KeralaNews

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാലുമാസം കൂടി തുടരും

തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കുടുംബങ്ങള്‍ക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാലുമാസം കൂടി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയുള്ള ദിവസങ്ങളിലും കൊവിഡ് 19 ശക്തമായി തുടരുമെന്നതിനാല്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് നേരിട്ട് തന്നെ പരമാവധി സമാശ്വാസ സഹായങ്ങള്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. നമ്മുടെ നാട്ടില്‍ ഒരാളും പട്ടിണി കിടക്കാന്‍ പാടില്ല. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വളരെയേറെ പ്രശംസ പിടിച്ചുപറ്റിയതാണ് ഭക്ഷ്യകിറ്റ് വിതരണം.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ 86 ലക്ഷം കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത്. ഈ ഓണക്കാലത്ത് 88 ലക്ഷം കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുകയാണ്. ഇത് ഇവിടെ അവസാനിക്കുകയല്ല. ഈ ഭക്ഷ്യകിറ്റ് വിതരണം അടുത്ത നാല് മാസം തുടരും. റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ ചെയ്യുന്നതുപോലെ തന്നെയാകും വിതരണം ചെയ്യുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത 100 ദിവസങ്ങളില്‍ പൂര്‍ത്തീകരിക്കുന്നതും, തുടക്കം കുറിക്കാനാകുന്നതുമായി കര്‍മ പദ്ധതി പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി.

കര്‍ക്കിടകം പഞ്ഞമാസമാണെന്നാണല്ലോ സാധാരണ പറയാറ്. ആ പഞ്ഞ മാസത്തെ നമ്മള്‍ മറികടക്കുന്നത് അതിനപ്പുറത്ത് ഒരു പൊന്‍ചിങ്ങവും അതിന്റെ ഭാഗമായി തിരുവോണവും ഉണ്ടെന്ന പ്രത്യാശകൊണ്ടാണ്. ഇന്നത്തെ ദുഃഖപൂര്‍ണമായ കൊവിഡ് കാലത്തെ നമ്മള്‍ മറികടക്കുന്നതും ഇതിനപ്പുറത്ത് സൗഖ്യപൂര്‍ണമായ ഒരു നല്ലകാലമുണ്ടെന്ന പ്രത്യാശകൊണ്ടാണ്. അതുകൊണ്ടാണ് കൊവിഡ് മഹാമാരിയെ മുറിച്ചുകടക്കാന്‍ ഉപയുക്തമാകുന്ന 100 ദിന കര്‍മ പരിപാടികള്‍ ആവിഷ്‌കരിക്കുന്നത്.

ഈ മഹാമാരിക്കിടയിലും സന്തോഷകരമായ ഓണം മലയാളികള്‍ക്ക് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. കൊവിഡിനെ പ്രതിരോധിച്ചുകൊണ്ടുതന്നെ ജീവിതത്തെയും മുന്നോട്ട് കൊണ്ടുപോവുകയാണ് നാം. പകര്‍ച്ചവ്യാധി നമ്മുടെ സമൂഹത്തിലും സമ്പദ്ഘടനയിലും ഗൗരവമായ തകര്‍ച്ച സൃഷ്ടിച്ചു. ഒരു നവകേരളം സൃഷ്ടിക്കുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി മുന്നേറുമ്പോഴാണ് ഈ മഹാവ്യാധി നേരിടേണ്ടി വന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker