24.6 C
Kottayam
Monday, May 20, 2024

രാജ്യത്തിന്റെ കടൽസമ്പത്തിലേക്ക് രണ്ടിനം മീനുകൾ കൂടി; സിഎംഎഫ്ആർഐ ഗവേഷകർ കണ്ടെത്തിയത് കോലാൻ വിഭാഗത്തിൽപ്പെട്ടവയെ

Must read

കൊച്ചി:ഇന്ത്യൻ സമുദ്രസമ്പത്തിലേക്ക് രണ്ടിനം മീനുകൾ കൂടി. കോലാൻ-മുരൽ വിഭാഗത്തിൽപെട്ട രണ്ട് പുതിയ മീനുകളെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന (സിഎംഎഫ്ആർഐ)ത്തിലെ ഗവേഷകരാണ് കണ്ടെത്തിയത്.

മീനുകളെ വിശദമായ ജനിതകപഠനത്തിനു വിധേയമാക്കിയശേഷമാണ് ഇവ ഇന്ത്യയിൽ ഇതുവരെ ശാസ്ത്രീയമായി വേറിട്ട് അടയാളപ്പെടുത്തിയിട്ടില്ലാത്തവയാണെന്നു കണ്ടെത്തിയത്. അബ്ലെന്നെസ് ജോസ്ബർക്മെൻസിസ്, അബ്ലെന്നെസ് ഗ്രേസാലി എന്നിങ്ങനെയാണ് പുതിയ മീനുകൾക്കു ശാസ്ത്രീയനാമം നൽകിയിരിക്കുന്നത്.

സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇ എം അബ്ദുസ്സമദിന്റെ നേതൃത്വത്തിൽ ഗവേഷണം നടത്തുന്ന ടോജി തോമസാണു മീനുകളെ കണ്ടെത്തിയത്. തമിഴ്നാട്ടിലെ തൂത്തുകുടിയിൽനിന്ന് പിടിച്ച മീനുകളിലാണ് പഠനം നടത്തിയത്.

ടോജിയുടെ അമ്മ ഗ്രേസിയുടെയും സുഹൃത്ത് അലീനയുടെയും പേരുകൾ ചേർത്താണ് അബ്ലെന്നെസ് ഗ്രേസാലിയെന്ന് ഒരു മീനിന് പേര് നൽകിയത്. മുൻപ് പഠിച്ച കലാലയത്തിന്റെയും അവിടെയുണ്ടായിരുന്ന അധ്യാപകന്റെയും പേരുകൾ അടിസ്ഥാനമാക്കി നൽകിയതാണ് അബ്ലെന്നെസ് ജോസ്ബർക്മെൻസിസ് എന്ന ശാസ്ത്രനാമം.

 സിഎംഎഫ്ആർഐയിലെ ​ഗവേഷകർ കണ്ടെത്തിയ കോലാൻ വിഭാ​ഗത്തിൽപ്പെട്ട അബ്ലെന്നെസ് ജോസ്ബർക്മെൻസിസ് മീൻ

സിഎംഎഫ്ആർഐയിലെ ​ഗവേഷകർ കണ്ടെത്തിയ കോലാൻ വിഭാ​ഗത്തിൽപ്പെട്ട അബ്ലെന്നെസ് ജോസ്ബർക്മെൻസിസ് മീൻ

ഉയർന്ന അളവിൽ മാംസ്യം അടങ്ങിയ ഈ മീനുകൾ പോഷകസമൃദ്ധവും ഏറെ രുചികരവുമാണ്. അതിനാൽ വാണിജ്യപ്രാധാന്യം കൂടുതലാണ്. പച്ചനിറത്തിലുള്ള മുള്ളുകളും കൂർത്ത ചുണ്ടുകളുമാണ് ഈ മീനുകൾക്ക്. ചൂണ്ടകളിലാണ് ഇവയെ പ്രധാനമായും പിടിക്കുന്നത്. വിപണിയിൽ കിലോയ്ക്ക് 400 രൂപ വരെ വിലയുണ്ട്.

പുതുതായി കണ്ടെത്തിയ കോലാൻ വിഭാ​ഗത്തിൽപ്പെട്ട അബ്ലെന്നെസ് ഗ്രേസാലി മീൻ

പുതുതായി കണ്ടെത്തിയ കോലാൻ വിഭാ​ഗത്തിൽപ്പെട്ട അബ്ലെന്നെസ് ഗ്രേസാലി മീൻ

കടലിന്റെ ഉപരിതലത്തിൽ തന്നെ കാണപ്പെടുന്ന ഈ മീനുകളെ തമിഴ്നാട് തീരങ്ങളിൽ ധാരാളമായി പിടിക്കുന്നുണ്ട്. ഈ വർഗത്തിൽ പെടുന്ന മറ്റ് മീനുകൾ കേരളത്തിലും ലഭ്യമാണ്. പുതുതായി കണ്ടെത്തിയ മീനുകളുടെ ലഭ്യത, മത്സ്യബന്ധനരീതികൾ എന്നിവയെക്കുറിച്ച് വിശദമായ പഠനങ്ങൾ ആവശ്യമാണ്. ഏറെ ആവശ്യക്കാരുള്ളതിനാൽ, ഇവയെ ലക്ഷ്യമിട്ടുള്ള മത്സ്യബന്ധനം കേരളത്തിന്റെ മത്സ്യമേഖലയ്ക്ക് ഗുണകരമാകുമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്.

പുതിയ മീനുകളെക്കുറിച്ചുള്ള പഠനം റീജണൽ സ്റ്റഡീസ് ഇൻ മറൈൻ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിഎംഎഫ്ആർഐയിലെ ഡോ. ഷിജിൻ അമേരി, ബദറുൽ സിജാദ്, ഡോ. കെ കെ സജികുമാർ എന്നിവരും ഗവേഷണത്തിൽ പങ്കാളികളായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week