പത്തനംതിട്ടയിൽ പിതാവ് കൊലപ്പെടുത്തിയ അഞ്ചു വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

പത്തനംതിട്ട : പത്തനംതിട്ടയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരി നേരിട്ടത് ക്രൂരമർദനമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമായത്. കുട്ടി ലൈംഗിക പീഡനത്തിനിരയായെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയുടെ രണ്ടാനച്ഛനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും.

കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട കുമ്പഴയിൽ അഞ്ച് വയസുകാരി മരിച്ചത്. രണ്ട് ദിവസമായി കുട്ടിയെ രണ്ടാനച്ഛൻ മർദിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. കുട്ടിയുടെ ശരീരത്തിൽ ചതവുകളും മുറിവുകളുമുണ്ടായിരുന്നു. പ്രതി മയക്കു മരുന്നിന് അടിമയാണ്.

കുമ്പഴാ കളീക്കപ്പടിക്കൽ വാടകയ്ക്ക് താമസിക്കുകയിരുന്നു സഞ്ജനയും മാതാപിതാക്കളും. സമീപത്തെ വീടുകളിൽ ജോലിക് പോകുന്ന അമ്മ കനക തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. അയൽവാസികളെ വിവരമറിയിച്ചതിനെ തുടർന്ന് കുഞ്ഞിനെ ജനറൽ ആശുപത്രയിലെത്തിച്ചു. പക്ഷേ ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുട്ടി മരിച്ചു.

കുട്ടിയെ നിരന്തരമായി രണ്ടാനച്ഛന്‍ അലക്സ് മർദ്ധിക്കുമെന്നാണ് അമ്മ കനക പൊലീസിന് നൽകിയിരിക്കുന്ന മൊഴി. കുട്ടിയുടെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുണ്ട്. തീപൊള്ളലേറ്റ പാടുകളും ദേഹത്ത് ഉണ്ട്. അമ്മ കനകയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അലക്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കസ്റ്റഡിയിൽ നിന്നും ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.

മദ്യ ലഹരിയിലായിരുന്ന പ്രതി അക്രമാസക്തം ആവുകയും പൊലീസ് ജീപ്പിന്‍റെ ചില്ലുകൾ അടിച്ച് തകർക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും പൊലീസ് കഞ്ചാവും കണ്ടെടുത്തു.