കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം പ്രളയ ഭീതിയില്‍. ഇടതടവില്ലാതെ പെയ്യുന്ന മഴയില്‍ മീനച്ചിലാറ്റില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയം നഗരത്തില്‍ വെള്ളം കയറി. പേരൂര്‍, നീലിമംഗലം, നാഗമ്പടം മേഖലയില്‍ വെള്ളം ഉയരുകയാണ്. വൈക്കം, ചങ്ങനാശേരി, കോട്ടയം താലൂക്കുകളില്‍ സ്ഥിതിയും രൂക്ഷമാണ്.
പാലമുറിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് ഇന്ന് പുലര്‍ച്ചെ കാണാതായത്. മീനച്ചിലാറിന്റെ കൈവഴിയില്‍ നിന്നാണ് കുത്തൊഴുക്കുണ്ടായത്. ഒഴുക്കില്‍പ്പെട്ട കാര്‍ കരയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.
മഴ വീണ്ടും ശക്തിപ്പെട്ടതോടെ ജില്ലയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ചെങ്ങളം, കിളിരൂര്‍, മലരക്കില്‍, കാഞ്ഞിരം, കുമ്മനം, കളരിക്കല്‍, മണിയല, മറ്റത്തില്‍ തുടങ്ങിയ പ്രദേശങ്ങളിലെ മുഴുവന്‍ പുരയിടങ്ങളും വെള്ളത്തിലായി. കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന് ജനങ്ങളെ മാറ്റിക്കൊണ്ടിരിക്കുകയാണ്.