25.5 C
Kottayam
Thursday, May 9, 2024

കേരളത്തില്‍ കഴിഞ്ഞ പ്രളയത്തിന് കാരണമായ കാലാവസ്ഥാ ഘടകങ്ങള്‍ രൂപപ്പെട്ടതായി വിലയിരുത്തല്‍; പ്രളയ ഭീതിയില്‍ സംസ്ഥാനം

Must read

തിരുവനന്തപുരം: കാലവര്‍ഷം കനത്തതോടെ കഴിഞ്ഞ വര്‍ഷം പ്രളയത്തിന് കാരണമായ കാലാവസ്ഥാ ഘടകങ്ങള്‍ സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുള്ളതായി വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ തുടര്‍ച്ചയായി ദിവസങ്ങളോളം മഴ തകര്‍ത്ത് പെയ്തതോടെയാണ് കേരളം പ്രളയത്തിന്റെ പിടിയിലമര്‍ന്നത്. എന്നാല്‍ പ്രാദേശികമായ വെള്ളപ്പൊക്കങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ സാധ്യതയെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. 23 ഓടെ മഴയുടെ ശക്തി കുറയുമെന്നാണ് വിലയിരുത്തല്‍.

അറബിക്കടലില്‍ നിന്നുള്ള കാറ്റ് സംസ്ഥാനത്തിന് കുറുകെ വീശിത്തുടങ്ങിയതോടെയാണ്, ദുര്‍ബലമായിരുന്ന മഴയുടെ ശക്തിപ്രാപിച്ചത്. മഴയെത്തിക്കുന്ന ആഗോള മഴപ്പാത്തി ഇപ്പോള്‍ കേരളത്തിനു മുകളിലാണെന്നുള്ളതും ഭീതി വര്‍ധിപ്പിക്കുന്നു. പശ്ചിമഘട്ടത്തിനു സമാന്തരമായി ഗോവ വരെ മഴപ്പാത്തി ചിറകുവിരിച്ചു നില്‍ക്കുകയാണ്. ഇതിനു പുറമേയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദത്തിനു മുന്നോടിയായ കാറ്റ് ശക്തപ്പെട്ടത്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ഇടുക്കിയിലും കാസര്‍കോടും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും 22ന് ഇടുക്കി, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട് ജില്ലയില്‍ അതീവജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്നും മുന്നറിയിപ്പുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week