവനം രാജേഷ് കുമാർ (45) എന്നിവരാണ് അറസ്റ്റിലായത്.

ഇവർക്കൊപ്പം ഉണ്ടായിരുന്ന കുപ്രസിദ്ധ ഗുണ്ടയും കൊലപാതക കേസിലെ പ്രതിയുമായ മാട്ട കണ്ണൻ, കുപ്രസിദ്ധ ഗുണ്ടകളായ തക്കാളി ആഷിഖ്, വിഠോബ ഫൈസൽ, ഡെയ്ഞ്ചർ അരുൺ, മയക്കുമരുന്ന് വിൽപന സംഘത്തിൽപ്പെട്ട ഗുണ്ടകളായ മോട്ടി എന്നു വിളിക്കുന്ന അമൽ ഫാറൂഖ് സേട്ട്, വിജയ്, കാർത്തികേയൻ എന്നിവർ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. ഗുണ്ടകൾ വന്ന വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.

ഇവരുടെ ഒത്തുചേരലിനു പിന്നിൽ മറ്റു ലക്ഷ്യങ്ങളുണ്ടോയെന്ന് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കായംകുളം ഡിവൈഎസ്പി അജയ്നാഥിന്റെ മേൽനോട്ടത്തിൽ കായംകുളം സിഐ ഗിരിലാൽ, കരീലക്കുളങ്ങര സിഐ സുനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വീടു വളഞ്ഞ് ഗുണ്ടാ സംഘത്തെ പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week