ന്യൂഡല്‍ഹി: എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരും നാളെ (ഫെബ്രുവരി 7) മുതല്‍ ജോലിക്കായി ഓഫീസില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. കോവിഡ് കേസുകളില്‍ കുറവ് വന്നതിനാല്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
‘കൊവിഡ് വ്യാപനം സംബന്ധിച്ച് സ്ഥിതിഗതികള്‍ ഇന്ന് അവലോകനം ചെയ്തു. രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും പോസിറ്റിവിറ്റി നിരക്കിലെ കുറവും കണക്കിലെടുത്ത് നാളെ മുതല്‍ ഓഫീസുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ തീരുമാനിച്ചു. എല്ലാ വിഭാഗം ജീവനക്കാരും ഓഫീസുകളില്‍ നേരിട്ടെത്തണം. യാതൊരു ഇളവുകളും അനുവദിക്കില്ല. ഫെബ്രുവരി ഏഴ് മുതല്‍ ഈ ഉത്തരവ് പ്രാബല്യത്തില്‍ വരും’- മന്ത്രി പറഞ്ഞു.
ജീവനക്കാര്‍ മാസ്‌ക് ധരിക്കുന്നുവെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പാക്കണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. കൊവിഡ് പ്രോട്ടോക്കോളില്‍ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡ് ബാധിതരുടെ എണ്ണം പെരുകിയതോടെ ജനുവരി മൂന്നിനാണ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം കൊണ്ടുവന്നത്. അണ്ടര്‍ സെക്രട്ടറി തലത്തിന് താഴെയുള്ള 50 ശതമാനം ജീവനക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.
ആദ്യം ജനുവരി 31 വരെയായിരുന്നു ഈ സംവിധാനം അനുവദിച്ചിരുന്നത്. എന്നാല്‍, രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന കണക്കിലെടുത്ത് വര്‍ക്ക് ഫ്രം ഹോം ക്രമീകരണം ഫെബ്രുവരി 15 വരെ നീട്ടിയിരുന്നു. നിലവില്‍ കൊവിഡ് കുറഞ്ഞതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.